പറവൂർ: വി.ഡി. സതീശന് - കോണ്‍ഗ്രസ്
സിറ്റിംഗ് എംഎല്‍എ . 2001 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ആറാം അങ്കം. 2021 മുതല്‍ പ്രതിപക്ഷ നേതാവ്. 1996ല്‍ സിപിഐയിലെ പി. രാജുവിനോട് മത്സരിച്ച് പരാജയപ്പെട്ടതൊഴിച്ചാൽ പിന്നീട് തോല്‍വി അറിഞ്ഞിട്ടില്ല. 2001ല്‍ എല്‍ഡിഎഫിലെ പി. രാജുവിനെ പരാജയപ്പെടുത്തിയാണ് കന്നി നിയമസഭാ പ്രവേശനം. 2006ല്‍ കെ.എം. ദിനകരനും 2011ല്‍ പന്ന്യന്‍ രവീന്ദനും 2016ല്‍ ശാദര മോഹനും 2021ല്‍ എം.ടി. നിക്സണും സതീശന്റെ ജനസമ്മിതിക്കു മുന്നിൽ അടിയറവു പറഞ്ഞു.
കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. പത്തു വര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തി. എന്എസ്യു ദേശീയ സെക്രട്ടറിയും എംജി സര്‍വകലാശാല യൂണിയന് ചെയര്‍മാനുമായിരുന്നു. ഡിസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, എഐസിസി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെ നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാനും 2016 മുതല്‍ 2021 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. മികച്ച നിയമസഭാ സാമാജികന് എന്ന നിലയില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.
നെട്ടൂര്‍ വടശേരില്‍ പരേതരായ കെ.ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിപ്രിയ, മകള്‍: ഉണ്ണിമായ
അങ്കമാലി: റോജി എം. ജോണ്‍ - കോണ്‍ഗ്രസ്
നിലവിൽ എംഎൽഎയും എഐസിസി സെക്രട്ടറിയുമാണ്. അങ്കമാലി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മൂന്നാമങ്കം. 2016ല്‍ ജനതാദൾ- എസിലെ ബെന്നി മൂഞ്ഞേലിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 2021ല്‍ മുന്‍മന്ത്രി അഡ്വ. ജോസ് തെറ്റയിലിനെ വീഴ്ത്തി വിജയം ആവർത്തിച്ചു .
എന്എസ്യുഐ ദേശീയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുള്ളൻമടയ്ക്കൽ എം.വി. ജോണിന്റെയും എല്‍സമ്മയുടെയും മകനായി 1982 മേയ് 20 നാണ് ജനനം. കണ്ണൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ്എച്ച് കോളജ് തേവര, ജെഎന്‍യു ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു തുടര്‍പഠനം. അങ്കമാലിയില്‍ സ്ഥിരതാമസമാക്കിയ റോജി അടുത്തയിടെയാണ് വിവാഹിതനായത്. ഭാര്യ: ലിപ്സി.
തൃക്കാക്കര: ഉമ തോമസ് - കോണ്‍ഗ്രസ്
ഇപ്പോൾ എംഎൽഎ. നിയമസഭയിലേക്ക് രണ്ടാമങ്കം. തൃക്കാക്കര എംഎൽഎയായിരുന്ന ഭർത്താവ് പി.ടി. തോമസിന്റെ മരണത്തെതുടർന്ന് 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തി. സിപിഎമ്മിലെ ഡോ. ജോ ജോസഫിനെ 25016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് പരാജയപ്പെടുത്തിയത്.
1984 ല്‍ കെഎസ്യു പാനലില്‍ മഹാരാജാസ് കോളജ് യൂണിയന് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്. രാഷ്ട്രീയമാണ് പി.ടിയെയും ഉമയെയും അടുപ്പിച്ചത്. ബിഎസ്സി സുവോളജി ബിരുദധാരിയാണ്. മക്കള്‍: ഡോ.വിഷ്ണു തോമസ്, വിവേക് തോമസ്.
