കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 11 സീറ്റുകളിൽ ഏഴിടത്താണ് ഇന്നലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആറു പേരും സിറ്റിംഗ് എംഎൽഎമാരാണ്. കേരള കോൺഗ്രസ്, മുസ്ലീം ലീഗ്, കേരള കോൺഗ്രസ് ജേക്കബ് എന്നീ ഘടകകക്ഷികൾ മത്സരിക്കുന്ന ജില്ലയിലെ സീറ്റുകളിലും സ്ഥാനാർഥികൾ കളത്തിലിറങ്ങി.
യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാരിൽ കെ.ബാബുവും എൽദോസ് കുന്നപ്പിള്ളിയും ഒഴികെയുള്ളവർ സ്വന്തം മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടും. പെരുമ്പാവൂരിൽ എൽദോസിനു സീറ്റില്ലെന്നാണു സൂചന. ഇവിടെയും തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ സീറ്റുകളിലും സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അന്തിമഘട്ട ചർച്ചകളിലാണ് പാർട്ടി നേതൃത്വം.
അങ്കമാലിയിൽ റോജി എം. ജോൺ ഹാട്രിക് ജയം തേടി കളത്തിലിറങ്ങും. ആലുവയിൽ അൻവർ സാദത്തിന്റെ മത്സരം നാലാം ജയം തേടിയാണ്. ഡബിൾ ഹാട്രിക് വിജയം തികയ്ക്കുകയാണ് പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നിയോഗം.
എറണാകുളത്ത് ടി.ജെ. വിനോദിനു മൂന്നാമൂഴം. തൃക്കാക്കര നിലനിർത്താനുള്ള ദൗത്യം ഉമ തോമസിനു തന്നെ. മൂവാറ്റുപുഴയിൽ ഡോ. മാത്യു കുഴൽനാടൻ രണ്ടാം ജയം തേടിയിറങ്ങും. കുന്നത്തുനാട് തിരിച്ചുപിടിക്കാൻ കളത്തിലിറങ്ങുന്നത് ഇവിടുത്തെ എംഎൽഎ വി.പി. സജീന്ദ്രനാണ്.
സ്ഥാനാർഥി നിർണയത്തിൽ ഒരു ഘട്ടത്തിലും തർക്കങ്ങളില്ലാതിരുന്ന മണ്ഡലങ്ങളിലാണ് നിലവിൽ പ്രഖ്യാപനം നടന്നത്. സീറ്റുറപ്പിച്ചിരുന്ന ഇവരുടെ പോസ്റ്ററുകളും ചുവരെഴുത്തുകളും മണ്ഡലങ്ങളിൽ ഇതിനകം നിറഞ്ഞിട്ടുണ്ട്. സ്ഥാനാർഥികളുടെ റോഡ് ഷോയും ഇന്നലെ നടന്നു. ഈ മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥികൾ നേരത്തെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
കേരള കോൺഗ്രസ് മത്സരിക്കുന്ന കോതമംഗലം സീറ്റിൽ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം തന്നെയാണ് ഇക്കുറിയും സ്ഥാനാർഥി. പിറവത്ത് കേരള കോൺഗ്രസ് ജേക്കബിന്റെ അനൂപ് ജേക്കബ് പ്രചാരണം തുടങ്ങി. കളമശേരിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ മുസ്ലീം ലീഗിലെ അഡ്വ.ബി.എ. അബ്ദുൾ ഗഫൂർ രണ്ടാം വട്ടം ജനവിധി തേടും.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ പകരക്കാരനായി സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചൂടേറിയ ചർച്ചകളിലാണ് പാർട്ടി നേതൃത്വം. എങ്കിലും മത്സരപ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് എൽദോസ് പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് മൂത്തേടന്റെയും ഉല്ലാസ് തോമസിന്റെയും പേരുകളാണ് മണ്ഡലത്തിൽ സജീവപരിഗണനയിലുള്ളത്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാർഥിയായേക്കും എന്നാണറിയുന്നത്. തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ സ്ഥാനാർഥിയാരെന്നതു സംബന്ധിച്ച് അഭിപ്രായ ഐക്യമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല. അതിനാൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും അതൃപ്തരാണ്.