Kerala
തിരുവനന്തപുരം: എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബൈബിളിൽനിന്നു ലഭിച്ച അറിവിലൂടെ നടത്തിയ ബൈബിൾ പ്രഭാഷണങ്ങൾ പുസ്തക രൂപത്തിലാകുന്നു.
"ആദം നീ എവിടെയാകുന്നു’ എന്ന പേരിട്ടിട്ടുള്ള പുസ്തകത്തിൽ വി.ഡി സതീശൻ വിവിധ ക്രൈസ്തവ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
22 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. നിന്റെ രാജ്യം വരേണമേ, ഈശോയിൽ ജീവിച്ച കൊച്ചുത്രേസ്യ, നീ എന്റെ സങ്കേതവും കോട്ടയും, മുൾപ്പടർപ്പിലെ മോശ, പേരു ചൊല്ലിവിളിക്കുന്ന ദൈവം തുടങ്ങിയ 22 അധ്യായങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വായന തന്റെ ജീവിതത്തോട് കൂടിച്ചേർന്നപ്പോൾ മുതൽ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്നു സതീശൻ ആമുഖക്കുറിപ്പിൽ പറയുന്നു.
ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷമായി ലോകത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നു വിവരിക്കുന്ന സതീശൻ ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനുള്ള ആത്മവിശ്വാസമാണ് ക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിട്ടുള്ളത്.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന് ഐഒസി ഡാളസ് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ജോഫി ജേക്കബ്.
നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്തയച്ചു.
പ്രവാസി മലയാളികൾക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലുമുള്ള പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി. സതീശന്റെ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനശൈലിയും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പൊതുസമൂഹത്തിന് പൂർണവിശ്വാസമുള്ള, ശക്തനായ ഒരു നേതാവെന്ന നിലയിലാണ് സതീശന് യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിക്കുവാൻ സാധിച്ചതെന്ന് ജോഫി ജേക്കബ് ചൂണ്ടിക്കാട്ടി.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് വലിയ ആവേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട കുളനട സ്വദേശിയും 18 വർഷമായി അമേരിക്കയിൽ ആരോഗ്യമേഖലയിൽ സംരംഭകനുമാണ് ജോഫി ജേക്കബ്.
Kerala
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീം യുഡിഎഫ് എന്നത് അക്ഷരാർഥത്തില്‍ അടിവരയിടുന്നതായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജനമെന്നും സതീശൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായിട്ടാണെങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യുഡിഎഫ് മുന്നോട്ട് പോയത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരാന്‍ മൂന്നു ദിവസം എടുത്തെന്നതാണ് വാര്‍ത്ത. പണ്ടൊക്കെ എത്ര ദിവസമാണ് എടുത്തിരുന്നതെന്നും സതീശൻ ചോദിച്ചു.
സിപിഎം തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിന്റെ നടപടിക്രമം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ മധുസൂദന്‍മിസ്ത്രി ചെയര്‍മാനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നില്‍ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കണം. അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുര്‍ ഖാര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്.
ആദ്യ ദിവസം തന്നെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ തയാറായിരുന്നെങ്കിലും മധുസൂദന്‍മിസ്ത്രിയ്ക്ക് ഡല്‍ഹിയില്‍ എത്താനായില്ല. ആരോഗ്യപ്രശ്നമായിരുന്നു കാരണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ചു.
ചില ചാനലുകള്‍ കഴിഞ്ഞ കുറെ ദിവസമായി ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ്. ഒരു ചാനല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല്പതോളം വ്യാജ വാര്‍ത്തകളാണ് കോണ്‍ഗ്രസിനെതിരെ ഉണ്ടാക്കിയത്. അന്തരീക്ഷത്തില്‍ നിന്നും ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി. നുണ ബോംബുകള്‍ക്ക് രണ്ട് മണിക്കൂറത്തെ ആയുസ് പോലും ഉണ്ടായില്ല.