എറണാകുളം: ടി.ജെ. വിനോദ് - കോണ്‍ഗ്രസ്
2019 മുതല്‍ എറണാകുളം എംഎല്‍എ . 2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ മൽസരിക്കാനായി ഹൈബി ഈഡന് രാജിവച്ച ഒഴിവിലാണ് നിയമസഭയിലേക്ക് ടി.ജെ. വിനോദ് ആദ്യം മത്സരിച്ചത്. അന്ന് മനു റോയിയെയും 2021ലെ തെരഞ്ഞെടുപ്പിൽ ഷാജി ജോര്‍ജിനെയും തോല്പിച്ചു.
അഞ്ചു തവണ കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍, രണ്ടുതവണ ഡെപ്യൂട്ടി മേയര്‍ പദവികളില്‍ പ്രവര്‍ത്തിച്ചു. 1963 ഏപ്രില്‍ ആറിന് ടി.എം. ജോസഫിന്റെയും സെലിന് ജോസഫിന്റെയും മകനായി ജനനം. കളമശേരി സെന്റ് പോള്‍സ് കോളജില്‍ നിന്ന് ബികോം ബിരുദം നേടി.
കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. രണ്ടു തവണ കോളജ് യൂണിയന് ചെയര്മാന്, കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ അലങ്കരിച്ചു. 2016 മുതല്‍ 2019 വരെ എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. ഭാര്യ: ഷിമിത വിനോദ്. മക്കള്‍: സ്നേഹ, വരുണ്‍.
ആലുവ: അൻവർ സാദത്ത് - കോൺഗ്രസ്
ആലുവയിൽനിന്ന് തുടർച്ചയായി മൂന്നു തവണ വിജയിച്ച് നിയമസഭയിലെത്തി. സിറ്റിംഗ് എംഎൽഎ. നിയമസഭാ മൽസരരംഗത്ത് ഇത് നാലാമൂഴം. വിദ്യാർഥി രാഷ്ട്രീയം വഴിയാണ് പൊതുരംഗത്തേക്ക് എത്തിയത്. 2011 ൽ സിറ്റിംഗ് എംഎൽഎ സിപിഎമ്മിലെ എ.എം യൂസഫിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിൽ. 2016 ൽ സിപിഎമ്മിന്റെ അഡ്വ. വി. സലീമിനെയും 2021 ൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥി ഷെൽന നിഷാദിനെയും പരാജയപ്പെടുത്തി ഹാട്രിക് ജയം സ്വന്തമാക്കി.
രണ്ടു ടേമിൽ നിയമസഭയിലെ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിട്ടുണ്ട്. 2021-2026 ൽ യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി മത്സരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറാണ്.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ഡിസിസി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്.
പറമ്പയത്ത് ഊലിക്കര വീട്ടിൽ അബ്ദുൽ സത്താർ, ആയിഷ ബീവി എന്നിവരാണ് മാതാപിതാക്കൾ . ഭാര്യ: സബീന. മക്കൾ: സിമി ഫാത്തിമ, സഫ ഫാത്തിമ (ഇരുവരും വിദ്യാർഥിനികൾ).
മൂവാറ്റുപുഴ: മാത്യു കുഴല്നാടന് - കോണ്‍ഗ്രസ്
സിറ്റിംഗ് എംഎൽഎ. നിയമസഭയിലേക്ക് രണ്ടാമങ്കം. 2021ല്‍ മൂവാറ്റുപുഴ മണ്ഡലത്തിൽ സിപിഐയിലെ എല്‍ദോ ഏബ്രഹാമിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കെപിസിസി വൈസ് പ്രസിഡന്റാണ്.
കെഎസ്യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തിയ മാത്യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി, പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബിരുദാനന്തര ഉപരിപഠനം ജെഎന്‍യുവില്‍. ട്രേഡ് ലോയില്‍ ഡോക്ടറേറ്റ് ലഭിച്ചു. തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമബിരുദം നേടിയ കുഴല്നാടന് നിലവില്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. കോതമംഗലം പൈങ്ങോട്ടൂർ കുഴലനാട്ട് ഏബ്രഹാമിന്റെയും മേരിയുടെയും മകനാണ്. ഭാര്യ:എല്‍സാ കാതറിന്. മകന്: ആര്ഡന് ഏബ്രഹാം.
