റാഞ്ചി: കോച്ചുകളിലെ ബ്രേക്ക് സംവിധാനം പ്രവർത്തനരഹിതമായിട്ടും മുന്നറിയിപ്പുകൾ അവഗണിച്ച് വന്ദേഭാരത് ട്രെയിൻ 463 കിലോമീറ്റർ ഓടിച്ചു. കഴിഞ്ഞ മാസം 24ന് ജാർഖണ്ഡിലെ ഹാത്തിയയിൽനിന്നു ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് ഒഴിഞ്ഞ കോച്ചുകളുമായി പോയ ട്രെയിനിലാണ് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായത്.
ഗുഡ്സ് ലോക്കോമോട്ടീവാണ് ട്രെയിൻ വലിച്ചിരുന്നത്. യാത്രയ്ക്കിടെ ബ്രേക്ക് കാര്യക്ഷമമല്ലെന്ന് ലോക്കോ പൈലറ്റുമാർ പലതവണ അധികൃതരെ അറിയിച്ചെങ്കിലും യാത്ര തുടരാൻ അനുമതി നൽകുകയായിരുന്നു. റാഞ്ചി സ്റ്റേഷനിലും മുരി സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ഉത്തർപ്രദേശിലെ ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ എത്തിയപ്പോഴാണു പരിശോധന നടത്തിയത്. എല്ലാ കോച്ചുകളിലെയും ബ്രേക്ക് സംവിധാനം വിച്ഛേദിക്കപ്പെട്ടനിലയിലാണെന്ന് അപ്പോൾ കണ്ടെത്തി. ലോക്കോമോട്ടീവിന്റെ ബ്രേക്കും റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ഉപയോഗിച്ചാണു ട്രെയിൻ ഇത്രയും ദൂരം സഞ്ചരിച്ചത്.
കോച്ച് അറ്റകുറ്റപ്പണി ജീവനക്കാർ, കൺട്രോളർമാർ, ട്രെയിൻ ജീവനക്കാർ എന്നിവരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ബ്രേക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധനയിലൂടെ ഉറപ്പാക്കാതെയാണു യാത്രയ്ക്ക് അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ദക്ഷിണ കിഴക്കൻ റെയിൽവേ നിർദേശിച്ചിട്ടുണ്ട്.