വിഎസ് എന്ന രണ്ടക്ഷരം ഒടുങ്ങാത്ത സമരവീര്യത്തിന്റെ ചുരുക്കപ്പേരാണ്. ഇടതുപ്രത്യയശാസ്ത്ര സിദ്ധാന്തത്തെ മുറുകെപ്പിടിച്ചു സാമാന്യ മനുഷ്യന്റെ നോവുകൾ തൊട്ടറിഞ്ഞതുകൊണ്ടാണു വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് ജനപ്രിയ നേതാവായത്. അധികാരലബ്ധിയിലും കടന്നുവന്ന വഴികളെ മറക്കാതിരുന്ന വിഎസിന്റെ ജീവിതംതന്നെ തൊഴിലാളിവർഗ സ്നേഹത്തിന്റെ മാനിഫെസ്റ്റോയാണ്. കലഹവും പ്രതിരോധവും വിമർശനവും ചിന്തയും ഇല്ലാതെ പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിൽ അമർന്നുപോയ ഇന്നത്തെ സിപിഎമ്മിനു വി.എസ് ഇല്ലാതിരുന്ന കഴിഞ്ഞ ഒരു വർഷക്കാലം ആശയദാരിദ്ര്യത്തിന്റെകൂടി വരൾച്ചാകാലമായിരുന്നു.
ചരിത്രത്തിന്റെ അഗ്നികുണ്ഡത്തിൽനിന്നുവന്ന ഒരു മനുഷ്യന്റെ കഥകൂടിയാണ് വി.എസിന്റെ രാഷ്ട്രീയജീവിതം. സ്വന്തം ജീവിതംതന്നെ അദ്ദേഹം സമരമാക്കി മാറ്റി. ജീവിതവഴിയിൽ മുഴുവൻ തടസങ്ങളായിരുന്നു. വഴിമുടക്കാൻ മുന്നിൽ നിന്നവരെ വെള്ളിയരഞ്ഞാണംകൊണ്ട് അടിച്ചോടിച്ച ബാല്യകാല കഥയെ ഓർമിക്കുംവിധം തന്നെയായിരുന്നു പിന്നീടങ്ങോട്ടു പാർട്ടിയിലെ പുതിയ കഥകളിൽ വി.എസ് പലപ്പോഴും പൊട്ടിത്തെറികൾ സൃഷ്ടിച്ചത്. വിവാദങ്ങളിൽ ചോദ്യമുയരുന്പോഴെല്ലാം സ്വന്തം കണ്ണടകൾക്കിടയിലൂടെ കണ്ണിളക്കി അതു ശരിവയ്ക്കുന്ന പ്രത്യേക വൈഭവവും വി.എസിനുണ്ടായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയെ എസ്.എ. ഡാങ്കയോട് ഉപമിച്ച് അച്ചടക്കനടപടിക്കു വിധേയനായ ശേഷവും അവിഭക്ത പാർട്ടിയുടെ ദേശീയ കൗണ്സിലില്നിന്ന് ഇറങ്ങിപ്പോയ കഥ പറഞ്ഞ് വലതുപക്ഷ അവസരവാദ രാഷ്ട്രീയവും വി.എസ് ഓർമിപ്പിച്ചത് ഇന്നു സിപിഎം രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാകുകയാണ്.
ഓരോ തെരഞ്ഞെടുപ്പു കഴിയുന്പോഴും സിപിഎമ്മിന്റെ ജനകീയ അടിത്തറ ഇളകുകയാണ്. പ്രത്യയശാസ്ത്ര ബുദ്ധിജീവികൾക്കുപോലും പ്രതിവിധി കണ്ടെത്താനാകാത്ത അപാരമായ തകർച്ചയിലേക്കു സിപിഎമ്മും ഇടതുപക്ഷവും വീണുപോയിരിക്കുന്നു. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ രാഷ്ട്രീയ ശക്തിദുർഗമായ കേരളവും തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ കൈവിട്ടു. അങ്ങനെ രാജ്യത്ത് ആകെയുണ്ടായിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റു ഭരണവും (താത്കാലികമാകാം) അവസാനിച്ചു. ഓരോ തോൽവിയിലും പിഴവുകൾ തിരുത്തുമെന്നു പറയുന്നതല്ലാതെ ആത്മാർഥമായി അതുണ്ടാകുന്നില്ല. ഇവിടെയാണു വി.എസ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്നു പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർപോലും ഇപ്പോൾ വിലപിക്കുന്നത്.