കുന്നത്തുനാട് : വി.പി. സജീന്ദ്രന് - കോൺഗ്രസ്
രണ്ട് തവണ കുന്നത്തുനാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച വി.പി. സജീന്ദ്രന് നാലാമങ്കത്തിനാണ് തയാറെടുക്കുന്നത്. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയായ വി.പി. സജീന്ദ്രന് നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റാണ്.
2011ല്‍ സിപിഎമ്മിലെ എം.എ. സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് സജീന്ദ്രന്റെ നിയമസഭാ പ്രവേശനം. 2016ല്‍ ഷിജി ശിവജിയെ പരാജയപ്പെടുത്തി. എന്നാല്‍ 2021ല്‍ സിപിഎമ്മിലെ പി.വി. ശ്രീനിജനോട് പരാജയപ്പെട്ടു.
കെഎസ്യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ സജീന്ദ്രന് കേരള സര്‍വകലശാല യൂണിയന് കൗണ്‍സിലര്‍, കേരള സര്‍വകലശാല അക്കാഡമിക്ക് കൗണ്‍സില്‍ അംഗം, മഹാത്മാ ഗാന്ധി സര്‍വകലാശാല സെനറ്റ് അംഗം, കുഫോസ് സെനറ്റ് അംഗം, കൊച്ചിന് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, കേരള പട്ടികജാതി, പട്ടിക വര്‍ഗ നിയമസഭാ കമ്മിറ്റി ചെയര്മാന്, കെപിസിസി സെക്രട്ടറി, എഐസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയ ശേഷം മൂന്ന് വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ഭാര്യ ലേബി സജീന്ദ്രന് (മാധ്യമ പ്രവര്‍ത്തക). മക്കള്‍: നിരഞ്ജന്, നിഹാരിക.
കോതമംഗലം : ഷിബു തെക്കുംപുറം - കേരള കോണ്‍ഗ്രസ്
നിയമസഭയിലേക്ക് തുടര്‍ച്ചയായ രണ്ടാമങ്കം. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. 2021ല്‍ സിറ്റിംഗ് എംഎല്‍എ എല്‍ഡിഎഫിലെ ആന്റണി ജോണിനോട് പരാജയപ്പെട്ടു.
കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവേശനം. കെഎസ്സി ജില്ലാ പ്രസിഡന്റ്, കെഎസ്സി സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോതമംഗലത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സേവന രംഗങ്ങളില്‍ സജീവം. ഗ്രാമീണ മേഖലകളിലെ വികസനം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, വന്യജീവി ആക്രമണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
കോതമംഗലം തെക്കുംപുറം പരേതനായ ടി.വി. വര്‍ഗീസ്- ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി ഷിബു. മക്കള്‍: ഡോ. എലന്‍ ഏലു ഷിബു, എറിന് ലിസ്ബത്ത്. മരുമകന്: പൗലു കെ. ഷിബു.
കളമശേരി: വി.ഇ. അബ്ദുള്‍ ഗഫൂര്‍ - മുസ്ലീം ലീഗ്
അന്തരിച്ച മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകൻ. നിയമസഭയിലേക്ക് രണ്ടാം മൽസരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കളമശേരിയിൽനിന്ന് മൽസരിച്ചെങ്കിലും സിപിഎമ്മിലെ പി.രാജീവിനോട് പരാജയപ്പെട്ടു.
കോളജ് കാലഘട്ടത്തില്‍ എംഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. തുടര്‍ന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. നിലവില്‍ ഐയുഎംഎല്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. കൊച്ചിയില്‍ ഒരു നിയമസ്ഥാപനം നടത്തി വരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം തൊഴിലാളി സംഘടനാ രംഗത്തും സജീവമാണ്. കൂടാതെ, അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസും വൈദ്യപരിശോധനയും നല്കുന്ന കളമശേരി മെഡിക്കല്‍ കോളജ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമാണ്. ആലങ്ങാട് പഞ്ചായത്തിലെ കോങ്ങോര്പ്പിള്ളിയില് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും നദീറയുടെയും മൂത്ത മകനാണ്. ഭാര്യ: ദിലാറ. മക്കള്‍: റിദ, വസിം, റയ.
Tags : nattu vishesham UDF candidates