വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും നിഷ്പ്രഭരാക്കി ഡെമോക്രാറ്റിക് പാർട്ടിക്ക് അട്ടിമറിവിജയം.
രാജ്യമെമ്പാടും വീശിയടിച്ച ‘നീലതരംഗത്തിൽ’ സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും പൂർണ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽപ്പോലും വൻ വിള്ളലുകൾ വീഴ്ത്തിയാണ് ഡെമോക്രാറ്റുകൾ ഈ ചരിത്രപരമായ തിരിച്ചുവരവ് നടത്തിയത്. സർക്കാർ വിരുദ്ധ തരംഗത്തിൽ ട്രംപിന്റെ വിശ്വസ്തരെല്ലാം കടപുഴകി.
വോട്ടെണ്ണൽ അവസാനഘട്ടത്തിൽ എത്തിയപ്പോൾ 435 അംഗ ജനപ്രതിനിധി സഭയിൽ 228 സീറ്റുകൾ സ്വന്തമാക്കിയ ഡെമോക്രാറ്റിക് പാർട്ടി 100 അംഗ സെനറ്റിൽ അംഗബലം 54 ആയി വർധിപ്പിച്ചും വ്യക്തമായ മേൽക്കൈ നേടി.ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും ഗവർണർ പദവികൾ ഡെമോക്രാറ്റിക് പാർട്ടി പിടിച്ചെടുത്തു.
16 വർഷത്തിനിടെ ആദ്യമായാണ് ഗവർണർമാരുടെ എണ്ണത്തിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ച അഞ്ചു സംസ്ഥാനങ്ങളിലെ ഗവർണർ ഭരണമാണ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചത്.
ട്രംപിന്റെ രണ്ടാം ഭരണകാലത്തെ അവസാന രണ്ടു വർഷങ്ങളിലെ തീരുമാനങ്ങളെ നിയന്ത്രിക്കാനും പുതിയ നിയമനിർമാണങ്ങൾക്ക് തടയിടാനും ആവശ്യമെങ്കിൽ ഭരണപരമായ അന്വേഷണങ്ങൾ പ്രഖ്യാപിക്കാനും ഈ വൻ വിജയം ഡെമോക്രാറ്റുകൾക്ക് വലിയ കരുത്തു പകരും. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സൂചനകൂടിയാണ് ഈ തെരഞ്ഞെടുപ്പുഫലം.
ഭരണവിരുദ്ധ തരംഗവും ജനരോഷവും
ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക-വിദേശ നയങ്ങൾക്കെതിരേയുള്ള ശക്തമായ ജനവികാരമാണ് ഈ തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചത്. അതിരൂക്ഷമായ ജീവിതച്ചെലവും ഇന്ധനവിലവർധനയും സാധാരണക്കാരായ ജനങ്ങളെ ഭരണപക്ഷത്തിനെതിരേ ചിന്തിപ്പിച്ചു.
കൂടാതെ ഇറാനുമായുള്ള സൈനികനീക്കങ്ങളും അതിനെത്തുടർന്ന് വിപണിയിലുണ്ടായ അസ്ഥിരതയും ജനങ്ങളിൽ വലിയ അമർഷമാണുണ്ടാക്കിയത്. കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ വരുംദിവസങ്ങളിൽ വൈറ്റ് ഹൗസും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയപോരാട്ടം കൂടുതൽ രൂക്ഷമാകും. ഡെമോക്രാറ്റുകളുടെ നീക്കത്തെ പ്രസിഡന്റിന്റെ വീറ്റോ അധികാരം പ്രയോഗിച്ചു നേരിടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
കോട്ടകൾ തകർത്ത് ചരിത്രവിജയം
പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളായിരുന്ന പല സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയങ്ങൾ കൊയ്തു. കാൻസസിൽ 94 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഡെമോക്രാറ്റ് സ്ഥാനാർഥി സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. ടെക്സസിൽ 38 വർഷത്തിനുശേഷം ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റ് തിരികെപ്പിടിച്ചപ്പോൾ ഐയോവയിലും പാർട്ടി മികച്ച വിജയം നേടി.
ഒഹായോയിലെ ഗവർണർ മത്സരത്തിൽ പ്രമുഖ ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ നേതാവുമായ വിവേക് രാമസ്വാമിക്ക് അപ്രതീക്ഷിത തോൽവിയാണു നേരിട്ടത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ആമി ആക്ടനാണു രാമസ്വാമിയെ പരാജയപ്പെടുത്തിയത്.
അതേസമയം, തെരഞ്ഞെടുപ്പുഫലം നിരാശാജനകമാണെങ്കിലും ജനവിധി പൂർണമായും അംഗീകരിക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും വ്യക്തമാക്കി. ഡെമോക്രാറ്റുകൾ മികച്ച പ്രചാരണമാണു നടത്തിയതെന്നും രാജ്യത്തിന്റെ നന്മയ്ക്കായി അവരുമായി ചേർന്നു പ്രവർത്തിക്കുമെന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ, താൻ നേരിട്ടു മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.