International
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷണറിമാർ. കത്തോലിക്കാ മാധ്യമമായ ഫിഡെസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
ഇതോടെ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ജീവത്യാഗം ചെയ്ത മിഷണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടവരിൽ വൈദികര്‍, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർഥികൾ, അല്മായർ എന്നിവരുള്‍പ്പെടുന്നു.
ഭൂഖണ്ഡം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 2025ൽ ഏറ്റവും കൂടുതൽ മിഷണറിമാര്‍ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. ആറു വൈദികർ, രണ്ട് സെമിനാരി വിദ്യാർഥികൾ, രണ്ട് മതബോധന അധ്യാപകര്‍ എന്നിവരുള്‍പ്പെടെ പത്തു മിഷണറിമാരാണു കൊല്ലപ്പെട്ടത്. അമേരിക്കയില്‍ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട മിഷണറിമാരില്‍ ഒരു വൈദികനും അല്മായനും ഉള്‍പ്പെടെ രണ്ടുപേർ ഏഷ്യയിൽനിന്നുള്ളവരാണ്. ഒരു വൈദികന് യൂറോപ്പിൽ കൊല്ലപ്പെട്ടു. അതേസമയം, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ലോകമെമ്പാടും നൂറുകണക്കിന് മിഷണറിമാരും ആയിരക്കണക്കിന് ക്രൈസ്തവരും ക്രിസ്തുവിശ്വാസത്തെപ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
International
വത്തിക്കാൻ സിറ്റി: സമാധാനമെന്നത് കൂട്ടുത്തരവാദിത്വമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ക്രിസ്മസ് ദിനത്തിൽ ഊർബി എത്ത്ഓർബി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലബനൻ, പലസ്തീൻ, ഇസ്രയേൽ, സിറിയ എന്നീ രാജ്യങ്ങളിൽ നീതിയും സമാധാനവും സ്ഥിരതയും ഉണ്ടാകാൻ മാർപാപ്പ പ്രാർഥിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ സത്യസന്ധവും പരസ്പരബഹുമാനത്തിലുള്ളതുമായ ചർച്ചയ്ക്ക് മാർപാപ്പ ആഹ്വാനം ചെയ്തു.
“ലോകമെന്പാടും തുടരുന്ന, പ്രത്യേകിച്ച് അവഗണിക്കപ്പെട്ട യുദ്ധങ്ങളുടെ ഇരകൾക്കുവേണ്ടിയും അനീതിയും അസ്ഥിരതയും മതപീഡനവും ഭീകരവാദവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുവേണ്ടിയും ബെത്ലേഹമിലെ ശിശുവിൽനിന്ന് സമാധാനവും ആശ്വാസവും നമുക്ക് അപേക്ഷിക്കാം” -മാർപാപ്പ പറഞ്ഞു.
സുഡാൻ, സൗത്ത് സുഡാൻ, മാലി, ബുർക്കിന ഫാസോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലും ലോകത്തെ മറ്റിടങ്ങളിലും യുദ്ധത്തിനും സംഘർഷത്തിനും ഇരകളായവരോട് മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഹെയ്ത്തി, മ്യാൻമർ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങൾക്കുവേണ്ടിയും അദ്ദേഹം പ്രാർഥിച്ചു. തായ് ലാൻഡും കംബോഡിയയും തമ്മിൽ പൗരാണിക കാലം മുതലുള്ള സൗഹൃദം പുനഃസ്ഥാപിക്കാനും മാർപാപ്പ പ്രാർഥിച്ചു.
"ഏവർക്കും സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ്! ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും വാഴട്ടെ''എന്ന ആശംസയും പ്രഭാഷണത്തിന്റെ അവസാനം ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, അറബ്, ചൈനീസ്, ലാറ്റിൻ ഭാഷകളിൽ മാർപാപ്പ നേർന്നു.
