മുംബൈ: ക്രൈസ്തവസമൂഹം ഭാരതത്തിനു ചെയ്ത സംഭാവനകൾ അതുല്യമാണന്നും വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും സഭയുടെ സേവനങ്ങൾ പൊതുസമൂഹം എന്നും ഓർമിക്കുമെന്നും സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഇന്ന് നാട്ടിൽനിന്നു കുടിയേറ്റങ്ങൾ വർധിച്ചു വരുമ്പോൾ ചെല്ലുന്ന പ്രദേശങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകാനും സഭയുടെ പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും ഓരോ ക്രൈസ്തവനും ശ്രമിക്കണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു. പൻവേൽ എആർസിയിൽ കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. ആർച്ച്ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ട്രഷറർ ടോണി പുഞ്ചകുന്നേൽ, മോൺ. സിറിയക് കുമ്പാട്ട്, അഡ്വ. ബിജു പറയനിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ഷെവ. ഡോ. കെ.എം. ഫ്രാൻസിസ്, രാജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.
ഡീൻ കുര്യാക്കോസ് എംപി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം ഗ്ലെൻ ഇസൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. വർഗീസ് വള്ളിക്കാട്ട്, ജോർജ് കള്ളിവയലിൽ, അഡ്വ. ബിജു പറയന്നിലം, ഡോൾഫി ഡിസൂസ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സമ്മേളനം ഇന്നു സമാപിക്കും.