ലിവർപൂൾ: കലയുടെ വർണവിസ്മയങ്ങളും പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലും കൊണ്ട് ലിവർപൂളിനെ ഒരു ദിവസം മുഴുവൻ കലയുടെ ഉത്സവഭൂമിയാക്കി മാറ്റിയ യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജണൽ കലാമേളയ്ക്ക് വർണാഭമായ കൊടിയിറക്കം.
ഒക്ടോബർ 3 ശനിയാഴ്ച ലിവർപൂളിലെ ബ്രോട്ടൻ ഹാൾ കാത്തലിക് ഹൈസ്കൂൾ അങ്കണത്തിൽ വിവിധ വേദികളിലായി നടന്ന കലാമേളയിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ അഞ്ഞൂറിലധികം മത്സരാർഥികൾ തങ്ങളുടെ അവിസ്മരണീയ കലാപ്രകടനങ്ങളുമായി വേദികളെ കീഴടക്കി.
രാവിലെ എട്ടുമണിയോടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതോടെ തന്നെ കലാമേളയുടെ ആവേശം വേദികളിലാകെ നിറഞ്ഞു. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങൾ ഒരേസമയം വ്യത്യസ്ത വേദികളിലായി അരങ്ങേറി. കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ പ്രായവിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
ഷീജോ വർഗീസ് കലാമേള ഉദ്ഘാടനം ചെയ്തു. യുക്മ നോർത്ത് വെസ്റ്റ് റീജൺ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് കലാമേള ഉദ്ഘാടനം ചെയ്തു.യുക്മ നോർത്ത് വെസ്റ്റ് റീജൺ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതം ആശംസിച്ചു.
നോർത്ത് വെസ്റ്റിൽ നിന്നുള്ള യുക്മ നാഷണൽ കമ്മിറ്റി അംഗം ബിജു പീറ്റർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കലാമേള കോഓർഡിനേറ്റർ രാജീവ് സി. പി. നന്ദി അറിയിച്ചു.യുക്മ നോർത്ത് വെസ്റ്റ് റീജണിലെ ഭാരവാഹികൾ, വിവിധ അംഗ അസോസിയേഷനുകളുടെ പ്രതിനിധികൾ, മത്സരാർഥികൾ, രക്ഷിതാക്കൾ, കലാസ്വാദകർ തുടങ്ങി വലിയൊരു ജനസഞ്ചയമാണ് ഉദ്ഘാടന ചടങ്ങിനും തുടർന്നുള്ള മത്സരങ്ങൾക്കും സാക്ഷിയായത്.
കലാമേളയുടെ സുഗമമായ നടത്തിപ്പിനായി പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, നാഷണൽ കമ്മിറ്റി മെമ്പർ ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗ്ഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, കലാമേള കോഓർഡിനേറ്റർ രാജീവ് C P എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
195 പോയിന്റുമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് കലാകിരീടം. ദിവസം മുഴുവൻ നീണ്ടുനിന്ന വാശിയേറിയ കലാമത്സരങ്ങൾക്കൊടുവിൽ 195 പോയിന്റ് നേടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ഈ വർഷത്തെ യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാകിരീടം സ്വന്തമാക്കി.122 പോയിന്റുമായി മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോട്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 65 പോയിന്റുമായി വിഗൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
60 പോയിന്റുമായി നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ നാലാം സ്ഥാനത്തെത്തി.വ്യക്തിഗത മികവിനുള്ള ഏറെ ശ്രദ്ധേയമായ കലാപ്രതിഭ പട്ടം വിഗൻ മലയാളി അസോസിയേഷനിലെ രോഹൻ റോബിൻ സ്വന്തമാക്കി. കലാതിലക പട്ടം വിഗൻ മലയാളി അസോസിയേഷനിലെ ആൻ ട്രീസ ജോബി കരസ്ഥമാക്കി.ഭാഷ കേസരി പട്ടവും ആൻ ട്രീസ ജോബി സ്വന്തമാക്കിയപ്പോൾ, കലാമേളയിലെ ശ്രദ്ധേയമായ നാട്യറാണി പട്ടം ബെറി മലയാളി കൾച്ചറൽ അസോസിയേഷനിലെ നിമ്മി ചിന്നു തോമസ് കരസ്ഥമാക്കി.
വ്യക്തിഗത ചാമ്പ്യന്മാർ:
വിവിധ പ്രായവിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വ്യക്തിഗത ചാമ്പ്യന്മാരായത്
കിഡ്സ്: ക്രിസ്റ്റൽ ജീവൻ – നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
സബ്-ജൂനിയർ: എഥൽ റോസ് ബിനു – നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
ജൂനിയർ: ആൻ ട്രീസ ജോബി – വിഗൻ മലയാളി അസോസിയേഷൻ
സീനിയർ: നിമ്മി ചിന്നു തോമസ് – ബെറി മലയാളി കൾച്ചറൽ അസോസിയേഷൻ.
വേദികൾ നിറഞ്ഞ് കലാസ്വാദകർ
ഓരോ മത്സരവേദിക്കു മുന്നിലും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ കാണികളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. നടനചാരുതയുടെ വിസ്മയങ്ങൾ തീർത്ത ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്തയിനങ്ങൾ കാണികളുടെ മനം കവർന്നു. നാടൻപാട്ടിന്റെയും ലളിതഗാനത്തിന്റെയും മാധുര്യവും സാഹിത്യ മത്സരങ്ങളുടെ വൈവിധ്യവും ചേർന്നതോടെ കലാമേള അക്ഷരാർഥത്തിൽ ഒരു വലിയ കലാവിരുന്നായി മാറി.
