കല്പ്പറ്റ: പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ആഴമറിഞ്ഞ പാരമ്പര്യ കര്ഷകനാണ് മുട്ടില് വിവേകാനന്ദ മെഡിക്കല് മിഷനിലെ ഡോ. ധനഞ്ജയ് സഗ്ദേവിനുശേഷം പദ്മശ്രീ വയനാട്ടിലെത്തിച്ച ചെറുവയല് രാമന്. ലാഭേച്ഛയില് മനുഷ്യന് മണ്ണിനോടു കാട്ടുന്ന ക്രൂരതകളില് വ്യഥിതമായിരുന്നു അദ്ദേഹത്തിന്റെ മനസ്.
വയനാട്ടില് കാലാവസ്ഥയിലുണ്ടായ താളപ്പിഴകള്ക്ക് മുഖ്യകാരണം മനുഷ്യര് മണ്ണില് ചെയ്യുന്ന അരുതായ്മകളാണെന്ന് രാമന് പല വേദികളിലും തുറന്നടിച്ചിട്ടുണ്ട്. വര്ധിച്ച വിളവിന് കൃഷിയിടങ്ങളില് രാസവളങ്ങളും കീടനാശിനികളും വരുംതലമുറകളെ കരുതാതെ പ്രയോഗിക്കുന്നവരെ മനസില് കണ്ടായിരുന്നു കാലനുസൃതമല്ലെന്ന് പലര്ക്കും തോന്നാവുന്ന രാമന്റെ വിമര്ശനശരങ്ങള്.
ഋതുക്കള് ക്രമഭംഗം വരുത്താതെയും ഒത്തതാളത്തിലും വന്നുപോയിരുന്ന ഇടമായിരുന്നു ഏതാനും ദശാബ്ദങ്ങള് മുമ്പുവരെ വയനാട്. എന്നാല്, ഇപ്പോള് അതിവൃഷ്ടിയും അനാവൃഷ്ടിയും അത്യുഷ്ണവും കൊടും ശൈത്യവുമൊക്കെയാണ് ജില്ലയിലെ ഭൂപ്രദേശങ്ങളില് സംഭവിക്കുന്നത്. ഇതിന്റെ തിക്തഫലങ്ങള് മലയോര പ്രദേശങ്ങളിലെ ജനജീവിതത്തിന്റെ കാര്ഷികവൃത്തിയിലെയും ചിട്ടവട്ടങ്ങള് അപ്പാടെ പൊളിച്ചെഴുതുകയാണ്.
കാറ്റിന്റെയും മഴയുടെയും വരവിലും പോക്കിലും രാമനുള്ള അനുഭവജ്ഞാനം അദ്ദേഹവുമായി സംഭാഷണങ്ങളില് ഏര്പ്പെടുന്ന കാര്ഷികകുതുകികളെ വിസ്മയപ്പെടുത്തിയിരുന്നു. കുംഭമഴ, മീനമഴ, മേടമഴ, ഇടവപ്പാതി, കര്ക്കടകമഴ, ചിങ്ങമഴ, തുലാമഴ എന്നിങ്ങനെ ആറുതരത്തില് മഴകള് വര്ഷിച്ചിരുന്ന നാടാണ് വയനാട്. പതിവുതെറ്റാതെയുള്ള വര്ഷസമൃദ്ധി വിവിധതരം വിളകളുടെ ഉത്പാദനത്തില് പ്രതിഫലിച്ചിരുന്നു. മഴയെ ആശ്രയിച്ചായിരുന്നു കരയിലും നിലത്തും കൃഷി.
ഓരോ മഴക്കാലത്തിനുമൊത്തതായിരുന്നു കൃഷിരീതികള്. കാലപ്രയാണത്തില് മഴയെ ആശ്രയിച്ച് കാര്ഷിക പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാനാകില്ലെന്ന് സ്ഥിതി സംജാതമായി. മഴ എപ്പോഴെല്ലാം എങ്ങനെയെല്ലാം പെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ധര്ക്കുപോലും പ്രവചിക്കാനാകാത്ത അവസ്ഥ. ഇക്കാര്യത്തിലുള്ള ആകുലത പൊതുവേദികളില് രാമന് പലവട്ടം പങ്കുവച്ചിട്ടുണ്ട്.
കിഴക്കന് കാറ്റ്, തെക്കന് കാറ്റ്, വടക്കന് കാറ്റ്, പടിഞ്ഞാറന് കാറ്റ്, ചുഴലിക്കാറ്റ് എന്നിങ്ങനെ അഞ്ചുതരം കാറ്റുകള് ജില്ലയില് വീശിയിരുന്നതായി ഓര്ത്തുപറഞ്ഞിരുന്ന രാമന് അവയുടെ സവിശേഷതകള് തന്നെ കാണാനെത്തുന്ന വിദ്യാർഥികളോടും മറ്റും വിശദീകരിച്ചിരുന്നു.
കുന്നിടിക്കലും വയല് നികത്തലും ജില്ലയിലെ സ്വാഭാവികപ്രകൃതിയുടെ നശീകരണത്തിന് കാരണമായെന്ന പക്ഷക്കാരനാണ് രാമന്. എല്ലാവര്ഷവും മേയ് മുതല് സെപ്റ്റംബര്വരെ വലിയ അളവില് മണ്ണ് കുഴിച്ചും മാന്തിയുള്ള പ്രവൃത്തികള് നിയമംമൂലം നിരോധിക്കണമെന്ന അഭിപ്രായക്കാരനുമായിരുന്നു അദ്ദേഹം.
പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകന് എന്ന നിലയില് ഖ്യാതി നേടിയ രാമന്റെ കാര്ഷികജീവിതം ആഹ്ലാദഭരിതമായിരുന്നില്ല. കഷ്ടനഷ്ടങ്ങള് സഹിച്ചും സാമ്പത്തിക പരിമിതികളോടു പൊരുതിയുമാണ് അദ്ദേഹം പല നെല്ലിനങ്ങളും കുറ്റിയറ്റുപോകാതെ സംരക്ഷിച്ചത്. നഷ്ടം സഹിച്ചുള്ള കൃഷിയുടെ പേരില് സ്വന്തം കുടുംബത്തില്നിന്നുപോലും അദ്ദേഹത്തിന് കുറ്റപ്പെടുത്തല് കേള്ക്കേണ്ടിവന്നിട്ടുണ്ട്.
അര്ഹതയ്ക്കുള്ള അംഗീകാരമായി ഇടവിട്ട് തേടിയെത്തുന്ന പുരസ്കാരങ്ങളില് പലതിലും സാമ്പത്തിക നിറവ് ഉണ്ടായിരുന്നില്ല. വി.ഡി. സതീശന് സര്ക്കാര് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ പേരില് ഏര്പ്പെടുത്തിയ പ്രഥമ കാര്ഷിക പുരസ്കാരത്തിന് ചെറുവയല് രാമനെയാണ് തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും അഞ്ചു ലക്ഷം രൂപയുമടങ്ങുന്ന ഈ പുരസ്കാരത്തെ മറ്റ് അവാര്ഡുകളിൽനിന്ന് ഏറെ വ്യത്യസ്തമായാണ് രാമന് കണ്ടത്. അദ്ദേഹത്തിന്റെ വിയോഗം കാര്ഷിക വയനാടിന്റെയാകെ നഷ്ടമാണ്.