തൃശൂർ: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ പടിഞ്ഞാറേകോട്ടയിൽ നടപ്പാക്കിയ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം ഒടുവിൽ പിൻവലിച്ചു. ദിശാസൂചകങ്ങളിലെ വൈരുധ്യം യാത്രക്കാരിൽ വലിയ ആശയക്കുഴപ്പവും അപകടസാധ്യതയും സൃഷ്ടിച്ചതിനെത്തുടർന്ന് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി. തൃശൂരിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽനിന്നു നഗരത്തിലേക്ക് പ്രവേശിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന കേന്ദ്രമാണിത്.
റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, അരണാട്ടുകര, എറണാകുളം, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഇവിടെ വലത്തോട്ടു തിരിഞ്ഞാണ് പോകേണ്ടത്. ലക്ഷങ്ങൾ ചെലവിട്ട് സിവിൽ ലെയ്ൻ റോഡിൽ സ്ഥാപിച്ച കൂറ്റൻ ദിശാസൂചക ബോർഡിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇതിൽനിന്ന് 25 മീറ്റർ മുന്നോട്ടുപോകുമ്പോൾ വലത്തോട്ടു തിരിയേണ്ട ഭാഗത്ത് നോ റൈറ്റ് ടേൺ ബോർഡ് സ്ഥാപിച്ച് പൊലിസ് ഗതാഗതതടസം സൃഷ്ടിക്കുകയായിരുന്നു. ഔദ്യോഗിക ബോർഡിലെ നിർദേശപ്രകാരം എത്തുന്ന വാഹനയാത്രികർ ഇതുകണ്ട് വഴിതെറ്റി ബുദ്ധിമുട്ടിലായി.
ഈ വൈരുധ്യം വലിയ അപകടസാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ജില്ലാ കളക്ടർക്കും സിറ്റി പൊലിസ് കമ്മിഷണർക്കും നിവേദനം നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അസിസ്റ്റന്റ് പൊലിസ് കമ്മിഷണറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് യാത്രക്കാരുടെ ദുരിതത്തിന് കാരണമായ പരിഷ്കാരം ഒഴിവാക്കിയത്.