റോം: കളരിപ്പയറ്റിനെ യൂറോപ്യൻ രാജ്യങ്ങളിലും റോമിലുമൊക്കെ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു. ഇറ്റാലിയൻ സമൂഹത്തിനു മുന്നിൽ കളരിപ്പയറ്റ് എത്തിക്കാൻ ആവശ്യമായതു ചെയ്യുമെന്നും എംബസിയിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷപരിപാടിയിൽ പ്രഭാഷകനായി എത്തിയ ഗുരുക്കൾ ഡോ. എസ്. മഹേഷുമായി സംസാരിച്ച ശേഷം അവർ പ്രതികരിച്ചു.
യോഗയും കളരിപ്പയറ്റും ലോകത്തിന് ഇന്ത്യ നൽകിയ അമൂല്യ സംഭാവനകളാണെന്നും ഇവയുടെ സമന്വയം പുതിയ തലമുറയ്ക്ക് ശരിയായ ദിശയിലേക്കുള്ള വഴികാട്ടിയാകുമെന്നും എംബസി അധികൃതർ അഭിപ്രായപ്പെട്ടു.
കളരിയുടെ പ്രയോഗ സാധ്യതകളക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന് കളരി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെക്കിച്ചും ഡോ. മഹേഷ് വിശദീകരിച്ചു. എംബസിയിലെ കൾച്ചറൽ സെക്രട്ടറി ലക്ഷ്മി സ്വാമിനാഥനും സന്നിഹിതയായിരുന്നു.
"കളരിപ്പയറ്റ് ദ വേ ഓഫ് ദ വാരിയർ'എന്ന തന്റെ പുതിയ പുസ്തകം ഗുരുക്കൾ ഇരുവർക്കും സമ്മാനിച്ചു. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഇറ്റലിയിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ കളരിപ്പയറ്റിന്റെ യോഗാത്മക മുഖം അവതരിപ്പിച്ച് ഗുരുക്കൾ ശ്രദ്ധേയനായി.
.jpg1781865543.jpg)
ഏകാഗ്രതയും സമതുലിതാവസ്ഥയും ആന്തരിക ശാന്തതയും വളർത്തുന്ന ചലനാത്മക യോഗ സമ്പ്രദായമായാണ് അദ്ദേഹം കളരിപ്പയറ്റിനെ വിശേഷിപ്പിച്ചത്. ഭാരത സർക്കാരിന്റെ വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ നോളജ് സിസ്റ്റത്തിന്റെ (IKS) പിന്തുണയോടെ അഗസ്ത്യം ഫൗണ്ടേഷൻ നടത്തുന്ന പഠന ഗവേഷണങ്ങളിൽ കളരിപ്പയറ്റും യോഗയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് വ്യക്തമായതായും അദ്ദേഹം വിശദമാക്കി.
ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിന് കളരിപ്പയറ്റും യോഗയും നൽകുന്ന സംഭാവനകളും അവയുടെ പൊതുവായ തത്വങ്ങളും ഗുരുക്കൾ വിശദീകരിച്ചു. കളരിപ്പയറ്റിലെ ചുവടുകളും മെയ്വഴക്കങ്ങളും യോഗാസനങ്ങളുമായി എങ്ങനെ ഇഴചേരുന്നുവെന്ന് തത്സമയ അവതരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് & ഹോളിസ്റ്റിക് ഡേ(ഐഎംഎഡി) ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് ഗുരുക്കൾ ഡോ.എസ് മഹേഷ് റോമിലെത്തിയത്. ഇക്കുറി സംഘാടകരായ യുഐകെടിയുടെ ( യൂണിയൻ ഇറ്റാലിയനാ കുംഗ്ഫു ട്രഡീഷയണലേ) ബ്രാൻഡ് അംബാസഡർ എന്ന അപൂർവ ബഹുമതിയുമായാണ് മഹേഷ് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
Tags : Kalaripayattu yoga Vani Rao