കൊച്ചി: വർധിച്ചുവരുന്ന ആഗോള മത്സരശേഷിയിലും വൈവിധ്യവത്കരണത്തിലും രാജ്യത്തെ കാർഷിക കയറ്റുമതി വിപണി ശക്തമായ നിലയിലെന്നു കേന്ദ്ര വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉജ്വൽ കുമാർ ഘോഷ് അഭിപ്രായപ്പെട്ടു. മൂല്യവര്‍ധിത കാർഷികോല്പന്നങ്ങൾ, സമുദ്രോത്പന്ന കയറ്റുമതി, സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ എന്നിവയിലുണ്ടായ വർധന ഇന്ത്യയെ ലോകത്തിലെ കയറ്റുമതി രാജ്യങ്ങളിൽ മികച്ച നിലയിലെത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സമുദ്രോത്പന്ന കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തിൽ 7.4 ബില്യൺ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 8.4 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. സുഗന്ധവ്യഞ്ജന കയറ്റുമതി 4.3 ബില്യൺ യുഎസ് ഡോളറിലെത്തി.
ചെമ്മീൻ, മൂല്യവർധിത സമുദ്രവിഭവങ്ങൾ, ബസുമതി, ബസുമതി ഇതര പ്രീമിയം അരികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ആരോഗ്യസംരക്ഷണ ഭക്ഷ്യവിഭവങ്ങൾ, പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങള്‍, തേയില, പഴങ്ങൾ, പച്ചക്കറികൾ, ചെറുധാന്യ ഉത്പന്നങ്ങൾ, മാംസോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്ക് ആഗോള കയറ്റുമതിയിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുന്നതായും ഉജ്വൽ കുമാർ ഘോഷ് പറഞ്ഞു. വാണിജ്യ വകുപ്പിന്റെ ദക്ഷിണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ഉജ്വൽ കുമാർ ഘോഷ് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.