തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ജനകീയ പങ്കാളിത്തത്തോടെയുള്ള മുന്നേറ്റത്തിനായുള്ള ആദ്യഘട്ടമായ വികസന കോണ്‍ക്ലേവ് വെള്ളിയാഴ്ച ചേളാരിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികള്‍ക്ക് പുറമേ ജനങ്ങള്‍ നല്കിയ 160ലധികം നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് പദ്ധതികളാക്കി പ്രാവര്‍ത്തികമാക്കുകയാണ് "വി ഫോര്‍വേഡ് ഫ്യൂച്ചര്‍ വള്ളിക്കുന്ന് സമ്മിറ്റ്' എന്ന് പേരിട്ട വികസന കോണ്‍ക്ലേവിന്റെ ലക്ഷ്യം.
വെള്ളിയാഴ്ച രാവിലെ 10ന് ചേളാരി സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, പി.കെ. ബഷീര്‍, കെ.എം. ഷാജി, വി.ഇ. ഗഫൂര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.എ മുഹമ്മദ് റിയാസ് അടക്കമുള്ള എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ടി.വി. ഇബ്രാഹിം എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വികസന കോണ്‍ക്ലേവ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന സമ്മിറ്റില്‍ ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പരിഗണിക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളും ഭാവിയിലെ നഗരവത്കരണ സാധ്യതകളും മുന്‍നിര്‍ത്തി തയാറാക്കിയ ബൃഹദ് വികസന രേഖയുടെ അവതരണവും ചര്‍ച്ചയും നടക്കും.
വിവിധ കമ്മറ്റികളുടെ ഒരു മാസത്തെ ചര്‍ച്ചകള്‍ക്കും ജനകീയ നിര്‍ദേശങ്ങള്‍ക്കും ശേഷം രൂപപ്പെടുത്തിയ വിഷന്‍ ഡോക്യുമെന്റ് (കരട്) പ്രകാശനവും ചടങ്ങിലുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി ഡോ. വി.പി. അബ്ദുല്‍ ഹമീദ്, ചെയര്മാന് എ. കെ. അബ്ദുറഹിമാന്, കണ്‍വീനര്‍ എം.എ. അസീസ്, വീരേന്ദ്രകുമാര്‍, ഡോ. എം. വിനയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.