ഓസ്റ്റിൻ: യുഎസ് ഗ്രാൻപ്രി ഫോർമുല വൺ യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനവുമായി കിമി അന്റോനെല്ലി. ഒരു മിനിറ്റ് 34.035 സെക്കൻഡിൽ ലാപ്പ് പൂർത്തിയാക്കിയാണ് അന്റേനെല്ലി ഒന്നാമതെത്തിയത്. ഇതോടെ മെഴ്സിഡസിന്റെ യുവതാരം പോൾ പോസിഷനും സ്വന്തമാക്കി. റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ 0.179 സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഐസക് ഹദ്ജാർ മൂന്നാം സ്ഥാനം നേടി.
കരിയറിലെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് കിരീടം ലക്ഷ്യമിടുന്ന അന്റോനെല്ലിക്ക് യോഗ്യതാ മത്സരത്തിലെ നേട്ടം നിർണായകമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ റേസിൽ വിജയിക്കാനായാൽ കിരീടത്തിലേക്കുള്ള യാത്രയിൽ താരത്തിന് വലിയ മുന്നേറ്റം നടത്താനാകും. ഫ്രീ പ്രാക്ടീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫെറാറിക്ക് യോഗ്യതാ മത്സരത്തിൽ തിരിച്ചടിയേറ്റു. അവസാന റൗണ്ടായ ക്യുമൂന്നിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
അതേസമയം ചാമ്പ്യൻഷിപ്പ് പോയിന്റ് നിലയിലും അന്റോനെല്ലി മുന്നിലാണ്. താരത്തിന് നിലവിൽ 340 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള സഹതാരം ജോർജ് റസലിന് 238 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഫെറാറിയുടെ ലൂയിസ് ഹാമിൽട്ടണിന് 229 പോയിന്റുമാണുള്ളത്.