നമുക്കു മികച്ച സ്വാതന്ത്ര്യസമരനേതാക്കൾ ഉണ്ടായിരുന്നു. പക്ഷേ, ഒരാളേ അദ്ഭുത പ്രവർത്തകനായിരുന്നുള്ളൂ. സ്വാതന്ത്ര്യത്തിന്റെ 80 വർഷം പഴക്കമുള്ള അർധരാത്രിയിലൂടെ നടന്നാൽ അദ്ദേഹത്തെയും ഇന്നത്തെ ഇന്ത്യയെയും കാണാം.അലഹബാദിൽനിന്ന് ഒരു തോണിയിലാണ് യാത്ര.
“സാബ്, ബഹുത് ബാരി ബീഡ് ഹേ, ഉദർ തക് ഓട്ടോ നഹി ജായേഗാ.” പ്രയാഗ്രാജാണ്, പഴയ അലഹാബാദ്. കുംഭമേള മൈതാനത്തോടു ചേർന്നുള്ള ത്രിവേണി സംഗമത്തോട് അടുത്തപ്പോൾ ഓട്ടോ റിക്ഷയ്ക്കു കടന്നുപോകാനാവാത്തവിധമുള്ള തിരക്കാണ്. കൂലി വാങ്ങി രാജ്കുമാർ മടങ്ങി. ഒരു കിലോമീറ്ററെങ്കിലും നടക്കണം. വൈകുന്നേരത്തെ ഗംഗാ ആരതിയുടെ സമയമാകുന്പോൾ ഇനിയും തിരക്കേറും. അതിനുമുന്പ് ത്രിവേണിസംഗമത്തിലെത്തി മടങ്ങണം. കരയിൽനിന്നു കാണാവുന്ന ദൂരമേയുള്ളു. അദൃശ്യയായ സരസ്വതി, ഗംഗയോടും യമുനയോടും സംഗമിക്കുന്നെന്നു കരുതുന്ന ത്രിവേണി സംഗമത്തിലേക്ക് ഒരു യുവഭക്തനൊപ്പം 200 രൂപവീതം കൊടുത്ത് തോണിയിൽ കയറി.
തോണിക്കാരൻ തണ്ട് ആഞ്ഞുവലിച്ചുകൊണ്ട് പാടി. “ഭഗ്വാൻ...ഓ ദുനിയാ കേ രഖ്വാലേ....” മുഹമ്മദ് റഫിയുടേതാണ്. പാട്ടിനൊടുവിൽ അവന് പറഞ്ഞു. “തോണി എന്റേതല്ല, തുഴക്കൂലിയേ ഉള്ളൂ.” ദേശാടനത്തിനെത്തിയ സൈബീരിയൻ ഗള്ളുകൾ ബോട്ടിനു ചുറ്റും താഴ്ന്നു പറക്കവേ, ഒപ്പമുള്ള യുവാവ് സഞ്ചിയിൽ കരുതിയിരുന്ന തീറ്റ എറിഞ്ഞുകൊടുത്തു. കിട്ടാത്ത പക്ഷികൾ നിലംപറ്റാത്തൊരു മഴപോലെ തോണിയെ വലംവച്ചു. സംഗമത്തിൽ വലിയ തിരക്കാണ്. കടത്തുകാരൻ തോണി തിരുകിക്കയറ്റി കുറ്റിയിൽ കെട്ടിയിട്ടു. യുവാവ് തന്റെ കൃത്രിമക്കൈ ഊരി തോണിയിൽ വച്ചിട്ട് പുണ്യജലത്തിൽ പലവട്ടം മുങ്ങിനിവർന്നു.
തികഞ്ഞ ആദരവോടെ ആ തീർഥത്തിലേക്ക് ഞാൻ കൈകൾ താഴ്ത്തി.
വിറച്ചുപോയി. തണുപ്പല്ല, കൈയിലൊരു വെടിയുണ്ട സ്പർശിച്ചതുപോലെ.
ഏതാണ്ട് മുക്കാൽ നൂറ്റാണ്ട് മുന്പ്, കൃത്യമായി പറഞ്ഞാൽ 1948 ഫെബ്രുവരി 13ന്, ഒരുപക്ഷേ ഇതേ സ്ഥലത്ത്, രാംദാസ് എന്നയാൾ ഒരു കുംഭത്തിൽനിന്ന് തന്റെ പിതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു; മഹാത്മാ ഗാന്ധിയുടേതായിരുന്നു. ഹിന്ദുത്വയുടെ തോക്കിൽനിന്നു നഥുറാം ഗോഡ്സെ പായിച്ച വെടിയുണ്ടയിൽ നിലച്ച ഇന്ത്യൻ നെഞ്ചകത്തിന്റെ ഒരംശം!