NRI
വത്തിക്കാന്‍ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്കു പ്രവേശിക്കവെ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു.
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്മസിന് ട്രീയും പുല്‍ക്കൂടും ഒരുക്കി നൽകിയ പ്രതിനിധികളും വിവിധ ഇറ്റാലിയന്‍ രൂപതകളില്‍നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്‍ക്കൂടും പ്രകാശിപ്പിച്ചത്.
സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ് ഇവോ മ്യൂസറും ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പയും ബിഷപ് ജ്യുസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽനിന്നു കൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്മസ് ട്രീയായി ഉപയോഗിച്ചത്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം. 2026 ജനുവരി 11 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കും.
NRI
വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതാധ്യാപകരുടെ ജൂബിലിയാഘോഷം ഇന്നുമുതൽ 28 വരെ വത്തിക്കാനിലും റോം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ഇന്ത്യയുൾപ്പെടെ 115 രാജ്യങ്ങളിൽനിന്നുള്ള 20,000ത്തിലധികം മതാധ്യാപകർ പങ്കെടുക്കും.
ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ‘വിശുദ്ധ വാതിൽ’ കടന്നുകൊണ്ടാകും ആഘോഷപരിപാടികൾ ആരംഭിക്കുക. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
തവൈകുന്നേരം 6.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സായാഹ്നപ്രാർഥനയ്ക്ക് സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗം പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിഷെല്ല നേതൃത്വം നൽകും.
നാളെ രാവിലെ പത്തിന് ലെയോ പതിനാലാമൻ മാർപാപ്പ ജൂബിലിയാഘോഷത്തിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്യും. വൈകുന്നേരം നാലിന് റോമിലെ വിവിധ പള്ളികളിൽ മെത്രാന്മാരുടെ സാന്നിധ്യത്തിൽ ഇറ്റാലിയൻ, ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ് ഭാഷകളിൽ മതാധ്യാപകർക്കായി പ്രത്യേക സമ്മേളനങ്ങൾ നടക്കും.
28നു രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ജൂബിലിയാഘോഷം സമാപിക്കും. ഇന്ത്യയിൽനിന്നുൾപ്പെടെ മികവ് പുലർത്തിയ 39 മതാധ്യാപകരെ മാർപാപ്പ ആദരിക്കും.
ആലപ്പുഴ രൂപതാംഗവും വിശ്വാസരൂപീകരണത്തിനായുള്ള സിസിബിഐ കമ്മീഷൻ നാഷണൽ കൗൺസിൽ മെംബറുമായ ബോബൻ ക്ലീറ്റസ്, ബംഗളൂരു അതിരൂപതാംഗവും യുകാറ്റ് സംഘടനയുടെ മെംബറുമായ സുനിൽ ആന്റണി തോമസ്, ഹൈദരാബാദ് അതിരൂപതാംഗവും യൂത്ത് കാറ്റിക്കിസം ഓഫ് കാത്തലിക് ചർച്ച് (യുകാറ്റ്) മെംബറുമായ ലാരിസ പീറ്റർ എന്നിവരാണ് ഇന്ത്യയിൽനിന്ന് ആദരിക്കപ്പെടുന്ന മതാധ്യാപകർ.
NRI
വത്തിക്കാൻ സിറ്റി: വിശുദ്ധ കാർലോ അക്കുത്തിസിന്റെ ജീവ ചരിത്രകാരനായ മലയാളി വൈദികൻ ഫാ. എഫ്രേം കുന്നപ്പള്ളിക്ക് വത്തിക്കാനിലെ വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം സഹകാർമികനാകാൻ കഴിഞ്ഞതിന്റെ ആത്മ നിർവൃതി വാക്കുകൾക്കതീതം.
