യുകെയിലെ പ്രമുഖ മോർട്ട്ഗേജ് - ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സ്പോൺസർഷിപ്പിൽ നടത്തിയ യുക്മ ഫോർച്യൂൺ ലോട്ടറി 2026 ൻ്റെ നറുക്കെടുപ്പ് നവംബർ 07 ശനിയാഴ്ച നടന്നു
പതിനേഴാമത് യുക്മ ദേശീയ കലാമേള വേദിയായ സലിംകുമാർ നഗറിലെ പ്രധാന വേദിയിൽ വച്ച് നടന്ന നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ബിജോ ടോം, ഷൈമോൻ തോട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി.
യുക്മ ഫോർച്യൂൺ ടിക്കറ്റ് 2026 വിജയികൾ:
ഫസ്റ്റ് പ്രൈസ് - 10,000 പൌണ്ട്
ഈസ്റ്റ്ബോൺ നിവാസിയായ മാജിദ് തച്ചപറമ്പനാണ് യുക്മ ഫോർച്യൂൺ ടിക്കറ്റ് 2026 ലെ ഒന്നാം സമ്മാനമായ പതിനായിരം പൌണ്ടിന് അർഹനായത്. മൂന്ന് വർഷം മുൻപ് സ്റ്റുഡൻ്റ് വിസയിൽ യുകെയിലെത്തിയ മാജിദ് കോഴിക്കോട് സ്വദേശിയാണ്. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിൻ്റെ സന്തോഷത്തിലാണ് മാജിദ്.
സെക്കൻഡ് പ്രൈസ് - 1 പവൻ സ്വർണം
യുക്മ ഫോർച്യൂൺ ടിക്കറ്റ് 2026 ൻ്റെ രണ്ടാം സമ്മാനമായ ഒരു പവൻ (8GM 22K) സ്വർണ്ണത്തിന് വിജയിയായത് വാറിംഗ്ടണിൽ നിന്നുള്ള അൻ്റ്ലിൻ ആൻ്റോയാണ്. തൃശ്ശൂർ സ്വദേശിയായ ആൻ്റോ 2023 ലാണ് യുകെയിൽ എത്തിയത്.
തേർഡ് പ്രൈസ് (2) - 4 ഗ്രാം സ്വർണം
യുക്മ ഫോർച്യൂൺ ടിക്കറ്റ് 2026 നറുക്കെടുപ്പിലെ രണ്ട് മൂന്നാം സമ്മാനങ്ങളിൽ വിജയികളായത് ഡോർചെസ്റ്ററിൽ നിന്നുള്ള പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിൽ നിന്നുള്ള ചിഞ്ചു കുര്യാക്കോസ് എന്നിവരാണ്.
ഫോർത്ത് പ്രൈസ് (8): 2 ഗ്രാം സ്വർണം
യുക്മ ഫോർച്യൂൺ ടിക്കറ്റ് 2026 നറുക്കെടുപ്പിലെ നാലാം സമ്മാനമായ 2 ഗ്രാം സ്വർണ്ണ നാണയത്തിന് (2 GM 22K) 8 പേരാണ് വിജയികളായത്. 7 പേർ 7 യുക്മ റീജിയണുകളുടെ അടിസ്ഥാനത്തിലും ഒരാൾ കോമൺ വിഭാഗത്തിലുമാണ് വിജയികളായത്.
ബാൺസ്ലിയിൽ നിന്നുള്ള സാബു അബ്രാഹം യോർക്ക്ഷയർ & ഹംബർ റീജിയണിൽ നിന്നുള്ള വിജയിയായപ്പോൾ മാഞ്ചസ്റ്ററിൽ നിന്നുള്ള ആഷൻ പോളാണ് നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള സമ്മാനത്തിന് അർഹനായത്. മുൻ എം എം സി എ പ്രസിഡൻ്റ് കൂടിയാണ് ആഷൻ പോൾ. കാർഡിഫിലെ മനോജ് കൃഷ്ണൻ വെയിത്സ് റീജിയണിൽ നിന്നും റെഡ്ഹില്ലിലെ ജിമ്മി വർഗ്ഗീസ് സൌത്ത് ഈസ്റ്റ് റീജിയണിൽ നിന്നും വിജയികളായി.ബെഡ്ഫോർഡിൽ നിന്നുള്ള ഐശ്വര്യ മാത്യു ഈസ്റ്റ് ആംഗ്ളിയ റീജിയണിൽ നിന്നും റെഡ്ഡിച്ചിലെ മാത്യു മാലിയിൽ കോര മിഡ്ലാൻഡ്സ് റീജിയണിൽ നിന്നും വിജയികളായി.
ഐൽസ്ബറിയിൽ നിന്നുള്ള ശിവപ്രിയ രാജേഷ് സൌത്ത് വെസ്റ്റ് റീജിയണിൽ നിന്നും ലീഡ്സിലെ ജിമ്മി ജോസ് കൊടിയൻ കോമൺ വിഭാഗത്തിലും വിജയികളായി.
50 പൗണ്ട് ടെസ്കോ വൌച്ചർ
യുക്മ ഫോർച്യൂൺ ലോട്ടറി 2026 നമുക്കെടുപ്പിൽ ടിക്കറ്റെടുത്ത മുഴുവൻ ആളുകളും 50 പൌണ്ടിൻ്റെ ടെസ്കോ വൌച്ചറുകൾക്ക് (നിബന്ധനകൾക്ക് വിധേയം) അർഹരാണ്. യുക്മ ഫോർച്യൂൺ ലോട്ടറി 2026 ൻ്റെ സ്പോൺസേഴ്സായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൽ നിന്നും മോർട്ട്ഗേജ്, റീമോർട്ട്ഗേജ് സേവനങ്ങൾ സ്വീകരിക്കുന്നവർക്കാണ് ഈ വൌച്ചർ ലഭിക്കാൻ അർഹതയുള്ളത്. 31/12/2028 വരെയാണ് ഈ ഓഫർ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
യുക്മ ഫോർച്യൂൺ ലോട്ടറി 2026 നറുക്കെടുപ്പിൽ വിജയികളായവർക്കും ടിക്കറ്റുകൾ എടുത്ത് സഹകരിച്ച മുഴുവൻ ആളുകൾക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.