ന്യൂഡൽഹി: കേശവ് കുഞ്ചിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൽദ്വാനിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത യോഗസ്ഥലത്ത് ശുദ്ധീകരണ ചടങ്ങ് നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
കോൺഗ്രസ് പ്രവർത്തകരും ഡോമാ പരിഷത്ത് കോൺഫെഡറേഷനും സംയുക്തമായാണ് ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. മനുസ്മൃതിയിലല്ല ഇന്ത്യൻ ഭരണഘടനയിലൂന്നിയാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധക്കാർ മനുസ്മൃതിയുടെ പകർപ്പുകളും ആർഎസ്എസിന്റെ പ്രതീകാത്മക യൂണിഫോമുകളും കത്തിച്ചു.
ജാതി അസമത്വത്തിനെതിരെ 1927ൽ ഡോ. ബി.ആർ. അംബേദ്കർ മനുസ്മൃതി കത്തിച്ചതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഉദിത് രാജ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയിലെ കാലഹരണപ്പെട്ട നിയമങ്ങൾ നടപ്പാക്കാനാണ് ആർഎസ്എസും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.