തോണിക്കാരനോടും യുവ തീർഥാടകനോടും യാത്ര പറഞ്ഞ്, പട്ടാളപ്പുരകളാക്കിയ അക്ബർ കോട്ടയുടെ ഓരം ചേർന്നു നടക്കുന്പോൾ പ്രയാഗ്രാജ്, അലഹബാദിന്റെ ചരിത്രത്തിൽ മുങ്ങിനിവരുകയാണ്. ഇവിടെനിന്ന് ഏതാണ്ട് എട്ടു കിലോമീറ്ററകലമേയുള്ളൂ നെഹ്റു കുടുംബത്തിന്റെ തറവാടായിരുന്ന സ്വരാജ് ഭവനിലേക്കും, അതു കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമാക്കിയപ്പോൾ പണിത ആനന്ദ ഭവനിലേക്കുമെത്താൻ. നെഹ്റുവും ഇന്ദിരാ ഗാന്ധിയുമൊക്കെ ജനിച്ച വീടുകൾ. പിന്നീട് ആനന്ദ ഭവൻ ഇന്ദിരാ ഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ചതോടെ മ്യൂസിയമായി. ബ്രിട്ടീഷുകാർ രാജ്യദ്രോഹികളെന്നു കരുതിയവരുടെ സങ്കേതം, ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ സമ്മേളിച്ചിരുന്ന ഹാൾ. ഗാന്ധിജി ഉറങ്ങിയ മുറി, നെഹ്റുവിന്റെ പുസ്തക അലമാരകൾ... ഈ ബംഗ്ലാവിന്റെ മട്ടുപ്പാവിൽനിന്ന് ബാപ്പു ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പുണ്യഭൂമിയിൽ ആരതിവിളക്കുകൾ ആളിത്തുടങ്ങി. പിത്തള വിളക്കുകളിൽനിന്നിറങ്ങിയ ജ്വാലാമുഖികൾ ഗംഗയിൽ മുങ്ങിനിവർന്നു.
ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി -നെഹ്റു കുടുംബത്തിലെ മൂന്നു പ്രധാനമന്ത്രിമാരുടെ വീട്; പ്രധാനന്ത്രിയായിരുന്ന വി.പി. സിംഗിന്റെ ജന്മസ്ഥലം, പ്രധാനമന്ത്രിമാരായിരുന്ന ഗുൽസാരിലാൽ നന്ദ, എസ്. ചന്ദ്രശേഖർ എന്നിവർ പഠിച്ച അലഹബാദ് സർവകലാശാല... സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും അലഹബാദ് ചരിത്രത്തിൽ പുതിയ താളുകൾ ചേർത്തുകൊണ്ടിരുന്നെന്നു സന്ദർഭവശാൽ കൂട്ടിച്ചേർത്തുകൊള്ളട്ടെ.
ഏറ്റവുമധികം ഇന്ത്യക്കാർ ഉറക്കമിളച്ച രാത്രി
ആനന്ദഭവനിൽ എടുത്ത സ്വാതന്ത്ര്യപോരാട്ട തീരുമാനങ്ങളുടെ കുരുക്ഷേത്രം മിക്കവാറും ഡൽഹിയായിരുന്നു. നിങ്ങളിതു വായിക്കുന്പോഴേക്കും ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയിട്ടുണ്ടാകും. സ്വാതന്ത്ര്യസമര സേനാനികൾ തുന്നിയ ഐക്യത്തിന്റെ തിരുവസ്ത്രം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല് 1947ല് സ്വാതന്ത്ര്യം കിട്ടുവോളം പൊരുതിയവരുടെ ചോരയും നീരും.
