ആലപ്പുഴ: 15 വര്‍ഷമായിട്ടും ലക്ഷ്യം പൂര്‍ത്തിയാകാതെ മലിനമായി ആലപ്പുഴ പട്ടണ ചത്വരം. സമീപത്തുള്ള ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണം പൂർത്തിയാകുന്നമുറയ്ക്ക് ചത്വരവും പ്രവർത്തനം തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.
ചത്വരം പൊതുജനങ്ങള്‍ക്കായി തുറന്നു നല്കിയ ശേഷം ഒരു തരത്തിലുമുള്ള അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ചത്വരത്തിനു ചുറ്റുമായി ജോഗിംഗ് ട്രാക്ക്, റോളര്‍ സ്കേറ്റിംഗ് റിങ്ക്, ഇരിക്കാന്‍ ബെഞ്ചുകള്‍ തുടങ്ങി അധികച്ചെലവില്ലാതെ നിര്മിക്കാവുന്ന സൗകര്യങ്ങളൊന്നും നിർമാണ സമയത്ത് പരിഗണിച്ചില്ല.
വര്‍ക്ഷോപ്പും പേ പാര്‍ക്കിംഗും മറ്റും നടത്താന്‍ സ്വകാര്യവ്യക്തികള്‍ക്കു വാടകയ്ക്കു നല്കി, പൊതുജനങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചു കെട്ടിയടയ്ക്കുകയാണ് ആദ്യകാലത്ത് മുനിസിപ്പാലിറ്റി ചെയ്തത്.
പട്ടണഹൃദയത്തിലുള്ള ചത്വര പ്രദേശമാകെ കാടുംപടലും പിടിച്ചു കിടക്കുകയാണ്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രം. ഗാലറിയുടെ വശങ്ങളും മറ്റും എലി കുഴിച്ചിട്ടിരിക്കുന്നതിനാല്‍ അതെല്ലാം പെട്ടെന്നു ഇടിഞ്ഞുപൊളിയാന് സാധ്യത ഉണ്ട്. നിര്‍മിതികളുടെയും സമീപ കെട്ടിടങ്ങളുടെയും ഭിത്തികള്‍ പൊട്ടിയും പൊളിഞ്ഞും മരങ്ങള്‍ വളര്‍ന്നും തുടക്കം മുതൽ വൃത്തികേടായി നില്ക്കുന്നു.
തുടക്കത്തില്‍ വെട്ടിമാറ്റിയ മരങ്ങളുടെ കുറ്റികള്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കുട്ടികളുടെ കളിസ്ഥലത്തെ കളിയുപകരണങ്ങള്‍ പൊട്ടിയും പൊളിഞ്ഞും അവിടവിടെ കിടക്കുന്നു. ആവര്‍ത്തിച്ചുള്ള ആവശ്യത്തെത്തുടര്‍ന്നു സ്ഥാപിച്ച ലൈറ്റുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രിയായാല്‍ അന്ധകാരം നിറയുന്നു. അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സൗകര്യപ്രദമായ താവളമായി ഇവിടം മാറി. ചത്വരത്തിന്റെ തെക്ക് അതിരായുള്ള മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ പുറകുഭാഗത്തുള്ള മലിനജല കുഴലുകളും ടാങ്കുകളും ദുർഗന്ധത്തോടെ ചോര്‍ന്നൊലിക്കുകയാണ്.
ജില്ലാക്കോടതി പാലം പുനർനിർമാണം ആരംഭിച്ചപ്പോൾ ചത്വരത്തിനുള്ളിലൂടെ ചെറിയ വാഹനങ്ങൾക്കായി താത്കാലിക വഴി തുറന്നു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളൊന്നും മാസങ്ങളായി ഒരുക്കിയില്ല. അപകടകരങ്ങളായ കല്ലും കട്ടയും തൂണും കേബിളും പോലും നീക്കം ചെയ്തില്ല. അതിലൂടെ നിരോധനം മറികടന്ന് ഭാരവാഹനങ്ങളും അലക്ഷ്യമായി ഓടിക്കുന്നു. തിരക്കായത്തോടെ ചത്വരലക്ഷ്യവും ഇല്ലാതായി. നിലവിൽ മറ്റു പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾക്കായി വൻ കുഴികൾ കഴിച്ചിട്ടിരിക്കുകയാണ്.
