തിരുവല്ലം: ഊബര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു പുറത്തേയ്ക്കു വലിച്ചിട്ടശേഷം വാഹനവുമായി കടന്ന നാലംഗ സംഘത്തില്‍ മൂന്നു പേരെ കോവളം പൊലിസും ഒരാളെ വിഴിഞ്ഞം പൊലിസും അറസ്റ്റ് ചെയ്തു.
വെള്ളായണി പൂങ്കുളം ചരുവിള പുത്തന്‍വീട്ടില്‍ ചമ്മന്തി ശരത് എന്ന ശരത് (33), പാച്ചല്ലൂര്‍ പാറവിള ഐരയില്‍ പുത്തന്‍വീട്ടില്‍ ചന്തു (30), മുട്ടയ്ക്കാട് കല്ലിയൂര്‍ വെളളികണ്ടം വീട്ടില്‍ അനീഷ് (31), കരുമം ഇലങ്കത്തറ സ്വദേശി ഗോകുല്‍ (27) എന്നിവരാണ് അറസ്റ്റിലായതെന്ന് തിരുവല്ലം സിഐ വി.എം.ശ്രീകുമാര്‍ പറഞ്ഞു.
ശരത്തിനെ മധുരയില്‍ നിന്നുമാണ് വിഴിഞ്ഞം പൊലി സ് പിടികൂടിയത്. കാര്‍ ഡ്രൈവര്‍ പാച്ചല്ലൂര്‍ സ്വദേശി രതീഷിനെ (36) മര്‍ദിച്ച് കാറിനു പുറത്തേയ്ക്കു വലിച്ചിറക്കിയ ശേഷമാണു സംഘം വാഹനം തട്ടിയെടുത്തു കടന്നത്. ഡ്രൈവറുടെ മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തു. ചുണ്ടിനും മൂക്കിനും പരിക്കേറ്റ രതീഷ് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികള്‍ തട്ടിയെടുത്ത കാര്‍ തമിഴ്നാട്ടിലെ ഇരണിയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം കോവളം കെ.എസ്. റോഡില്‍ പൂങ്കുളത്തിനു സമീപത്തായിരുന്നു സംഭവം. ഡ്രൈവറും പ്രതികളുമായി നേരത്തെയുള്ള സാമ്പത്തിക ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നു പൊലി സ് പറഞ്ഞു.
സംഭവശേഷം നടന്ന അന്വേഷണത്തില്‍ പൂങ്കുളം ഭാഗത്തെ സിസിടിവിയില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചത് പൊലിസിനു സഹായകമായി. വാഹനത്തിലെ ജിപിഎസ് പരിശോധിച്ചതോടെ കാര്‍ തമിഴ്നാടു ഭാഗത്തെത്തിയതു മനസിലായതോടെ തമിഴ്നാട് പൊലിസിനു വിവരം കൈമാറി. തുടര്‍ന്നു തമിഴ്നാട് പൊലിസ് വാഹനം കണ്ടെത്തിയപ്പോള്‍ കാറിനുളളില്‍ ആരുമില്ലായിരുന്നു. ഈ സമയം സമീപത്തെ ഹോട്ടലില്‍നിന്നും ആഹാരം കഴിച്ചെത്തിയ പ്രതികള്‍ കാറിനു സമീപത്തു പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പ്രതികളില്‍ ശരത് മധുര ഭാഗത്ത് എത്തിയതറിഞ്ഞു വിഴിഞ്ഞം പൊലിസ് അവിടെയെത്തി പിടികൂടുകയായിരുന്നു. ആദ്യം സംഭവം നടന്നത് വിവിഞ്ഞം സ്റ്റേഷന് പരിധിയിലാണെന്ന ധാരണയിലാണ് ഒരു പ്രതിയെ പിടികൂടാന്‍ വിഴിഞ്ഞെ പോലീസ് മധുരയിലെത്തിയത്.
സംഭവം തിരുവല്ലം പൊലി സ് സ്റ്റേഷന് പരിധിയിലായതിനാല്‍ പ്രതികളെ അവിടെയ്ക്ക് കൈമാറി. പിടിയിലായ ശരത് കോവളം സ്റ്റേഷനിലെ റൗഡിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണെന്നു പൊലിസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.