ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായയിൽ പൊതിഞ്ഞനിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ ഇന്നു കല്ലറ തുറന്ന് സംശയനിവാരണം വരുത്തും.
ഇതിനുള്ള അനുമതി തലശേരി ആർഡിഒ കോടതി ഇന്നലെ പോലീസിനു നല്കി. കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് കാണിച്ച് ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ കരിക്കോട്ടക്കരി പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു.
പരാതിയിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കരിക്കോട്ടക്കരി സിഐ എൻ. പ്രശാന്ത് കല്ലറ തുറക്കാനുള്ള അനുമതി തേടി തലശേരി ആർഡിഒ കോടതിയിൽ അപേക്ഷ നൽകിയത്.
ഈ മാസം 13ന് ഒരു സംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കംചെയ്ത നിലയിൽ ഒരു മൃതദേഹവും സമീപത്ത് പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്.
വാണിയപ്പാറയിൽ വച്ച് കാണാതായി എന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ ബന്ധുക്കൾ ഉൾപ്പെടെ കല്ലറയിലെ മൃതദേഹത്തിൽ സംശയം ഉന്നയിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.