ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു സമീപത്തെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ വ്യാപക പ്രതിഷേധം.
ഒഴിവാക്കാമായിരുന്ന ദുരന്തമാണ് അധികൃതരുടെ നിഷ്ക്രിയത്വം മൂലം സംഭവിച്ചതെന്ന് വിദ്യാർഥികളും പ്രദേശവാസികളും ആരോപിക്കുന്നു. സർവകലാശാലയിൽ ആവശ്യത്തിനു ഹോസ്റ്റൽ സൗകര്യമില്ലാത്തതാണ് വിദ്യാർഥികളെ സുരക്ഷിതമല്ലാത്ത ഇത്തരം സ്വകാര്യ കെട്ടിടങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാക്കുന്നത്.
മേഖലയിൽ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത നിരവധി അനധികൃത ഹോസ്റ്റലുകളാണു പ്രവർത്തിക്കുന്നത്. ഏതു നിമിഷവും പൊളിഞ്ഞുവീഴാറായ മൂന്നു മുതൽ ആറു നിലകൾ വരെയുള്ള കെട്ടിടങ്ങളിലാണ് പല വിദ്യാർഥികളും കഴിയുന്നത്.
വായുസഞ്ചാരമോ ജനലുകളോ ഇല്ലാത്ത ഇടുങ്ങിയ മുറികൾക്ക് 15,000 മുതൽ 20,000 രൂപ വരെയാണു മാസവാടക. ഒരു മുറിയിൽ രണ്ടും നാലും വിദ്യാർഥികളെയാണു താമസിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായ മറ്റു താമസസൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ കെട്ടിട ഉടമകൾ വിദ്യാർഥികളെ കടുത്ത രീതിയിൽ ചൂഷണം ചെയ്യുകയാണ്.
കെട്ടിടങ്ങളുടെ മോശം അവസ്ഥയെക്കുറിച്ച് മുന്പും നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.
പ്രദേശത്തെ മുഴുവൻ സ്വകാര്യ ഹോസ്റ്റലുകളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.