ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നുവെന്നും ആർഎസ്എസിനും റോയ്ക്കും ഉപരോധം ഏർപ്പെടുത്തണമെന്നുമുള്ള യുഎസ് സംഘടനയുടെ റിപ്പോർട്ടിൽ രാജ്യത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളുടെ പരാമർശങ്ങളും.
യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓണ്‍ ഇന്റർനാഷണൽ റിലീജസ് ഫ്രീഡത്തിന്റെ (യുഎസ്സിഐആർഎഫ്) 2026ലെ വാർഷിക റിപ്പോർട്ടിലാണ് കഴിഞ്ഞവർഷം രാജ്യത്തു ന്യൂനപക്ഷങ്ങൾക്കെതിരേയുണ്ടായ ആക്രമണങ്ങൾ പരാമർശിച്ചിരിക്കുന്നത്. പക്ഷപാതപരവും രാഷ്ട്രീപ്രേരിതവുമാണെന്നു വിശേഷിപ്പിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം റിപ്പോർട്ട് തള്ളിയിരുന്നു.
കഴിഞ്ഞവർഷം മാർച്ചിൽ മഹാരാഷ്ട്രയിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാൻ ആഹ്വാനം ചെയ്തതിനുശേഷമുണ്ടായ ആക്രമണങ്ങളും, ജൂണിൽ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിന് ഒഡീഷയിൽ 20 ക്രൈസ്തവ കുടുംബങ്ങളെ ആക്രമിച്ചതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പോലീസ് ഇടപെടൽ ഉണ്ടാകാത്ത അക്രമം മൂലം എട്ടുപേർ പരിക്കേറ്റ് ആശുപത്രിയിലായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കാഷ്മീരിൽ ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയായ ഭീകരാക്രമണത്തെത്തുടർന്ന് രാജ്യത്തു മുസ്ലിംകൾക്കെതിരേ ആക്രമണങ്ങളുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
മേയിൽ 15 ക്രൈസ്തവരടങ്ങുന്ന 40 രോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തുവെന്നും ബർമ തീരത്തിനടുത്ത് അന്താരാഷ്ട്ര സമുദ്രഭാഗത്ത് ഇവരെ എത്തിച്ചു ലൈഫ് വെസ്റ്റുകളുടെ മാത്രം സഹായത്തോടെ ബർമയിലേക്കു നീന്താൻ നിർബന്ധിച്ചുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പൗരർക്ക് ഇഷ്ടമുള്ള മതം വിശ്വസിപ്പിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പ് നൽകുന്നുണ്ടെങ്കിലും 2014 മുതൽ ബിജെപി മതന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് കർശനമായ നിയമനിർമാണങ്ങളും നയങ്ങളും നടപ്പിലാക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യത്തിന്റെ വികലമായ ചിത്രമാണു കമ്മീഷൻ അവതരിപ്പിച്ചിരിക്കുന്നതെന്നും വസ്തുനിഷ്ഠമായ സത്യങ്ങൾക്കു പകരം ചോദ്യം ചെയ്യപ്പെടുന്ന സ്രോതസുകളെയാണ് റിപ്പോർട്ട് ആശ്രയിച്ചിരിക്കുന്നതെന്നും വിമർശിച്ചായിരുന്നു കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് തള്ളിയത്.