കംപാല: യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങിയ 27 ഉഗാണ്ടക്കാർ കൊല്ലപ്പെട്ടു. മോസ്കോയിലെ ഉഗാണ്ടൻ എംബസി ഉഗാണ്ടൻ വിദേശകാര്യവകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. 11 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെക്കുറിച്ച് ഒരു വിവരവുമില്ലാത്തതിനാൽ മരിച്ചതായി അനുമാനിക്കുന്നു.
റഷ്യൻ വിദേശകാര്യമന്ത്രാലയത്തിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചതെന്നും ഉഗാണ്ടൻ വൃത്തങ്ങൾ സൂചിപ്പിച്ചു. റഷ്യയിൽ ജോലി നല്കാം എന്ന വാഗ്ദാനത്തോടെ റിക്രൂട്ട് ചെയ്യുന്ന ആഫ്രിക്കൻ യുവാക്കളെ യുദ്ധമുന്നണിയിലേക്ക് അയയ്ക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ 1400 പേർ റഷ്യക്കുവേണ്ടി യുദ്ധം ചെയ്യുന്നതായി യുക്രെയ്ൻ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.