കുട്ടികൾ മുതൽ മുതിർന്നവർ വരെ വേദികളിൽ കാഴ്ചവച്ച മികവുറ്റ പ്രകടനങ്ങൾ കാണികളുടെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് നൃത്തവേദികളിൽ പതിവായി വനിതാ മത്സരാർഥികളുടെ ശക്തമായ സാന്നിധ്യമാണ് ശ്രദ്ധേയമാകാറുള്ളതെങ്കിൽ, ഇത്തവണ സൂപ്പർ സീനിയർ വിഭാഗത്തിൽ ആദ്യമായി ഗ്രൂപ്പ് ഡാൻസുമായി വേദിയിലെത്തിയ പുരുഷ മത്സരാർത്ഥികൾ ആവേശകരമായ പ്രകടനത്തിലൂടെ കാണികളെ ത്രസിപ്പിച്ചത് കലാമേളയിലെ വേറിട്ട കാഴ്ചയായി.
ഓരോ മത്സരവേദിയും മലയാളത്തിന്റെ ഭാഷയും കലയും സംസ്കാരവും പ്രവാസി പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ യുക്മ കലാമേളകൾ വഹിക്കുന്ന വലിയ പങ്ക് വിളിച്ചോതുന്നതായിരുന്നു. മനസ്സിന്റെ ഇരുട്ടകറ്റി അന്തർപ്രകാശം പകരാനുള്ള കലയുടെ അതുല്യമായ ശക്തിയെ ഓർമ്മപ്പെടുത്തുന്ന സാംസ്കാരിക സംഗമമായി ലിവർപൂൾ കലാമേള മാറി.
സമാപന സമ്മേളനത്തിൽ പ്രമുഖരുടെ സാന്നിധ്യം
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ് മുഖ്യാതിഥിയായിരുന്നു. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ്, യുക്മ നാഷണൽ പിആർഒ ആൻഡ് മീഡിയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ജാക്സൺ തോമസ് എന്നിവർ പങ്കെടുത്തു.
വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. തുടർന്ന് കലാകിരീടം, കലാപ്രതിഭ, കലാതിലകം, ഭാഷാകേസരി, നാട്യറാണി തുടങ്ങിയ പ്രധാന പുരസ്കാരങ്ങളും സമ്മാനിച്ചു.വിജയികളുടെ പേരുകൾ പ്രഖ്യാപിക്കുകയും കലാകിരീടം സമ്മാനിക്കുകയും ചെയ്തതോടെ രാവിലെ ആരംഭിച്ച കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിന് ആവേശകരമായ പരിസമാപ്തിയായി.
റീജണൽ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, നാഷണൽ കമ്മിറ്റിയംഗം ബിജു പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ സനോജ് വർഗീസ്, ഷാരോൺ ജോസഫ്, രാജീവ് സി.പി, അഭിറാം, അശ്വതി ശ്രീനാഥ്, ജെറിൻ ജോസ്, ജോസഫ് മാത്യു, ബിനോയ് മാത്യു, ബിജോയ് തോമസ്, അനിൽ ഹരി, ബിനു തോമസ്, ജനീഷ് കുരുവിള, സിജോ വർഗ്ഗീസ്, ജൂലിയസ് ജോസ്, ലിറ്റോ ടൈറ്റസ്, രാകേഷ് ജോർജ്ജ്, റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ കലാമേളയുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തി.
ദേശീയ കലാമേളയിലേക്ക് വിജയികൾ
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്നവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് നവംബർ 7-ന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
ദേശീയ വേദിയിൽ നോർത്ത് വെസ്റ്റ് റീജണിന്റെ അഭിമാനമായി മാറാനുള്ള അവസരത്തിനായി മത്സരാർഥികൾ നടത്തിയ ആവേശകരമായ പോരാട്ടവും ഇത്തവണത്തെ കലാമേളയുടെ പ്രധാന സവിശേഷതയായി.2027 കലാമേള ഒക്ടോബർ 9-ന്.കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് അടുത്ത വർഷത്തെ യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേളയുടെ തീയതിയും പ്രഖ്യാപിച്ചു. 2027 ഒക്ടോബർ 9-നാണ് അടുത്ത റീജണൽ കലാമേള നടക്കുക.
മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി വിപുലമായ പാർക്കിംഗ് സൗകര്യവും വിവിധ വേദികളിലേക്കുള്ള സുഗമമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
അഞ്ഞൂറിലധികം മത്സരാർഥികളുടെ പ്രതിഭാപ്രകടനങ്ങളും, കലാകിരീടത്തിനായുള്ള വാശിയേറിയ പോരാട്ടവും, വിവിധ വേദികളിലായി അരങ്ങേറിയ കലാവിസ്മയങ്ങളും ചേർന്ന് യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 2026 ലിവർപൂളിലെ മലയാളി സാംസ്കാരിക ചരിത്രത്തിൽ മറ്റൊരു മനോഹര അധ്യായം കുറിച്ചുകൊണ്ട് തിരശീല വീണു.