വാഷിംഗ്ടൺ ഡിസി: അമേരിക്കയ്ക്ക് പുറത്ത് എഐ ഡാറ്റാ സെന്ററുകൾ നിർമിക്കുന്ന യുഎസ് ടെക്നോളജി കന്പനികൾക്ക് വൻ നികുതി ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. വിദേശത്ത് ഇത്തരം സൗകര്യങ്ങൾ സ്ഥാപിച്ചാൽ ചൈനയ്ക്ക് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങളിലേക്കു പ്രവേശനം ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഡാറ്റാ സെന്റർ നിർമാണം മറ്റ് രാജ്യങ്ങളിലേക്കു മാറ്റാൻ അമേരിക്കൻ കന്പനികളെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഗോള എഐ മത്സരത്തിൽ അമേരിക്കൻ മുൻതൂക്കം നിലനിർത്താൻ ഈ അടിസ്ഥാനസൗകര്യങ്ങൾ യുഎസ് മണ്ണിൽത്തന്നെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വിദേശപദ്ധതികളുമായി മുന്നോട്ടുപോകുന്ന കന്പനികൾക്ക് കനത്ത സാന്പത്തികപിഴ നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.