പക്ഷേ, ചരിത്രം കറുപ്പും വെളുപ്പുമാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച 14ന് അർധരാത്രിയിൽ ഗാന്ധിജി കോൽക്കത്തയിൽ “സ്വാതന്ത്ര്യസമരം” തുടരുകയായിരുന്നു. അതേക്കുറിച്ചു പറയുംമുന്പ് ഏറ്റവുമധികം ഇന്ത്യക്കാർ ഉറക്കമിളച്ച ആ രാത്രിയെക്കുറിച്ചു പറയാം. ഡൽഹിയിൽ ഭരണഘടനാസമിതിയുടെ സമ്മേളനഹാൾ (പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാൾ) ഒരുങ്ങി. സന്ധ്യയോടെ ചാറ്റൽമഴ തുടങ്ങിയിരുന്നു. പുറത്തു കാത്തുനിന്നവരുടെ ഖാദിയുടുപ്പുകളും കോൺഗ്രസ് തൊപ്പിയുമൊക്കെ നനഞ്ഞു. ബ്രിട്ടീഷുകാർക്കെതിരേ പതിറ്റാണ്ടുകൾ മുദ്രാവാക്യം വിളിച്ചവർ നിശബ്ദരായിരുന്നു. ഹൃദയം അത്രമേൽ ത്രസിക്കുകയായിരുന്നു.
പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന് എഴുതിത്തയാറാക്കാൻ സമയം കിട്ടാത്തതും എന്നാൽ പിന്നീട് വിശ്വപ്രസിദ്ധവുമായിത്തീർന്ന ആ പ്രസംഗം, “നിയതിയുമായുള്ള കൂടിക്കാഴ്ച” (Tryst with Destiny) തുടങ്ങി. “നീണ്ട വർഷങ്ങൾക്കുമുന്പ് നാം വിധിയുമായൊരു കൂടിക്കാഴ്ചയ്ക്കു സമയം കുറിച്ചിരുന്നു. ഇപ്പോൾ ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയമായിരിക്കുന്നു. പൂർണമായിട്ടല്ലെങ്കിലും ഗണ്യമായി. അർധരാത്രിയുടെ മണി മുഴങ്ങുന്പോൾ, ലോകം ഉറങ്ങുന്പോൾ ഇന്ത്യയിതാ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുന്നു....”
പ്രസംഗം ഇടയ്ക്ക് മുന്നറിയിപ്പായി. “ദുഷ്ടമനോഭാവത്തിനും പരദൂഷണത്തിനും നമുക്കു സമയമില്ല. എല്ലാ സന്താനങ്ങൾക്കും പാർക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ അന്തസുറ്റ ഭവനം നാം നിർമിക്കേണ്ടിയിരിക്കുന്നു.”
ഭരണഘടനാസമിതിഹാളിന്റെ വേദിയിലുണ്ടായിരുന്ന നാഴികമണിയുടെ സൂചികൾ ഇന്ത്യയുടെ ചരിത്രത്തെ പകുത്തുകൊണ്ട് 12ൽ തൊട്ടു. അടിമത്തത്തിന്റെ മരണമണി! മട്ടുപ്പാവിൽ നിന്ന ഖാദി ധാരി ഏറെ നേരമായി കൈയിൽനിന്നു താഴെ വയ്ക്കാതിരുന്ന ശംഖ് ഊതി. സ്വതന്ത്ര ഇന്ത്യ! സ്വാതന്ത്ര്യവും ഉത്തരവാദിത്വവും അംഗീകരിച്ച് ഭരണഘടനാസമിതി അംഗങ്ങൾ പ്രതിജ്ഞയെടുത്തു. ഭരണഘടനാ അസംബ്ലി സമ്മേളിച്ചു. സമിതിയംഗം ഹൻസ മേത്ത രാജ്യത്തെ വനിതകളുടെ പ്രതിനിധിയായി ദേശീയപതാക രാജ്യത്തിനു സമർപ്പിച്ചു.
