പെരിയ (കാസര്‍ഗോഡ്): കേരള കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറിനെ പങ്കെടുപ്പിച്ചതിനെതിരേ നടന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ ദേശീയഗീതമായ വന്ദേമാതരത്തിനെതിരായ സമരമായി വ്യാഖ്യാനിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
ദേശീയ ഗീതത്തിനെതിരേ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് തുടര്‍ന്നു നടന്ന ദേശീയ സെമിനാറിന്റെ സെഷന് വിദ്യാര്‍ഥികള്‍ തടസപ്പെടുത്തി.
വന്ദേമാതരം ഗാനത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയിലെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമല്ലെന്നും ദേശീയഗീതത്തെ എതിര്‍ക്കാനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം സൂചിപ്പിച്ചു.
“ചില വിദ്യാര്‍ഥികള്‍ വന്ദേമാതരത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നു. ഡല്‍ഹി മുതല്‍ നമ്മുടെ തെരുവുകള്‍ വരെ ഇത്തരം ആളുകള്‍ രംഗത്തുവരുമ്പോള്‍ അവര്‍ക്കു പിന്നില്‍ ആരാണെന്നും ഏതു ശക്തിയാണെന്നും നാം കണ്ടെത്തേണ്ടതുണ്ട്. അതിനെതിരേ നാം എല്ലാവരും പ്രവര്‍ത്തിക്കണം’’- അദ്ദേഹം പറഞ്ഞു.