എഡിൻബർഗ്: ടെക്സസ്, ഒക്ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാ രൂപതയിലുള്ള 10 ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഇന്റർ-പാരീഷ് സ്പോർട്സ് ഫെസ്റ്റ് (ഐപിഎസ്എഫ് 2026) ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ നടക്കും.
എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ മഹാമേള സംഘടിപ്പിക്കുന്നത്. ഓസ്റ്റിനിലെ "PSG ഗ്രൂപ്പ് ഓഫ് കമ്പനീസ്' ടൈറ്റിൽ സ്പോൺസറായും "Powered by Legacy Business Brokers' പങ്കാളിയായും എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടുകൂടിയുമാണ് കായികമേള അരങ്ങേറുന്നത്.
2007-ൽ ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നിട്ടുണ്ട്.
നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘടകർ വ്യക്തമാക്കി.
കായികമത്സരങ്ങൾക്കൊപ്പം വിശ്വാസം, കുടുംബസൗഹൃദം, സംസ്കാരം, യുവജനനേതൃത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും എഡിൻബർഗിലെ അന്താരാഷ്ട്ര നിലവാരമുള്ള വിവിധ കായികവേദികളിൽ നടക്കും.
ബിസിനസ് നെറ്റ്വർക്കിംഗും വിനോദസഞ്ചാരവും
Syro Faith & Business Connect: കായികമേളയോടൊപ്പം കത്തോലിക്കാ സമൂഹത്തിലെ പ്രഫഷണലുകളെയും സംരംഭകരെയും ഒരുമിപ്പിക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്വർക്കിംഗ് പരിപാടി ഓഗസ്റ്റ് എട്ടിന് നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള 75 തിരഞ്ഞെടുക്കപ്പെട്ട സംരംഭകർ ഇതിൽ പങ്കെടുക്കും.
RGV Gateway to the Stars: സന്ദർശകർക്കായി സാൻ യുവാൻ ബസിലിക്ക, സ്പേസ് എക്സ് സെന്റർ, സൗത്ത് പാഡ്രെ ഐലൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ടൂർ പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്.
മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും സംരംഭകർക്കുമായി വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.
ഐപിഎസ്എഫ്-2026 കമ്മിറ്റി ചെയർ റവ. ഫാ. ജോയി മൂലേച്ചാലിൽ, ജനറൽ കോഓർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് വടക്കയിൽ എന്നിവരുൾപ്പെടെയുള്ള ലീഡ് കോഓർഡിനേറ്റർമാർ വാർത്താസമ്മേളനത്തിലാണ് ഒരുക്കങ്ങൾ വിശദീകരിച്ചത്.
കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും സന്ദർശിക്കുക: www.ipsf-2026.com.