ടെഹ്റാൻ: അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ കടലിനടിയിലെ ഇന്റർനെറ്റ്, ടെലികോം കേബിളുകൾ നശിപ്പിക്കുമെന്ന് ഇറാൻ. ഇതിനുള്ള വിശദമായ പദ്ധതി തയാറാക്കിയതായി ഇറേനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പക്ഷേ, നശിപ്പിക്കപ്പെട്ട കേബിളുകൾ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാനും ഇറാൻ സമ്മതിക്കില്ല. അമേരിക്ക തീകൊണ്ടു കളിക്കരുതെന്നും കടലിനടിയിലെ കേബിളുകൾ അനായാസം നശിപ്പിക്കാൻ ഇറാനു കഴിയുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അമേരിക്കയിൽ നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം ഇറാനിൽ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചിരുന്നു.
ആഗോള ഇന്റർനെറ്റ് ട്രാഫിക്കിന്റെ 99 ശതമാനവും കടലിനടിയിലെ കേബിളുകളിലൂടെയാണ്. എന്നാൽ ഇറാനു സ്വാധീനമുള്ള ഹോർമുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര ബാൻഡ്വിഡ്ത്തിന്റെ ഒരു ശമതാനം മാത്രമേ കടന്നുപോകുന്നുള്ളൂ. അതിനാൽ ഇറാന്റെ ആക്രമണം ആഗോളതലത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കില്ല.
ഗൾഫ് മേഖലയിലെ യുഎസ് ബന്ധമുള്ള ഡേറ്റാ സെന്ററുകളും നിർമിത ബുദ്ധി കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.