തിരുത്തൽ പോരാട്ടം തുടർന്നു
പാർട്ടിയിലെ രാഷ്ട്രീയം ഇനി പുറത്തു മിണ്ടിപ്പോകരുതെന്നു വിലക്കുന്പോഴെല്ലാം ആ വിലക്കു പൊട്ടിച്ചു വി.എസ് പറുത്തുവന്നിരുന്നു. തക്കം കിട്ടുന്പോഴെല്ലാം കപട നേതൃത്വത്തിനെതിരേ പൊട്ടിത്തെറിക്കാൻ വിഎസ് മടികാണിച്ചില്ല. അച്ചടക്കത്തിന്റെ വാൾ തലയ്ക്കു മുകളിൽ നിൽക്കുന്പോഴും പിന്തിരിപ്പിക്കാൻ കൂടെയുള്ളവർതന്നെ നന്നേ പരിശ്രമിച്ചപ്പോഴും വി.എസ് പിന്മാറിയില്ല. അനാരോഗ്യം ചൂണ്ടിക്കാണിച്ചു ഡോക്ടർമാർപോലും വി.എസിനെ മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചിരിച്ചു മൗനിയായി. ജീവിതത്തിന്റെ അവസാനനാൾ വരെ ഈ തിരുത്തൽ പോരാട്ടം അദ്ദേഹം തുടർന്നു. ശക്തമായി പിന്തുണച്ചവരും കൂടെ നിന്നവരും മറുപക്ഷത്തേക്കു കുടമാറ്റിയെങ്കിലും വി.എസിലെ പോരാട്ടം അവസാനിച്ചില്ല. പാർട്ടി കമ്മിറ്റികളിലെ തീരുമാനങ്ങൾ പുറത്തു മാധ്യമങ്ങൾക്കു ലഭിക്കുന്നതിനു പിന്നിൽ വി.എസിന്റെ സന്തത സഹചാരികളാണെന്ന ഗുരുതരമായ ആരോപണം ഉണ്ടായി. ഈ ആരോപണത്തിന്റെ കുന്തമുന നീണ്ടതും വി.എസിനു നേരേയായിരുന്നു. ഇതിനും അദ്ദേഹം നേതൃത്വത്തിന് ഉചിതമായ മറുപടി നൽകി. മാധ്യമ സിൻഡിക്കറ്റെന്ന് ആരോപിക്കുന്നവർതന്നെ അതിനെ ആശ്രയിക്കുന്നു. ഇതായിരുന്നു വി.എസ് അന്നു നൽകിയ മറുപടി.
വിഎസ് എന്ന തിരുത്തൽശക്തിയുടെ അഭാവം
പിന്നീടു വി.എസ് സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിന്നപ്പോഴും സിപിഎം നേതൃയോഗങ്ങളിലെ വാർത്തകൾക്ക് ഒരു ക്ഷാമവും കേരളത്തിലുണ്ടായില്ല. അതിപ്പോഴും കൂടുതൽ തെളിമയോടെ നിർബാധം തുടരുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതാണു സിപിഎമ്മിന്റെ രാഷ്ട്രീയം. പത്തുവർഷം മുന്പു വരെ അത് അങ്ങനെതന്നെയായിരുന്നു. എന്നാൽ ഇന്നതു പാടേ മാറി. പാർട്ടി സെക്രട്ടറി പറയുന്നതിനു മുന്പുതന്നെ മുതിർന്ന നേതാക്കളെന്ന പുതിയ പരിവേഷം ചാർത്തി നിൽക്കുന്ന എ.കെ. ബാലനെപ്പോലുള്ള നേതാക്കൾ അഭിപ്രായം പറയുകയാണ്. ഒടുവിൽ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലെ വിഷയത്തിൽപോലും ഭിന്നാഭിപ്രായങ്ങൾ വിവിധ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പത്തുവർഷത്തിനിപ്പുറം പാർട്ടി മുഖപത്രത്തിനും ധാരണാപിശക് സംഭവിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പാപഭാരം ഏറ്റുവാങ്ങി നിൽക്കുന്ന പാർട്ടി സെക്രട്ടറി മറുപടി പയാൻ കഴിയാത്ത വിധം ദുർബലനായി. വി.എസ് എന്ന തിരുത്തൽശക്തിയുടെ അഭാവം സിപിഎം ശക്തമായി അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.
