ടെഹ്റാൻ: ബഹറിനിലെ അമേരിക്കൻ റഡാർ തകർത്തതായി ഇറാനിലെ വിപ്ലവഗാർഡ്. ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ച ടാങ്കർ കപ്പൽ മൈനിൽ തട്ടി സ്ഫോടനം നേരിട്ടുവെന്നും വിപ്ലവഗാർഡ് അവകാശപ്പെട്ടു. ഈ രണ്ട് അവകാശവാദങ്ങളും അമേരിക്കയോ ബഹറിനോ സമുദ്ര നിരീക്ഷണ ഏജൻസികളോ സ്ഥിരീകരിച്ചിട്ടില്ല.
തെക്കൻ ഇറാനിലെ സിറിക് തുറമുഖത്ത് ടെലികമ്യൂണിക്കേഷൻ ടവറിനെ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തിയതിനു മറുപടിയായിട്ടാണ് ബഹറിനിലെ റഡാർ നശിപ്പിച്ചത്. അമേരിക്കയ്ക്കുള്ള ഗുരുതരമായ മുന്നറിയിപ്പാണ് ഈ ആക്രമണമെന്നും വിപ്ലവഗാർഡ് പറഞ്ഞു.
ഗൾഫ് മേഖലയിൽ ഇറാനെ നിശിതമായി വിമർശിക്കുന്ന രാജ്യങ്ങളിലൊന്നാണു ബഹറിൻ. അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ബഹറിനിലാണ്.
സെപ്റ്റംബറിനുശേഷം ബഹറിനിലുണ്ടാകുന്ന ആദ്യ ഇറേനിയൻ ആക്രമണമാണിത്. എൽപിജി ടാങ്കർ കപ്പലാണു ഹോർമുസിലെ മൈനിൽ തട്ടിയതെന്നും വിപ്ലവഗാർഡ് വ്യക്തമാക്കി. ഇറാൻ നല്കിയ മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പൽ യാത്ര തുടരുകയായിരുന്നു.