റോം: കളരിപ്പയറ്റിനെ യൂറോപ്യൻ രാജ്യങ്ങളിലും റോമിലുമൊക്കെ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു. ഇറ്റാലിയൻ സമൂഹത്തിനു മുന്നിൽ കളരിപ്പയറ്റ് എത്തിക്കാൻ ആവശ്യമായതു ചെയ്യുമെന്നും എംബസിയിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷപരിപാടിയിൽ പ്രഭാഷകനായി എത്തിയ ഗുരുക്കൾ ഡോ. എസ്. മഹേഷുമായി സംസാരിച്ച ശേഷം അവർ പ്രതികരിച്ചു.
യോഗയും കളരിപ്പയറ്റും ലോകത്തിന് ഇന്ത്യ നൽകിയ അമൂല്യ സംഭാവനകളാണെന്നും ഇവയുടെ സമന്വയം പുതിയ തലമുറയ്ക്ക് ശരിയായ ദിശയിലേക്കുള്ള വഴികാട്ടിയാകുമെന്നും എംബസി അധികൃതർ അഭിപ്രായപ്പെട്ടു.
കളരിയുടെ പ്രയോഗ സാധ്യതകളക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന് കളരി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെക്കിച്ചും ഡോ. മഹേഷ് വിശദീകരിച്ചു. എംബസിയിലെ കൾച്ചറൽ സെക്രട്ടറി ലക്ഷ്മി സ്വാമിനാഥനും സന്നിഹിതയായിരുന്നു.
"കളരിപ്പയറ്റ് ദ വേ ഓഫ് ദ വാരിയർ'എന്ന തന്റെ പുതിയ പുസ്തകം ഗുരുക്കൾ ഇരുവർക്കും സമ്മാനിച്ചു. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഇറ്റലിയിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ കളരിപ്പയറ്റിന്റെ യോഗാത്മക മുഖം അവതരിപ്പിച്ച് ഗുരുക്കൾ ശ്രദ്ധേയനായി.