സിപിഎമ്മിന് ഇന്ന് അഴിമതിവിരുദ്ധ സമരങ്ങളില്ല. വിഷയദാരിദ്ര്യമല്ല കാരണം. നേതൃത്വം നൽകാൻ വി.എസിനെപ്പോലുള്ള ഒരു സമരനേതാവിന്റെ അസാന്നിധ്യം തന്നെയാണു നിതാന്തം. അഴിമതിക്കെതിരേയുള്ള പോരാട്ടമാണു വി.എസിനെ കൂടുതൽ ജനപ്രിയനാക്കിയതും രാഷ്ട്രീയമായി ശക്തനാക്കിയതും. 20 കൊല്ലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വർഷത്തെ ജയിൽശിക്ഷ വാങ്ങിക്കൊടുത്തത്. ഐസ്ക്രീം പാർലർ, പാമോലിൻ ഇറക്കുമതി, സൂര്യനെല്ലി എന്നിങ്ങനെ എത്ര കേസുകളാണു വി.എസ് എന്ന സമരപോരാളിയിലൂടെ കേരളം കണ്ടത്.
സന്ധി ചെയ്യാത്ത സമരപോരാളി
ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കു ബാർ കോഴ കേസിൽ രാജിവയ്ക്കേണ്ടിവന്നതു വി.എസിന്റെ നിയമപോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു. എന്തിന്? കഴിഞ്ഞ പത്തുവർഷം ഇടതുസർക്കാർ തന്നെ ഒളിപ്പിച്ചുവച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായിട്ടുള്ള മൈക്രോഫിനാൻസ് സാന്പത്തിക തട്ടിപ്പുകേസ് കോടതിയിലെത്തിച്ചതും സാക്ഷാൽ വിഎസ് ആയിരുന്നു. ഇപ്പോഴും ഈ കേസ് രാഷ്ട്രീയ വിവാദമായി നിലനിൽക്കുകയാണ്. ഇങ്ങനെ ആരോടും ഒന്നിനോടും സന്ധിചെയ്യാത്ത സമരപോരാളിയായിരുന്നു വിഎസ്. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ 51 വെട്ടേറ്റ് കൊലചെയ്യപ്പെട്ടതും അതിനെത്തുടർന്നു വിഎസും അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മിലുണ്ടായ പാർട്ടിയിലെ ആഭ്യന്തരസംഘർഷവും ഈ പാർട്ടിയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്.
ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നും വിഗ്രഹം ചുമക്കുന്ന കഴുതയെപ്പോലെയാണെന്നുമൊക്കെ വി.എസിനെ പാർട്ടി സമ്മേളനങ്ങളിൽ അധിക്ഷേപിച്ച നേതാക്കൾപോലും അവരുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാൻ വി.എസിനെ തോളിലേറ്റി നടക്കുന്ന കാഴ്ചയും രാഷ്ട്രീയകേരളം കണ്ടതാണ്. അത്രയ്ക്കു ജനപ്രിയനായിരുന്നു വി.എസ്. അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് ഇന്നു സിപിഎമ്മിലില്ല. അതിന്റെ പ്രത്യാഘാതങ്ങളാണു തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളിലുൾപ്പെടെ ഇപ്പോൾ സിപിഎം നേരിടുന്നത്.