കഴിഞ്ഞ ഏഴിനാണ് കാർലോ അക്കുത്തിസിനെയും പിയർ ജോർജോ ഫ്രസാത്തിയെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കാർലോ അക്കുത്തിസിന്റെ അമ്മയും പിയർ ജിയോർജിയോ ഫ്രസാത്തിയുടെ കുടുംബവും നൽകിയ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു വത്തിക്കാനിലെത്തിയത്.
2007-ൽ കാർലോയുടെ അമ്മയുമായി പരിചയപ്പെട്ട ഫാ. എഫ്രേം 12 വയസുള്ളപ്പോഴാണ് ജീവ ചരിത്ര രചന നടത്തിയത്. 2011-ലാണ് ഇംഗ്ലീഷിലുള്ള ഈ ഗ്രന്ഥം പൂർത്തിയാക്കിയത്. സ്കൈപ്പ് മുഖാന്തരം കാർലോയുടെ മാതാപിതാക്കളുമായി സംഭാഷണം നടത്തിയാണ് ഗ്രന്ഥം തയാറാക്കിയത്. ഈ ഗ്രന്ഥമാണ് കാർലോയുടെ നാമകരണ നടപടികൾക്ക് വിത്തു പാകിയത്.
2013ൽ കാർലോ ദൈവദാസനായപ്പോൾ, ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്കുത്തിസിന്റെ നേതൃത്വവും ഫാ. എഫ്രേമിനായിരുന്നു. ബ്രസീൽ, ഫിലിപ്പീൻസ്, അർജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇദ്ദേഹം കാർലോയുടെ സന്ദേശം പ്രചരിപ്പിച്ചു.
ഇടുക്കി ജില്ലയിൽ ഉപ്പുതറ സ്വദേശികളായ റിട്ട. എസ്ഐ ജോയിസിന്റെയും പരേതയായ ജെസിയുടെയും മകനാണ് എഫ്രേം അച്ചൻ. കാർലോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ടീ ഷർട്ടും അഴുകാത്ത ഹൃദയത്തിന്റെ ഭാഗവും ഉൾപ്പെടുത്തി ഇന്ത്യയിൽ നടന്ന പ്രദർശനങ്ങൾക്ക് നേതൃത്വം നൽകിയതും അച്ചനായിരുന്നു.
ഇതിനു പുറമേ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി നടത്തിയ പ്രയാണത്തിന് തുടക്കമിടാൻ കഴിഞ്ഞത് അച്ചന്റെ മനസിൽനിന്ന് ഇന്നും മാഞ്ഞിട്ടില്ല. കാർലോ വോയിസ് മാഗസിനും ഹൈവേ ഓഫ് ഹെവൻ എന്ന ഗ്രന്ഥവും അച്ചൻ പുറത്തിറക്കിയിട്ടുണ്ട്.
ഭാരതത്തിൽ കാർലോ അക്കുത്തിസ് മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള ശിലാഫലകം പാപ്പ വെഞ്ചരിച്ച് നൽകിയിരുന്നു. 2007-ൽ പിയർ ജോർജോ ഫ്രസാത്തിയെക്കുറിച്ചുള്ള പുസ്തകം അദ്ദേഹത്തിന്റെ സഹോദരീപുത്രിയുടെ സഹായത്തോടെയാണ് എഫ്രേം അച്ചൻ രചിച്ചത്.
കാർലോയുടെ ലാപ്ടോപ്പ്, കാൽക്കുലേറ്റർ, ടെന്നീസ് ബാറ്റ് തുടങ്ങിയവ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് എത്തിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അച്ചൻ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ, മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് പള്ളിപ്പറന്പിൽ, കർദിനാൾ പിസബല്ല, കർദിനാൾ ക്ലീമിസ് മാർ ബസേലിയോസ് ബാവ, കർദിനാൾ ലുയിസ് റഫേൽ സാക്കോ, മാർ റഫേൽ തട്ടിൽ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധപദവി പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് അപൂർവ അനുഭവമാണെന്നാണ് എഫ്രേം അച്ചൻ പറയുന്നത്.