തന്റെ ഔചിത്യം കൊണ്ട് ആ ചാനലിന്റെ പേര് പറയുന്നില്ല. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന വാര്‍ത്ത ആദ്യം ചില ചാനലുകള്‍ നല്കി. പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ഞങ്ങള്‍ തീരുമാനം എടുത്തിട്ടില്ല. രാത്രിയായപ്പോള്‍ മത്സരിക്കില്ലെന്ന് വാര്‍ത്ത നല്കി. അപ്പോഴും അതുസംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ല.
കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്നും ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്നും സുധാകരനെ സ്ഥാനാർഥിയാക്കിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജവയ്ക്കുമെന്ന് വി.ഡി സതീശന് പറഞ്ഞെന്നും ഇന്നലെ രാവിലെ വീണ്ടും വാര്‍ത്ത നല്കി.
ഞാന്‍ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്? എന്തൊരു മര്യാദകേടാണ് ചെയ്തത്? വിശ്വാസ്യതയുള്ള മുഖ്യധാര ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. കഴിഞ്ഞ 48 മണിക്കൂര്‍ ആ നേതാക്കളെ നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനോട് ഇത്രയും ക്രൂരത കാട്ടരുത്.
എകെജി സെന്ററില്‍ നിന്നും പണം പറ്റുന്ന ചില ചാനലുകള്‍ക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ ചേരരുത്. എകെജി സെന്ററില്‍ നിന്നും പണം പറ്റുന്ന ചാനലുകള്‍ എനിക്കെതിരെ പറഞ്ഞാല്‍ കുഴപ്പമില്ല. അതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. പക്ഷെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാത്ത വാര്‍ത്തകള്‍ നല്കി അധിക്ഷേപിക്കാമെന്നു കരുതേണ്ട. ഈ വര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങള്‍ തോല്‍ക്കില്ല.
നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ച് വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരം ഉള്‍ക്കൊണ്ട് ടീം യുഡിഎഫ്അധികാരത്തില്‍ എത്തും. ചാനല്‍ വാര്‍ത്തകള്‍ക്കും അപ്പുറത്ത് ജനഹൃദയങ്ങളില്‍ യുഡിഎഫുണ്ട്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് തിരിച്ച് വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തകര്‍ക്കാനാകില്ല.
എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് എല്ലാ കാലത്തും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ആസാമിലെയും പോണ്ടിച്ചേരിയിലേയും തമിഴ്നാട്ടിലെയും സിഇസി നടക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയത്. പോയ എല്ലാ സമയത്തും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചയില്‍ ആയിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും മര്യാദ ഇല്ലായ്മയുടെ മാക്സിമമാണ് ചാനലുകള്‍ ചെയ്തത്.
നിങ്ങള്‍ നല്കിയ വാര്‍ത്തകള്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്ക്. നിങ്ങള്‍ക്കെങ്കിലും നാണം വരട്ടെ. കെ. സുധാകരന് മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞോ? പാര്‍ട്ടിയേക്കാള്‍ വലുതല്ല ഞാനെന്ന ഒറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ നിങ്ങള്‍ അധിക്ഷേപിച്ചത്. കൊച്ചയിലെ കാര്യത്തില്‍ കെ.സി. വേണുഗോപാലും സതീശനും തമ്മില്‍ വഴക്ക്, സതീശന് ഇറങ്ങിപ്പോയി എന്നു പോലും വാര്‍ത്ത നല്കി. ഞങ്ങള്‍ തമ്മില്‍ വഴക്ക് നടന്നെന്ന വാര്‍ത്ത നല്‍കിയവരെ ഓര്‍ത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സീറ്റ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്.
