ന്യൂയോർക്ക്: യുഎസ് ഫെഡറൽ റിസർവ് മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ (100) ഇന്നലെ അന്തരിച്ചു. നാലു പ്രസിഡന്റുമാരുടെ കീഴിലായി അഞ്ചു തവണ ഫെഡറൽ റിസർവ് ചെയർമാനായിരുന്ന് യുഎസ് സാന്പത്തിക നയം നിയന്ത്രിച്ച സ്വാധീനശക്തിയായിരുന്നു ഗ്രീൻസ്പാൻ. അദ്ദേഹത്തിന്റെ മരണ വിവരം ഭാര്യ ആൻഡ്രിയ മിച്ചലാണ് അറിയിച്ചത്.
റൊണാൾഡ് റെയ്ഗൻ, ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റണ്, ജോർജ് ഡബ്ല്യു. ബുഷ് എന്നിവർ പ്രസിഡന്റായിരുന്ന കാലങ്ങളിലാണ് ഗ്രീൻസ്പാൻ ചെയർമാൻ പദവിയിൽ നിന്നത്. 1987 ഓഗസ്റ്റ് 11ന് ഫെഡ് ചെയർമാനായി സ്ഥാനമേറ്റ ഗ്രീൻസ്പാൻ 2006 ജനുവരി 31നാണ് അവസാന കാലാവധി പൂർത്തിയാക്കുന്നത്. അദ്ദേഹത്തിന്റെ സേവനകാലാവധി ചരിത്രത്തിൽ രണ്ടാം സ്ഥാനത്താണ്. 1951 മുതൽ 1970 വരെ സെൻട്രൽ ബാങ്കിന്റെ തലപ്പത്തിരുന്ന വില്യം മക്ചെസ്നി മാർട്ടിന്റെ കാലാവധിയേക്കാൾ വെറും നാലു മാസത്തെ കുറവ്.
യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സാന്പത്തിക വളർച്ചാ കാലഘട്ടങ്ങളിലൊന്നായ 1991 മുതൽ 2001 വരെയുള്ള മുന്നേറ്റ സമയത്ത് ഫെഡറലിന്റെ തലപ്പത്ത് അദ്ദേഹമായിരുന്നു. 1987ലെ ഓഹരി വിപണിയിലെ തകർച്ചയായ ‘ബ്ലാക്ക് മണ്ഡേ’ക്ക് ശേഷം വിപണിയെ സ്ഥിരപ്പെടുത്താൻ സഹായിച്ചതിലൂടെ, നിയമിതനായ ഉടൻ തന്നെ ഗ്രീൻസ്പാൻ പരക്കെ അംഗീകരിക്കപ്പെട്ടു. പിന്നീട്, ഡോട്ട്-കോം യുഗത്തിൽ ധനകാര്യ വിപണികളെക്കുറിച്ചുള്ള തന്റെ ‘ഇറാഷണൽ എക്സ്യുബറൻസ്’ (irrational exuberance- യുക്തി രഹിതമായ ആവേശം) എന്ന പരാമർശത്തിലൂടെ ഗ്രീൻസ്പാൻ കൂടുതൽ പ്രശസ്തനായി.
‘ഫെഡ്-സ്പീക്ക്’ (Fed-speak) എന്ന് വിളിക്കപ്പെടുന്ന, അതീവ ശ്രദ്ധയോടെയുള്ള അദ്ദേഹത്തിന്റെ പദപ്രയോഗങ്ങൾ കാരണം ഗ്രീൻസ്പാൻ ‘ദി മാസ്ട്രോ’ (The Maestro) എന്ന പേരിൽ പരക്കെ അറിയപ്പെട്ടു.
1926ൽ ന്യൂയോർക്കിൽ ജനിച്ച അദ്ദേഹം സാന്പത്തിക ശാസ്ത്രത്തിലേക്ക് തിരിയുന്നതിന് മുൻപ് തന്റെ വിദ്യാഭ്യാസം ആരംഭിച്ചത് സംഗീതത്തിലായിരുന്നു. പ്രസിഡന്റ് റെയ്ഗന്റെ കീഴിൽ ഫെഡറൽ റിസർവ് ചെയർമാനായി നിയമിതനാകുന്നതിന് മുൻപ്, പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ സാന്പത്തിക ഉപദേശക സമിതിയുടെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
സാന്പത്തിക വിജയങ്ങളുടെയും പ്രതിസന്ധികളുടെയും ഘട്ടങ്ങളിലൂടെ അമേരിക്കൻ സന്പദ്വ്യവസ്ഥയെ നയിക്കാൻ സഹായിച്ചതിന് അദ്ദേഹം പരക്കെ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, ധനകാര്യ മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി വാദിച്ചതുൾപ്പെടെ, 2007-08 ലെ ആഗോള സാന്പത്തിക പ്രതിസന്ധിക്ക് കാരണമായ സാഹചര്യങ്ങൾ സൃഷ്ടിച്ച ചില തീരുമാനങ്ങളുടെ പേരിൽ അദ്ദേഹം വിമർശിക്കപ്പെടുകയും ചെയ്തു.
ഈ സാന്പത്തിക പ്രതിസന്ധിക്ക് ശേഷം കോണ്ഗ്രസിൽ നൽകിയ മൊഴിയിൽ, തന്റെ സാന്പത്തിക അനുമാനങ്ങളിലെ പിഴവുകൾ ഗ്രീൻസ്പാൻ സമ്മതിക്കുകയും, ഈ തകർച്ചയെ ‘നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ക്രെഡിറ്റ് സുനാമി’ (once-in-a-century credit tsunami) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Tags : The Maestro Alan Greenspan passes away US Federal reserve