വടകര: വടകര എംഡിഎംഎ കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന രണ്ടു അധ്യാപികമാരെ വടകര എന്‍ഡിപിഎസ് കോടതി രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം നാലിനു തിരികെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്.
മൂന്ന്, നാല് പ്രതികളായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ എന്നിവരെയാണു കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനായി പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് അപേക്ഷ നല്‍കിയതെങ്കിലും രണ്ടു ദിവസമാണു കോടതി അനുവദിച്ചത്.
കോടതിയില്‍നിന്നു പുറത്തിറങ്ങിയ പ്രതികള്‍ തങ്ങള്‍ക്ക് യാതൊന്നും പറയാനില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായിരുന്നു കാവ്യയും നീഷ്മയും. രണ്ടാം പ്രതിയായ മരുതോങ്കര സ്വദേശിയായ അധ്യാപിക കീര്‍ത്തനയെ നേരത്തേ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു.
വടകര സ്വദേശി സഫ്വാന്, ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികള്‍. കേസിലെ മുഖ്യ സൂത്രധാരനായ വയനാട് സ്വദേശിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എംഡിഎംഎ വില്പനയുടെ സാമ്പത്തിക ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധ്യാപികമാരെ അറസ്റ്റ് ചെയ്തത്. ഇടപാടുകാര്‍ പണം അയച്ചിരുന്നത് അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു.