ബേലച്ചൻ എന്ന ഫാ. ആബേൽ പെരിയപ്പുറം സിഎംഐ ആയിരങ്ങളുടെ ഓർമകളിൽ ജീവിച്ചുതുടങ്ങിയിട്ട് ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകുന്നു. അദ്ദേഹം വളർത്തിയ നൂറുകണക്കിന് കലാകാരന്മാരിലൂടെ അദ്ദേഹം തലമുറകളിലൂടെ ജീവിച്ചുകൊണ്ടേയിരിക്കും.
ഒരു കത്തോലിക്കാ പുരോഹിതനായിരിക്കുന്പോഴും നാനാജാതി മതസ്ഥരോടും സംവദിക്കാനും സൗഹൃദം സ്ഥാപിക്കാനും കലയിലൂടെ ആബേലച്ചനായി. കലയ്ക്കും സംഗീതത്തിനും ജാതിയോ മതമോ ഇല്ലെന്നാണ് ആബേലച്ചൻ ഓർമിപ്പിച്ചത്. ജാതിഭേദങ്ങളുടെ അതിരുകൾക്കപ്പുറത്ത് ഏവരെയും ഒന്നിപ്പിക്കുന്ന വലിയ ശക്തിയും സാധ്യതയുമാണ് കലയും സംഗീതവുമെന്നും ലോകത്തെ പഠിപ്പിക്കുകയായിരുന്നു ആബേലച്ചൻ.
അദ്ദേഹത്തിന്റെ ശിക്ഷണം സ്വീകരിച്ച് ഇന്നു കലാഭവൻ എന്ന പേര് തങ്ങളുടെ പേരുകളോടൊപ്പം ചേർത്തു വിജയവഴികളെ അടയാളപ്പെടുത്തുന്ന എത്രയോ കലാകാരന്മാരെ നമുക്കറിയാം. ഇവരെല്ലാം തങ്ങളെ അവതരിപ്പിക്കുന്പോൾ ആബേലച്ചൻ നയിച്ച, അദ്ദേഹത്തിന്റെ ശിക്ഷണം ലഭിച്ച കലാഭവനിലൂടെയാണ് കലാജീവിതത്തിന്റെ സാധ്യതകളുടെ പാരമ്യത്തിലേക്ക് നടന്നുകയറിയതെന്നു പറയാൻ മറക്കാറുമില്ല.
ഒരുമയുടെ ഈണം
കലയും സംഗീതവും സമൂഹത്തെ എന്നും ഒരുമിച്ചുനിർത്തുന്നതാണ്. ഒരു നല്ല കലാകാരൻ സമാധാനത്തിന്റെയും സമന്വയത്തിന്റെയും പ്രവാചകനാണ്. കല സമാധാനത്തിന് എന്ന ദർശനം ഇക്കാലത്ത് ഏറെ പ്രസക്തമാണല്ലോ. ഏതു ഭാഷക്കാരെയും ഏതു ദേശക്കാരെയും ഒരുമിച്ചു ചേർക്കാൻ കഴിയുന്നവരാകണം കലാപ്രവർത്തകർ. ആബേലച്ചൻ തുടങ്ങിവച്ച കലാപ്രവർത്തനം ഒരു മതവിഭാഗത്തിനുവേണ്ടി മാത്രമായിരുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന കലാ-സാംസ്കാരിക കേന്ദ്രങ്ങൾ നമുക്കുണ്ടാകണമെന്ന വിശാലകാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് ആബേലച്ചൻ നിർവഹിച്ചത്. ഈ വിശാലദർശനം പുതിയ കാലത്ത് നമ്മുടെ നാട്ടിൽ സജീവമാകേണ്ടതുണ്ട് എന്നുകൂടിയാണ് ആബേലച്ചന്റെ 25-ാം ചരമവാർഷികം ഓർമപ്പെടുത്തുന്നത്.
ജീവിതം, അതിജീവനം
എറണാകുളം ജില്ലയിലെ മുളക്കുളത്ത് 1920 ജനുവരി 19നാണ് ആബേലച്ചന്റെ ജനനം. മാത്തന്വൈദ്യരുടെയും ഏല്യാമ്മയുടെയും അഞ്ചാമത്തെ മകന്. സ്കൂള്‍ പഠനകാലത്തുതന്നെ എഴുത്തിനോടും കലയോടും ആഭിമുഖ്യമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്റെയും കവിതകള്‍ വായിച്ചും ചൊല്ലിയും കലയെ ഇഷ്ടപ്പെട്ട ബാല്യം.
സന്യാസിനിയും കവയിത്രിയുമായിരുന്ന സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം) ബന്ധുവായിരുന്നുവെന്നത് കവിതകളോടുള്ള കമ്പം ഇരട്ടിപ്പിച്ചു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കര്‍മല കുസുമം മാസികയില്‍ ‘അര്‍ഥം അനര്‍ഥം മൂലം’ എന്ന തലക്കെട്ടില്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു. 20-ാം വയസിലാണ് സിഎംഐ സമൂഹത്തില്‍ ചേര്‍ന്നു വൈദിക പരിശീലനം ആരംഭിച്ചത്. 1951ല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടില്നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആറു മാസം ദീപികയില്‍ സേവനം. ശേഷം പൊളിറ്റിക്കല്‍ സയന്‍സും ജേര്‍ണലിസവും പഠിക്കാന്‍ റോമിലേക്ക്. അവിടന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി. മടങ്ങിയെത്തിയശേഷം 1961 വരെ ദീപികയുടെ പത്രാധിപസമിതിയില്‍ സേവനം ചെയ്തു. ഇക്കാലഘട്ടത്തിലാണ് കുട്ടികള്‍ക്കായുള്ള മഹത്തായ പ്രസ്ഥാനം ദീപിക ബാലസഖ്യത്തിന് (ഡിസിഎല്‍) തുടക്കമിട്ടത്. ഡിഎസിഎലിന്റെ ആദ്യത്തെ കൊച്ചേട്ടൻ എന്നനിലയിലും കൊച്ചേട്ടന്റെ കത്തുകളിലൂടെയും ആബേലച്ചൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസമേഖലയ്ക്കും പ്രിയങ്കരനായി.