നമ്മുടെ കൈയിൽ സ്വാതന്ത്ര്യമേ ഉണ്ടായിരുന്നുള്ളൂ. ആ ശുഭരാത്രിയിലും അത്താഴം കഴിക്കാത്തവർ ആഹ്ലാദത്തിമർപ്പിനിടെ അതു മറന്നെന്നേയുള്ളൂ. മഴ നനഞ്ഞു മടങ്ങിയ പലർക്കും പിറ്റേന്നു രാവിലത്തെ റൊട്ടിക്കുള്ള ഗോതന്പുപോലും വീടുകളിൽ ഉണ്ടായിരുന്നില്ല. “ഗാന്ധിജി പലപ്പോഴും ചെന്നു പാർത്തിരുന്ന, തൊട്ടുകൂടാത്തവരായ തൂപ്പുകാരുടെ ഭാങ്ഗി കോളനിയിലെ ഗതികെട്ട ജനങ്ങൾക്ക്, അവരിൽ പലരും മുന്പ് അറിഞ്ഞിട്ടില്ലാത്ത ഒരു സമ്മാനം, സ്വാതന്ത്ര്യത്തിന്റെ ഫലമായി കിട്ടി. വെളിച്ചം. സ്വാതന്ത്ര്യത്തെ ആദരിക്കാൻ അവരുടെ ഇരുളടഞ്ഞ കുടിലുകളിൽ കത്തിച്ചുവയ്ക്കാനായി മുനിസിപ്പാലിറ്റി മെഴുകുതിരികളും ചെറിയ എണ്ണവിളക്കുകളും സംഭാവന ചെയ്തു.” (സ്വാതന്ത്ര്യം അർധരാത്രിയിൽ-ലാറി കോളിൻസ്, ഡൊമിനിക് ലാപിയർ). തലസ്ഥാനത്തെ സ്ഥിതി ഇതായിരുന്നെങ്കിൽ മറ്റിടങ്ങളിൽ ദാരിദ്ര്യവും നിരക്ഷരതയും ജാതിവിവേചനവുമൊക്കെ കൂടുതലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചാൽ ഇന്ത്യ ശിഥിലമാകുമെന്നും അധികാരം കൊള്ളക്കാരുടെയും കഴിവുകെട്ടവരുടെയും കൈയിലാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ നിന്ദിച്ച രാജ്യം. ഇതായിരുന്നു നെഹ്റുവിന്റെയും സഹപ്രവർത്തകരുടെയും കൈയിൽ കിട്ടിയ ഇന്ത്യ!
ഡൽഹിയാകെ വൈദ്യുതദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ആളുകൾ കാൽനടയായും സൈക്കിളിലും കുതിരവണ്ടിയിലുമൊക്കെയായി തെരുവിലെത്തി. കോണാട്ട് പ്ലേസിലെ ഭക്ഷണശാലകളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു. രാജ്യത്ത് പലയിടത്തും ബ്രിട്ടീഷുകാരും ഇന്ത്യക്കാരും, അതുപോലെ ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം ആലിംഗനം ചെയ്തു. ലഖ്നൗവിലെ റസിഡൻസിയിൽ അർധരാത്രിയിലെ പതാക ഉയർത്തലിനുള്ള ക്ഷണക്കത്തിൽ “ദേശീയവേഷം-ധോത്തി” ഉചിതമായിരിക്കും എന്നെഴുതിയിരുന്നു. മദ്രാസും ബാംഗളൂരും ഉറക്കമിളച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിലുമൊക്കെ രാത്രിയാഘോഷങ്ങൾ അത്ര ഉണ്ടായിരുന്നില്ല. ബോംബെയുടെ മുക്കും മൂലയും വരെ ദീപാലംകൃതമായി. തുടക്കംമുതൽ എത്രയോ വെള്ളക്കാർ സാമ്രാജ്യത്വത്തിന്റെ നടത്തിപ്പുകാരായി കപ്പലിറങ്ങിയ നഗരം!
“ഡൽഹിയിൽ പഴയ ഭരണക്കാരുടെ വിശുദ്ധസങ്കേതമായിരുന്ന ഇംപീരിയൽ ഹോട്ടലിലെ പാനശാലയിൽ ഇന്ത്യക്കാർ തിങ്ങിക്കൂടി. അർധരാത്രി കഴിഞ്ഞതോടെ ഒരാൾ വേദിയിലേക്കു കയറിനിന്നിട്ട് തന്നോടൊത്ത് ഇന്ത്യയുടെ പുതിയ ദേശീയഗാനമാലപിക്കാൻ ആ ജനക്കൂട്ടത്തെ ക്ഷണിച്ചു. അവരെല്ലാവരും സന്തോഷത്തോടെ സമ്മതിച്ചു. പക്ഷേ, ഇന്ത്യയുടെ മഹാനായ ദേശീയകവി ടാഗോർ രചിച്ച ആ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവരിലധികം പേരും ഏറ്റവും മനശ്ശല്യമുണ്ടാക്കുന്ന ആ വസ്തുത കണ്ടുപിടിച്ചു. ആ ഗാനത്തിലെ വാക്കുകൾ അവർക്ക് അറിഞ്ഞുകൂടായിരുന്നൂ. (സ്വാതന്ത്ര്യം അർധരാത്രിയിൽ)