ഛായാഗ്രാഹകൻ ഷാജികുമാറിനെ അനുസ്മരിച്ച് സംവിധായകൻ വൈശാഖ്. ഷാജികുമാർ എന്ന ഛായാഗ്രാഹകൻ ഇല്ലായിരുന്നെങ്കിൽ വൈശാഖ് എന്ന സിനിമാപ്രവർത്തകൻ ഉണ്ടാവില്ലായിരുന്നുവെന്ന് വൈശാഖ് കുറിച്ചു. ചേട്ടനെപ്പോലൊരാളുടെ വിയോഗം തരുന്ന വേദന പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാവില്ലെന്നും വൈശാഖ് പറയുന്നു.
വൈശാഖിന്റെ വാക്കുകൾ: ‘ചേട്ടനെക്കുറിച്ച് ഇങ്ങനെ കുറിക്കേണ്ടി വരുമെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ചേട്ടനെപ്പോലൊരാളുടെ വിയോഗം തരുന്ന വേദന പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാവില്ല, അതാണ് സത്യം.
ചേട്ടനില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന ഈ ഞാനെന്ന സിനിമാപ്രവർത്തകൻ ഉണ്ടാവില്ലായിരുന്നു. എനിക്കൊപ്പം ഒന്നിച്ച് ജോലി ചെയ്ത ഒരാൾ മാത്രമായിരുന്നില്ല ചേട്ടൻ, അതിലുമൊക്കെ എത്രയോ മുകളിലായിരുന്നു. എന്റെ സ്വന്തം സഹോദരൻ, എന്റെ ഏറ്റവും വലിയ കരുത്ത്, എന്തിനും എപ്പോഴും കൂടെയുണ്ടായിരുന്ന താങ്ങ്... ചേട്ടൻ എനിക്കായി ചെയ്തതിനൊക്കെയും ജീവിതകാലം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും.
ഇത്ര പെട്ടെന്ന് ചേട്ടനോട് വിട പറയേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒന്നിച്ചു ചെയ്തുതീർക്കാൻ നമുക്കിനിയും എത്രയോ സ്വപ്നങ്ങൾ ബാക്കിയുണ്ടായിരുന്നു!
ചേട്ടൻ കൂടെയില്ലാത്ത ഒരു സിനിമായാത്ര എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും സത്യത്തിൽ എനിക്കറിയില്ല. എന്റെ ഉള്ളിന്റെയുള്ളിൽ ആ അഭാവം എന്നും നീറുന്നൊരു ശൂന്യതയായി അവശേഷിക്കും.
ഇനി ആ മുഖം കാണാനോ ആ ശബ്ദം കേൾക്കാനോ കഴിയില്ലായിരിക്കാം, എങ്കിലും നമ്മളൊന്നിച്ചുണ്ടാക്കിയ ഓരോ ഓർമ്മകളും ജീവിതാവസാനം വരെ എന്റെ കൂടെത്തന്നെയുണ്ടാകും.
എന്റെ ജീവിതകഥയിൽ ഒരു ഭാഗമായി ചേട്ടൻ എന്നുമുണ്ടാകും. ഇതൊരു വിടപറച്ചിലല്ല ചേട്ടാ… എന്റെ ഹൃദയത്തിൽ ചേട്ടൻ എന്നും ജീവിക്കും. വാക്കുകൾക്ക് അതീതമായി ചേട്ടനെ മിസ് ചെയ്യുന്നു... ഷാജിച്ചേട്ടാ’.
വൈശാഖിന്റെ ആദ്യ സിനിമ മുതൽ ഒപ്പമുണ്ട് കാമറാമാൻ ഷാജികുമാർ. കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ‘പുലിമുരുകന്’ കാമറ ചലിപ്പിച്ചതും അദ്ദേഹമായിരുന്നു. പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൗണ്ട് തോമ, കസിൻസ്, മധുരരാജ, നൈറ്റ് ഡ്രൈവ് എന്നിവയാണ് ഇവർ ഒരുമിച്ച മറ്റു ചിത്രങ്ങൾ.