കൊച്ചി: സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള ഫിലിം ചേംബര്‍.
ഉത്തരവ് പുനഃപരിശോധിക്കണമെന്നും അല്ലെങ്കില്‍ സിനിമാ നിര്‍മാണം പ്രതിസന്ധിയിലാകുമെന്നുമുള്ള കാര്യം ഫിലിം ചേംബര്‍ അറിയിച്ചു. സിനിമയുടെ പ്രമോഷന്, വിതരണം തുടങ്ങിയവയെ ബാധിക്കുമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്ക വ്യക്തമാക്കി ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണ്‍ സെന്‍സര്‍ ബോര്‍ഡ് സിഇഒ രാജേന്ദ്ര സിംഗിനു കത്തു നല്കി. ഒരു ചിത്രത്തിന് പേരുപോലും ഇടാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നാണു ചേംബർ നിലപാട്.
അതേസമയം, ബോര്‍ഡിന്റെ മറ്റ് നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ചേംബര്‍ വ്യക്തമാക്കി. മലയാളം സിനികളുടെ ടൈറ്റില്‍ രജിസ്ട്രേഷന് ഫിലിം ചേംബറാണ് കൈകാര്യം ചെയ്യുന്നത്.
ഒക്ടോബര്‍ 26നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തുവിട്ടത്. പ്രഖ്യാപിച്ച റിലീസ് തീയതികള്‍ വേഗത്തിലുള്ള സര്‍ട്ടിഫിക്കേഷനുള്ള കാരണമായി കണക്കാക്കില്ലെന്നും സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനു മുമ്പ് സിനിമാ പേരുകള്‍ അന്തിമമായി കണക്കാക്കരുതെന്നും ബോര്‍ഡ് നിര്‍മാതാക്കള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബോര്‍ഡ് കൃത്യമായി സാക്ഷ്യപ്പെടുത്തിയ ഒരു സിനിമയുടെ പതിപ്പ് മാത്രമേ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ എന്നും സിബിഎഫ്സി വ്യക്തമാക്കിയിരുന്നു. ആദ്യ നിര്‍ദേശം അനുസരിച്ച് അന്തിമ അനുമതിക്കായി സമര്‍പ്പിക്കുന്ന സിനിമകള്‍ എല്ലാ അര്‍ഥത്തിലും പൂര്‍ണമായ രൂപത്തിലായിരിക്കണം. ഇതില്‍ അന്തിമ ഗ്രാഫിക്സ്, ടൈറ്റിലുകള്‍, ക്രെഡിറ്റുകള്‍, സബ്ടൈറ്റിലുകള്‍, നിരാകരണങ്ങള്‍, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സ്ലേറ്റുകള്, പശ്ചാത്തല സ്കോര്‍, സംഗീതം, ശബ്ദ മിശ്രിതം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.