സെന്റ് പീറ്റേഴ്സ്ബെർഗ്: അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിച്ച് യുക്രെയ്ൻസേന റഷ്യയിൽ വൻ ഡ്രോൺ ആക്രമണം നടത്തി. ശനിയാഴ്ച രാത്രി ആയിരത്തിലധികം ഡ്രോണുകളാണ് യുക്രെയ്ൻ സേന തൊടുത്തത്. യുക്രെയ്ന്റെ 1,015 ഡ്രോണുകൾ വെടിവച്ചിട്ടുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
റഷ്യൻ സാംസ്കാരിക തലസ്ഥാനമായ സെന്റ് പിറ്റേഴ്സ്ബെർഗിലെ ഇന്ധന ടെർമിനലിൽ വൻ തീപിടിത്തമുണ്ടായി. വർഷം 1.25 കോടി ടൺ എണ്ണ കയറ്റുമതി ചെയ്യുന്ന ടെർമിനലാണിത്. റഷ്യൻ ഇ-കൊമേഴ്സ് കന്പനിയായ ഓസോണിന്റെ സെന്റ് പീറ്റേഴ്സ്ബെർഗിലെ ഗോഡൗണും ആക്രമിക്കപ്പെട്ടു. നഗരത്തിലെ പാർപ്പിട കേന്ദ്രങ്ങളിലും നാശമുണ്ടായി. സെന്റ് പീറ്റേഴ്സ്ബെർഗിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് അറിയിപ്പ്.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന ഘട്ടത്തിലാണ് ഇത്ര വലിയ ആക്രമണം.യുക്രെയ്ൻ സേന റഷ്യൻ റിഫൈനറികളെ ആക്രമിക്കരുതെന്ന് ട്രംപ് ഭരണകൂടം നിർദേശിച്ചിരുന്നു. യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇന്ധനവില പിടിച്ചുനിർത്താൻവേണ്ടിയാണ് ട്രംപിന്റ നീക്കങ്ങൾ.
റഷ്യയിൽനിന്ന് ഡീസൽ ഇറക്കുമതി ചെയ്യാനും ട്രംപ് കരാറുണ്ടാക്കിയിട്ടുണ്ട്. സെലൻസ്കി ഇക്കാര്യത്തിൽ നിശിത വിമർശനം ഉന്നയിച്ചിരുന്നു.