ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ കനത്ത തിരിച്ചടി നേരിടുമ്പോഴും ആശ്വാസമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വിജയം. പാർട്ടിയുടെ ഉറച്ച കോട്ടയായ ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി ഡി. സെൽവത്തെ പരാജയപ്പെടുത്തിയാണ് ഉദയനിധി തന്റെ സീറ്റ് നിലനിർത്തിയത്. 7,140 വോട്ടുകൾക്കാണ് ഉദയനിധി വിജയിച്ചത്.
2021-ൽ ഏകദേശം 70,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചിരുന്ന ഉദയനിധിക്ക് ഇത്തവണ ടിവികെ സ്ഥാനാർത്ഥിയിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. എട്ടാം റൗണ്ടിൽ ഉദയനിധിയുടെ ലീഡ് വെറും 1,048 വോട്ടുകളായി കുറഞ്ഞത് ഡിഎംകെ ക്യാമ്പിനെ ആശങ്കയിലാക്കിയിരുന്നു. എഐഎഡിഎംകെയുടെ ആദി രാജാറാം ഈ പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കരുണാനിധി മൂന്ന് തവണ പ്രതിനിധീകരിച്ച മണ്ഡലമെന്ന നിലയിൽ ചെപ്പോക്ക് ഡിഎംകെയുടെ അഭിമാന സീറ്റാണ്. പിതാവ് എം.കെ. സ്റ്റാലിൻ കൊളത്തൂരിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, ഉദയനിധിയുടെ ഈ വിജയം ഡിഎംകെയ്ക്ക് വലിയ രാഷ്ട്രീയമായ പ്രാധാന്യമുള്ളതാണ്. സ്റ്റാലിൻ പരാജയപ്പെട്ട സാഹചര്യത്തിൽ, ഡിഎംകെ മുഖ്യ പ്രതിപക്ഷമാവുകയാണെങ്കിൽ ഉദയനിധി സ്റ്റാലിൻ സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.