കേരള കോണ്‍ഗ്രസിന്റെ വളർച്ചയിലും രൂപപരിണാമങ്ങളിലും വലിയ പങ്കുവഹിച്ച നേതാവാണ് കഴിഞ്ഞ ദിവസം അന്തരിച്ച തോമസ് കുതിരവട്ടം. കേരള കോണ്‍ഗ്രസിന്റെ തുടക്കകാലം മുതൽ 1991 വരെ കെ.എം. മാണിയുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനിന്ന സഹപ്രവർത്തകനാണ് അദ്ദേഹം.
പാർട്ടി നേരിട്ട എല്ലാ പ്രതിസന്ധികളിലും അദ്ദേഹം മാണിസാറിന് ശക്തമായ പിന്തുണ നൽകി കൂടെ നിന്നു. തലസ്ഥാനത്തെത്തിയാൽ ട്യൂട്ടേഴ്സ് ലെയിനിലെ ദീപിക ഓഫീസിൽ നിശ്ചയമായും എത്തുകയും രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ വിഷയങ്ങളെയുംകുറിച്ച് ഏറെ നേരം സംസാരിച്ചിരിക്കുകയും പതിവാക്കിയിരുന്ന കേരള കോണ്‍ഗ്രസ് നേതാക്കളിൽ ഒരാളാണ് അദ്ദേഹം.
ഒരിക്കൽ കുതിരവട്ടം വന്നത് കാൽമുട്ട് പരിശോധിപ്പിക്കുന്നതിന് ജൂബിലി ആശുപത്രിയിലെ ഡോ. ജോർജ് ആൻഡ്രൂസിനെ കാണാനാണ്. അന്ന് പതിവില്ലാതെ അദ്ദേഹം പറഞ്ഞു. ഓഫീസിൽ തിരക്കില്ലെങ്കിൽ വാ, നമുക്ക് ഡോക്ടറെ കാണാൻ പോകാം. ഞാനും കൂടെ പോയി. ആശുപത്രിയിൽ ഊഴം കാത്തിരിക്കുന്പോൾ ആരോ ഒരാൾ ഓടി വന്നു.
കുലീനമായി വേഷം ധരിച്ച ഒരു മധ്യവയസ്ക്കൻ. അതി സന്പന്നനാണെന്ന് തോന്നുന്ന വേഷഭൂഷാദികൾ. കുതിരവട്ടം സാറല്ലേ എന്ന് ആദരവോടെ കൈകൂപ്പിക്കൊണ്ട് ചോദിച്ച അദ്ദേഹം പറഞ്ഞു സാറു കാരണമാണ് ഞാനും എന്റെ കുടുംബവും രക്ഷപ്പെട്ടത്. അന്ന് സാറ് സർട്ടിഫിക്കറ്റ് ശരിയാക്കി തന്നതുകൊണ്ട് എനിക്ക് അക്കര യ്ക്ക് പോകാനൊത്തു. ഇന്ന് ഞാനും കുടുംബവും അനുഭവിക്കുന്നതെല്ലാം സാറിന്റെ സഹായം കൊണ്ടുണ്ടായതാണ്. അദ്ദേഹം ഏറെ ആദരവോടെ പറഞ്ഞു. ഞാൻ എന്തെങ്കിലും ചെയ്യണോ അയാൾ ചോദിച്ചു. ഇപ്പോൾ ഒന്നും വേണ്ട കുതിരവട്ടം സന്തോഷത്തോടെ പറഞ്ഞു.
ഡോക്ടറെ കണ്ടു മടങ്ങുന്പോൾ അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടയിൽ ഇങ്ങനെ പലയിടത്തും വച്ച് പലരും വരാറുണ്ട്. അവരുടെ ജീവിതങ്ങൾ പച്ചപിടിക്കാൻ സഹായിച്ച കഥകൾ പറഞ്ഞുകൊണ്ട്. രാഷ്ട്രീയ പ്രവർത്തനം തന്ന ഏറ്റവും വലിയ ദൈവനുഗ്രഹമാണ് ഇത്. എത്രപേരെ ഇങ്ങനെ സഹായിച്ചിരിക്കും എന്ന് ഞാൻ ചോദിച്ചപ്പോൾ ധാരാളം പേർ ഉണ്ടാവും എന്നായിരുന്നു മറുപടി.