സ്ഥാനാർഥിത്വം വൈകിയെന്ന വാക്ക് ഇനി ഉപയോഗിക്കരുത്. വാര്‍ത്ത നിങ്ങള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഒരു നേതാക്കളും ഒന്നും പ്രതികരിച്ചില്ല. സീറ്റിന് അര്‍ഹതയുള്ള ഒന്നിലധികം പേരുണ്ട്. ചരിത്രം നോക്കിയാല്‍ അത് തന്നെ എത്രയോ കുറവാണ്. 2001 ല്‍ ഡല്‍ഹിയില്‍ നിന്നും തീരുമാനിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. അതൊക്കെ ഇപ്പോള്‍ സിപിഎമ്മിലാണ് സംഭവിച്ചത്.
ഒരാളെ ഒരു സീറ്റില്‍ സ്ഥാനാർഥിയാക്കിയിട്ട് അയാള്‍ ഇറങ്ങില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അതൊന്നും വലിയ വാര്‍ത്തയല്ല. എന്നിട്ട് അയാള്‍ക്ക് വേറെ സീറ്റ് നല്കി. ആ പ്രശ്നമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. വിമതരൊക്കെ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അതൊക്കെ വൈകാരികമായ തീരുമാനങ്ങളാണ്. അതൊക്കെ നേരില്‍ കണ്ടോ ഫോണില്‍ വിളിച്ചോ തീര്‍ക്കാവുന്നതേയുള്ളൂ.
സാമൂഹികഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിളെ തീരുമാനിച്ച പാര്‍ട്ടിയില്‍ എന്ത് അനിശ്ചിതത്വം ഉണ്ടായെന്നാണ് പറയുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
എല്‍ഡിഎഫിന്റെ തിരുവനന്തപുരം സെന്‍ട്രലില്‍ ആരാണ് സ്ഥാനാര്‍ഥി? അതൊക്കെ ഇടയ്ക്ക് വാര്‍ത്തയാക്കണം. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ഥികളും വന്നോ? അതൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കുന്നത് വളരെ കുറവാണ്. ഇങ്ങോട്ട് മാത്രമാണ് ഫോക്കസെന്നും സതീശൻ ആരോപിച്ചു.
Kerala
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് ഗോവിന്ദന് ചോദിച്ചു.
ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്മെന്റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്മെന്റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്.
പരസ്പര സ്നേഹത്തോടെ സ്റ്റേജ് മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് കേരളം പോലൊരു നാടിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുകയെന്നും ഗോവിന്ദന് ചോദിച്ചു.
Kerala
കോഴിക്കോട്: വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.
ജാഥ ക്യാപ്റ്റൻ വി.ഡി. സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യതവഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.
പിന്നീട് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി "പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ' വെന്നും കൂട്ടിച്ചേർത്തു.
NRI
തിരുവനന്തപുരം: ഓസ്ട്രീയ പാർലമെന്റ് അംഗവും ഭരണപക്ഷ പാർട്ടിയായ നിയോസ് പാർട്ടി സ്ഥാപക നേതാവുമായ വീറ്റ് വലെന്റീൻ ഡാൻഗ്ലർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം നിരവധി വിഷയങ്ങൾ മുഖ്യമന്ത്രിയുമായി സംവദിച്ചു.
District News
പെരുമ്പാവൂർ: നൂതനങ്ങളും വ്യത്യസ്തങ്ങളുമാർന്ന പദ്ധതികളിലൂടെ മുന്നേറുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ട് 55 ലക്ഷം രൂപ ചെലവഴിച്ച് മുടക്കുഴ പഞ്ചായത്തിലെ കണ്ണംഞ്ചേരി മുകളിൽ നിർമിച്ച ടർഫ് കോർട്ടിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ,
പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുനിത്ത്, ജോസ് എ. പോൾ, രജിത ജെയ്മോൻ, ഡോളി ബാബു, വൽസ വേലായുധൻ, അനാമിക ശിവൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, കെ.എസ്. സന്തോഷ് കുമാർ, ദീപ ശ്രീജിത്ത്, റെജി ഷിജുകുമാർ എന്നിവർ പ്രസംഗിച്ചു.