കണ്ണൂർ: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ സഹോദരീപുത്രൻ ഇ.പി. ശ്യാംജിത്തിനെതിരേ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിയുമായി വൈദേകം മാനേജ്മെന്റ്.
വൈദേകം റിസോർട്ടിൽ ഇ.പി. ജയരാജന്റെ ഭാര്യ നിക്ഷേപിച്ച തുക പ്രമുഖ വ്യവസായി ശശിധരൻ കർത്തയുടേതാണെന്ന ശ്യാംജിത്തിന്റെ ആരോപണത്തിനെതിരേയാണു നോട്ടീസ്.
ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഏഴു ദിവസത്തിനകം തിരുത്തി പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസിൽ പറയുന്നു.
അതേസമയം, ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തികത്തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്നു സ്ഥാപിക്കുന്ന നിർണായക തെളിവുകളും വൈദേകം പുറത്തുവിട്ടു.
ദീപയെ ജോലിയിൽനിന്നു പുറത്താക്കിയത് അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാലാണെന്നും സ്ഥാപനത്തിലെ പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് ഇവർ പണം തട്ടിയെടുക്കുകയായിരുന്നുവെന്നും മാനേജ്മെന്റ് ആരോപിച്ചു.
തട്ടിപ്പ് തെളിയിക്കുന്ന വൗച്ചറുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട മാനേജ്മെന്റ്, സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പിആർഒ എന്ന പേരിൽ വ്യാജ വിസിറ്റിംഗ് കാർഡ് അച്ചടിച്ച് ഉപയോഗിച്ചതിനെതിരേ ഇയാൾ ജോലി ചെയ്യുന്ന ഐസിഎമ്മിൽ ഔദ്യോഗിക മായി പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.