ന്യൂഡൽഹി: യുഎപിഎ, ഭീകരവാദ കേസുകളിൽപോലും ജാമ്യംതന്നെയാണു നിയമമെന്ന് സുപ്രീംകോടതി. ഡൽഹി കലാപക്കേസിൽ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെതന്നെ പഴയ വിധിയെ ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു.
ഖാലിദിന്റെ വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ച പഴയ വിധി വേണ്ടത്ര അവധാനതയോടെയല്ലെന്ന് കോടതി നിരീക്ഷിച്ചു. യുഎപിഎ കേസുകളിലെ തീർപ്പാക്കിയ ജാമ്യ നിയമത്തിൽനിന്നുള്ള വ്യതിചലനമാണു ജനുവരിയിലെ സുപ്രീംകോടതി ഉത്തരവെന്ന് രണ്ടംഗബെഞ്ച് ചൂണ്ടിക്കാട്ടി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഖാലിദിനും കൂട്ടുപ്രതി ഷർജീൽ ഇമാമിനും ജാമ്യം നൽകാൻ കോർഡിനേറ്റ് ബെഞ്ച് വിസമ്മതിച്ചതിനെതിരേ സുപ്രീംകോടതി ഇന്നലെ എതിർപ്പ് പ്രകടിപ്പിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) കേസുകളിലും ജാമ്യം തന്നെയാണു നിയമമെന്നും അതൊരു പൊള്ളയായ മുദ്രാവാക്യമല്ലെന്നും കോടതി വ്യക്തമാക്കി. യുഎപിഎയുടെ 43 ഡി (5) വകുപ്പനുസരിച്ചുള്ള കിരാതമായ ജാമ്യവ്യവസ്ഥ, ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വേഗത്തിലുള്ള വിചാരണയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ തമ്മിലുള്ള ബന്ധം നിലവിലെ കേസ് മുന്നിലെത്തിച്ചതായി കോടതി പറഞ്ഞു.
വിചാരണയിൽ അതിരുകടന്നതും വിശദീകരിക്കാനാകാത്തതുമായ കാലതാമസമുണ്ടായാൽ യുഎപിഎ പ്രതിയെ ജാമ്യത്തിൽ വിടാമെന്നായിരുന്നു 2021ലെ കെ.എ. നജീബ് കേസിലെ വിധി. വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായ മാറ്റത്തിന്റെ സൂചനയാണിത്. വ്യക്തി അവകാശങ്ങൾ സംരക്ഷിക്കുന്ന നജീബ് വിധിപോലുള്ള വിധികൾ പാലിക്കണമെന്നും സുപ്രീംകോടതിയും കീഴ്ക്കോടതികളും അവഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ ഏജൻസി ഉന്നയിക്കുന്ന പ്രഥമദൃഷ്ട്യായുള്ള ആരോപണങ്ങൾ സത്യമാണെന്ന് അന്ധമായി അംഗീകരിച്ചു ജാമ്യം നിഷേധിക്കുകയാണെങ്കിൽ വിചാരണയ്ക്കുമുന്പുള്ള തടവ് വിചാരണയ്ക്കുശേഷമുള്ള ശിക്ഷാ സ്വഭാവം കൈവരിക്കാൻ തുടങ്ങുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസ് ഇതിനകംതന്നെ പ്രഥമദൃഷ്ട്യാ ആയതിനാൽ എത്ര ദൈർഘ്യമുള്ള തടവുശിക്ഷയാണെങ്കിലും ഒരു കോടതിയും ഒരിക്കലും ജാമ്യം അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ഒരു നിയമം കൂടുതൽ കർശനമാണെങ്കിൽ വിചാരണ വേഗത്തിൽ നടത്തണമെന്ന് നജീബ് വിധി ശരിവച്ചിട്ടുണ്ടെന്ന് ജസ്റ്റീസ് ഭൂയാൻ പറഞ്ഞു. യുഎപിഎ ജാമ്യവ്യവസ്ഥയുടെ കർശനത, കാലതാമസം എന്നിവ വിചാരണത്തടവുകാരന് ശിക്ഷയായി മാറ്റാൻ സർക്കാരുകൾ ഉപയോഗിക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
വ്യക്തിസ്വാതന്ത്ര്യം പരമോന്നതമായി ശക്തിപ്പെടുത്തുകയാണു വേണ്ടത്. ജാമ്യം ഒരു നിയമമാണെന്നും ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ, പ്രത്യേകിച്ച് അനിശ്ചിതകാലത്തേക്കു വിചാരണ നടക്കുന്ന കേസുകളിൽപ്പോലും ജയിൽ അപവാദമാണെന്ന് ജസ്റ്റീസ് ഭൂയാൻ അഭിപ്രായപ്പെട്ടു.
ജമ്മു കാഷ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വിധി ചോദ്യം ചെയ്ത പ്രത്യേക അവധി ഹർജിയുടെ അടിസ്ഥാനത്തിലാണു വിധി. യുഎപിഎയുടെ ജാമ്യത്തിനുള്ള കർശനമായ പരിധികളും മയക്കുമരുന്നു നിരോധന നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും കണക്കിലെടുത്ത് പ്രതി ജാമ്യം അർഹിക്കുന്നുവെന്ന് ഹൈക്കോടതി നിഗമനം നടത്തിയിരുന്നു.
വ്യക്തിസ്വാതന്ത്ര്യം അവകാശം
ആറു വർഷത്തിലേറെ വിചാരണത്തടവുകാരായി കഴിഞ്ഞിട്ടും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച കഴിഞ്ഞ ജനുവരിയിലെ സുപ്രീംകോടതിയിലെ ഗൾഫിഷ ഫാത്തിമയും ഡൽഹി സംസ്ഥാനവും തമ്മിലുള്ള കേസിലെ വിധിന്യായത്തിന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിമർശനം.
യുഎപിഎ കേസുകളിൽ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുർബലപ്പെടുത്തുന്ന വിധികളെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക ഇന്നലത്തെ വിധിയിൽ പരമോന്നത കോടതി തുറന്നുകാട്ടി.
ഖാലിദിനെയും ഷർജീലിനെയും "ഗുണപരമായി വ്യത്യസ്തമായ നിലയിലാക്കി' ജാമ്യം നൽകാൻ ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്നാൽ ഇതേ കേസിൽ മറ്റ് അഞ്ചുപേർക്ക് ജസ്റ്റീസ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ജാമ്യം അനുവദിച്ചു. കെ.എ. നജീബ് വിധിന്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തത്വങ്ങളുടെ ആനുകൂല്യങ്ങളിൽനിന്ന് ഖാലിദിനെയും ഷർജീലിനെയും ഒഴിവാക്കിയിരുന്നു.