പലപ്പോഴും രാഷ്ട്രീയ പ്രവർത്തനത്തിലുടെ പാഴായിപ്പോയ നാളുകളെക്കുറിച്ച് അദ്ദേഹം സങ്കടത്തോടെയും പറഞ്ഞിരുന്നു. സ്നേഹിച്ച പലരും വഞ്ചിച്ച കഥകൾ. രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും അദ്ദേഹം ചിട്ടിപോലുള്ള ബിസിനസുകൾ നടത്തി ജീവിക്കാൻ പണം ഉണ്ടാക്കിയിരുന്നു. പണത്തിന് ബുദ്ധിമുട്ടുള്ള പലർക്കും കുറി വീഴ്ത്തി സഹായിച്ചിരുന്നു.
അവസാനം രാഷ്ട്രീയത്തിന്റെ തിരക്കുകൾ എല്ലാം വിട്ട് അദ്ദേഹം സഭാ പ്രവർത്തനങ്ങളിൽ മുഴുകി. പാവങ്ങൾക്കു വീടു വച്ചുകൊടുക്കുന്ന ഒരു പദ്ധതിയുടെ നടത്തിപ്പുകാരനായി. പഠിക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിച്ചു. രോഗികളെ സഹായിച്ചു. രാഷ്ട്രീയ കാര്യങ്ങൾ ചോദിച്ചാൽ ഒന്നും ഓർക്കുന്നില്ല എന്നായി മറുപടി.
കോണ്‍ഗ്രസിലെ പി.ടി. ചാക്കോ ഗ്രൂപ്പുകാരനായിരുന്ന കുതിരവട്ടം കെഎസ്സിയിലൂടെയും യൂത്ത് ഫ്രണ്ടിലൂടെയും വളർന്ന് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും വൈസ് ചെയർമാനുമായി. ദീർഘകാലം ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. കെഎസ്സിയൂടെയും യൂത്ത് ഫ്രണ്ടിന്റെയും സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു. 1972ലെ കോളജ് സമരകാലത്തെല്ലാം തീപ്പൊരിപോലെ കത്തിനിന്ന യുവനേതാവ്.
1976ൽ പാർട്ടി പിടിക്കുന്നതിന് മാണി രൂപീകരിച്ച ഒന്‍പതംഗ സംഘത്തിൽ അംഗമായിരുന്നു കുതിരവട്ടം. പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, ജോർജ് ജെ. മാത്യു, കെ.വി. കുര്യൻ, വി.ടി. സെബാസ്റ്റ്യൻ, ഒ. ലൂക്കോസ്, പി.സി. ജോസഫ് എന്നിവരായിരുന്നു മറ്റംഗങ്ങൾ. ഈ സംഘത്തിലെ പലരും മാണിയെ വിട്ടുപോയപ്പോഴും കുതിരവട്ടം മാണിയോട് വിശ്വസ്തനായി നിന്നു.
1980ൽ ചെങ്ങന്നൂരിൽനിന്നു കേരള കോണ്‍ഗ്രസിന്റെ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു നിസാരവോട്ടിന് തോറ്റു. 1985-91 വരെ രാജ്യസഭാംഗമായിരുന്നു. ചന്ദ്രശേഖർ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച തർക്കത്തിൽ കെ.എം. മാണിയോട് ഉടക്കിയ കുതിരവട്ടം പാർട്ടി വിട്ടു. കേന്ദ്രമന്ത്രിസഭയിൽ അംഗമാകുന്നിടം വരെ എത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയവളർച്ച തകർക്കപ്പെട്ടു. ആ സംഭവങ്ങളുടെ ഉള്ളുകള്ളികൾ ഉൾപ്പെടുത്തി ‘പൊള്ളുന്ന രഹസ്യങ്ങളുടെ ചെപ്പേട്’ എന്ന പുസ്തകം രചിച്ചു.
പിൽക്കാലത്ത് കേരള കോണ്‍ഗ്രസ് ബിയിൽ ചേർന്നെങ്കിലും അധികകാലം അവിടെ തുടർന്നില്ല. അവസാനം മാണി ഗ്രൂപ്പിൽ തന്നെ തിരിച്ചെത്തി. പക്ഷേ കുതിരവട്ടം പാർട്ടിയിൽ പഴയ കുതിരവട്ടം ആയില്ല. അദ്ദേഹം അതിന് ശ്രമിച്ചതും ഇല്ല പകരം സഭാ പ്രവർത്തനങ്ങളിൽ മുഴുകി ദൈവത്തെയും പാവങ്ങളെയും സ്നേഹിച്ചു, ശുശ്രൂഷിച്ചു. ആരോടും പകയില്ലാതെ സമാധാനത്തിൽ ജീവിച്ചു.