വാഷിംഗ്ടൺ: യുഎസിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. മൂന്ന് പ്രമുഖ അഭിപ്രായ സർവേകളിലും ട്രംപിന്റെ ജനപ്രീതി 33 ശതമാനത്തിനും 36 ശതമാനത്തിനും ഇടയിലേക്ക് കൂപ്പുകുത്തി. രണ്ടാം ടേമിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഭരണപരമായ വീഴ്ചകൾ എന്നിവയിൽ ജനങ്ങൾക്കിടയിലുള്ള കടുത്ത അമർഷമാണ് ട്രംപിന് തിരിച്ചടിയായിരിക്കുന്നത്. എൻബിസി ന്യൂസ് ഡിസിഷൻ ഡെസ്ക് സർവേ പ്രകാരം ട്രംപിന്റെ ജനപ്രീതി 34 ശതമാനമായി കുറഞ്ഞപ്പോൾ, അദ്ദേഹത്തിനെതിരെയുള്ള അതൃപ്തി 66 ശതമാനമായി ഉയർന്നു.
സർവേയിൽ പങ്കെടുത്തവരിൽ 51 ശതമാനവും ട്രംപിന്റെ ഭരണത്തിൽ 'തീവ്രമായ വിയോജിപ്പ്'രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ രണ്ടാം ടേമിലെ ഏറ്റവും ഉയർന്ന വിയോജിപ്പ് നിരക്കാണ്. നവംബർ മൂന്നിനാണ് യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്.