കോഴിക്കോട് ദേവഗിരി കോളജില്‍ സുറിയാനിഭാഷാ പ്രഫസറും ഹോസ്റ്റല്‍ വാര്‍ഡനുമായി സേവനം ചെയ്തശേഷം കാല് നൂറ്റാണ്ടുകാലം അച്ചന്റെ പ്രവര്‍ത്തനമേഖല എറണാകുളത്തായിരുന്നു. വലിയ കഷ്ടപ്പാടുകളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് ആബേലച്ചൻ കലാഭവനെയും കലാപ്രസ്ഥാനങ്ങളെയും വളർത്തിയത്. ആത്മീയശക്തിയിലാണ് ആ പ്രതിസന്ധികളെ അതിജീവിച്ച് അദ്ദേഹം മുന്നോട്ടുനീങ്ങിയത്. ഉള്ളിൽ ജ്വലിച്ച താപസചൈതന്യം ആബേലച്ചന് മുന്നോട്ടേക്കുള്ള വഴികളിൽ പ്രകാശമായി.
മരിക്കാത്ത പാട്ടുകൾ
സീറോമലബാർ സഭയിൽ വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ ആദ്യത്തെ തദ്ദേശീയ സന്യാസസമൂഹമായ സിഎംഐയിൽ അംഗമായ ആബേലച്ചൻ, സഭയുടെ ആരാധനാക്രമ പൈതൃകത്തിനു നൽകിയ സംഭാവന അതുല്യമാണ്. അദ്ദേഹമെഴുതിയ ഗാനങ്ങൾ വർഷങ്ങളായി സീറോമലബാർ സഭയിലെ ലക്ഷക്കണക്കിനു വിശ്വാസികളെ ആത്മീയമായ അനുഭവത്തിലൂടെ നടത്തുന്നു.
ഗാനഗന്ധര്വന് യേശുദാസ് പാടി അനശ്വരമാക്കിയ ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി...’ എന്നാരംഭിക്കുന്ന പാട്ട് ക്രൈസ്തവവിശ്വാസികള്‍ മാത്രമല്ല, മലയാളികളുള്ളയിടത്തെല്ലാം പതിറ്റാണ്ടുകളായി ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ആബേലച്ചന് എന്ന ബഹുമുഖപ്രതിഭ കുറിച്ചതാണ് എക്കാലത്തെയും പ്രിയപ്പെട്ട ഈ ഗാനം.
ഈശ്വരനെത്തേടി ഞാന്‍... എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു..., മനുഷ്യാ നീ മണ്ണാകുന്നു..., ഗാഗുല്ത്താമലയില്നിന്നും..., നട്ടുച്ച നേരത്ത്... കാലത്തെ അതിജീവിച്ചും പാടി മതിവരാത്ത നൂറുകണക്കിനു പാട്ടുകളാണ് ആബേലച്ചന്റെ തൂലികയില്‍നിന്നു രൂപപ്പെട്ടത്. സാഹിത്യസന്പന്നമായ വരികൾ, അനുപമമായ ശൈലി, സുന്ദരമായ പ്രയോഗങ്ങൾ എന്നിവയെല്ലാം ആബേലച്ചന്റെ പാട്ടുകളെ വേറിട്ടതാക്കി. വിശുദ്ധവാരകർമങ്ങൾ, കുരിശിന്റെ വഴി, സംസ്കാരശുശ്രൂഷകൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന ആബേലച്ചന്റെ പാട്ടുകൾ നമ്മുടെ ഹൃദയങ്ങളിൽ ഇടം നേടി.
1965ല്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാറേക്കാട്ടിലാണ് ആരാധനാക്രമത്തിലെ പ്രാര്‍ഥനകളും പാട്ടുകളും സുറിയാനിയില്‍നിന്നു മലയാളത്തിലേക്കു മൊഴിമാറ്റം നടത്താനുള്ള ദൗത്യം ആബേലച്ചനെ ഏല്‍പ്പിച്ചത്. മൂന്നു വര്‍ഷം എറണാകുളം അരമനയില്‍ താമസിച്ചാണ് ഈ വലിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
2001 ഒക്ടോബർ 27നാണ് ആബേലച്ചന്റെ ജീവിതഗാനം നിലച്ചത്. അബേലച്ചന്റെ വരികളെയും സ്മരണകളെയും അർഹിക്കുന്ന പ്രാധാന്യത്തോടെ സൂക്ഷിച്ചുവയ്ക്കാനും വരും തലമുറകളിലേക്കു പകർന്നുകൊടുക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്നു മറക്കാതിരിക്കാം.
(ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറാണ് ലേഖകൻ.)