കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങളുടെ ഘടനാപരമായ സുസ്ഥിരതയെക്കുറിച്ച് ഗൗരവമായി കോർപറേഷൻ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം മേയറുമായി സംസാരിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കർശനമായ നിലപാടാണ് മേയറും ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ അനുവദിക്കില്ല.
കുറ്റക്കാർ ആരാണോ അവർക്കെതിരേ അന്വേഷണം നടത്തി ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാൽ മേലിൽ ഇത് ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ എല്ലാവരും ഒത്തുചേർന്ന് നിയമം നടപ്പാക്കണം.
നിയമം നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യുന്ന ഏത് ഉദ്യോഗസ്ഥൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.