കാലപ്പഴക്കത്താൽ തകർച്ചയിലായ കെട്ടിടത്തിൽനിന്ന് മുനിസിപ്പൽ ലൈബ്രറിയും മാറ്റി. ചത്വരം നിലവിൽ മാലിന്യശേഖരണ കേന്ദ്രമാക്കിയതോടെ മാലിന്യ മലകളായി. ആരും വരാതെയുമായി.
ഏറെ പ്രതീക്ഷയോടെ ആരംഭം
ടൂറിസം വകുപ്പ് നിര്‍മിച്ച ആലപ്പുഴ പട്ടണ ചത്വരം (ആലപ്പുഴ ടൗണ്‍ സ്ക്വയര്‍) 2011 സെപ്റ്റംബര്‍ എട്ടിനാണ് ഉദ്ഘാടനം ചെയ്തത്. മേഴ്സി ഡയാന മാസിഡോ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന കാലത്തായിരുന്നു അത്. ഓപ്പണ്‍ എയര്‍ തിയറ്റര്‍ അടക്കം വിവിധ സൗകര്യങ്ങള്‍ക്കായുള്ള പല കെട്ടിടങ്ങളുണ്ടായിട്ടും അവയെല്ലാം വളരെ ചുരുക്കം പരിപാടികള്‍ക്കേ ഉപയോഗിച്ചിട്ടുള്ളു.
പിന്നീട് അതിലെയൊരു കെട്ടിടം കേരള ലളിതകലാ അക്കാഡമി ആര്‍ട്ട് ഗാലറിക്കായി നല്കിയതു മാത്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ യുവാക്കള്‍ ക്രിക്കറ്റും ഷട്ടില്‍ ബാഡ്മിന്റണും മറ്റും കളിച്ചിരുന്നു. നിലവിൽ എഡിബിഎ ബാസ്കറ്റ്ബോൾ ഓപ്പൺ സ്റ്റേഡിയം പ്രവർത്തിക്കുന്നു. നൂറുകണക്കിന് കുട്ടികളാണ് ഇവിടെ പരിശീലനം നേടുന്നത്. ചത്വരം പുനർനിർമിക്കുമ്പോൾ ബാസ്കറ്റ്ബോൾ, ഫ്ലഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയമാക്കി മാറ്റി കൂടുതൽ പ്രയോജനപ്രദമാക്കണമെന്ന് കായികപ്രേമികൾ ആഗ്രഹിക്കുന്നു.
കയര്‍ ഫാക്ടറി പിന്നീട് മുനിസിപ്പല്‍ മൈതാനം
പിയേഴ്സ്ലെസ്ലി കയര്‍ ഫാക്ടറി പൊളിച്ചു നീക്കിയപ്പോള്‍ അതിരുന്ന സ്ഥലം പിന്നീട് മുനിസിപ്പല്‍ മൈതാനമായി അറിയപ്പെട്ടു. അവിടെ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നിര്‍മിക്കാനായിരുന്നു അക്കാലത്ത് മുനിസിപ്പാലിറ്റിയുടെ താത്പര്യം.
അതിനായി സ്ഥാപിച്ച തറക്കല്ല് മൈതാനത്തിനു നടുവിലുണ്ടായിരുന്നു. പട്ടണവാസികള്‍ക്കു വിശ്രമിക്കാനും സ്വറപറയാനുമുള്ള ഇടമായി മൈതാനം കിടക്കുമ്പോള്‍, വിവിധ സമ്മേളനങ്ങളുടെയും ഉത്സവകാലങ്ങളില്‍ സര്‍ക്കസുകളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥിരവേദിയുമായിരുന്നു. അങ്ങനെ കിടന്നിരുന്ന മൈതാനത്താണ് ഒന്നര പതിറ്റാണ്ടു മുന്‍പ് പട്ടണ ചത്വരത്തിനു രൂപം നല്‍കിയത്.