മസ്കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് സെമിയിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. 51 റൺസ് വീതം നേടിയ ഷാ ഫൈസൽ റഹീമിയും നൊമാൻ സലർസായിയുമാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർമാർ.
അഫ്ഗാന്റെ തുടക്കം മികച്ചതായിരുന്നില്ല. 29 റൺസിലെത്തിയപ്പോൾ അബ്ദുള്ള നദർജാന്റെ (14) വിക്കറ്റ് നഷ്ടമായി. പിന്നാലെ ഫരീദുള്ള ഇഹ്സാസ് (13), ശുഭൻ സഖെയിൽ (31) എന്നിവരും പുറത്തായി. ഇതോടെ 86 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി അഫ്ഗാനിസ്ഥാൻ. തുടർന്ന് ക്രീസിലൊന്നിച്ച നൊമാൻ സലർസായിയും ഷാ ഫൈസൽ റഹീമിയും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി.
എന്നാൽ നിർണായക ഘട്ടത്തിൽ അഫ്ഗാനിസ്ഥാന് വീണ്ടും തിരിച്ചടിയേറ്റു. സലർസായി പുറത്തായതിന് പിന്നാലെ ഏഴ് പന്തുകൾക്കിടെ അമിർ ഹംസ (0), താഹിർ സർവാരി (ഒന്ന്) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. പിന്നീട് റഹീമിയും പുറത്താകാതെ 36 റൺസ് നേടിയ സൊഹൈൽ ഖാനും ചേർന്നാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ഇഷാൻ സൂദ് മൂന്ന് വിക്കറ്റും ആര്യൻ സാവ്സനി രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ബംഗ്ലാദേശ്-പാക്കിസ്ഥാൻ സെമി ഫൈനലിലെ വിജയികളുമായി ഫൈനലിൽ ഏറ്റുമുട്ടും.