വർക്കിച്ചന്റെ ഏകമകളാണ് ബുദ്ധിജീവിയും ഫെമിനിസ്റ്റുമായ ഏലിക്കുട്ടി. പെണ്ണ് ഡൽഹി സർവകലാപശാലയിൽ എംഎയ്ക്ക് പഠിക്കുകയാണ്. അടുത്തയിടെ അവൾക്കൊരു കല്യാണാലോചന വന്നു. വർക്കിച്ചന്റെ കൂട്ടുകാരന്റെ മകൻ ഔസേപ്പുകുട്ടിയാണ് ചെറുക്കൻ. അവനാകട്ടെ, ദൈവഭയമുള്ളവനും കർഷകപുത്രനും ഡൽഹിലെ ഒരു കമ്പനിയിൽ പ്രതിവർഷം ഇരുപത്തഞ്ചു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന സിംഹക്കുട്ടിയുമാണ്. ഏലിക്കുട്ടി വെക്കേഷന് വീട്ടിൽ വരുമ്പോൾ കല്യാണക്കാര്യം അവതരിപ്പിക്കാമെന്ന് വർക്കിച്ചനും മേരിക്കുട്ടിയും തീരുമാനിച്ചു. അങ്ങനെയിരിക്കെ, എറണാകുളത്ത് ഫെമിനിസ്റ്റ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ അഖിലലോകസമ്മേളനം നടക്കുന്നതു പ്രമാണിച്ച് ഏലിക്കുട്ടി ഉടൻ വരുന്നുണ്ടെന്ന് വിവരം കിട്ടി.
ഏലിയുടെ ആഗമനം
പറഞ്ഞതുപോലെ കൃത്യദിവസം ഏലിപ്പെണ്ണ് വീട്ടുമുറ്റത്ത് ലാൻഡ് ചെയ്തു. കുളിയും തേവാരവും കഴിഞ്ഞ് സന്ധ്യയായപ്പോൾ ഒരു പുസ്തകവുമായി അവൾ സിറ്റിംഗ് റൂമിൽ വന്നിരുന്നു. ഇന്ത്യന് ഫെമിനിസത്തിന്റെ മാതാവ് എന്നു വിളിക്കുന്ന സാവിത്രി ഫൂലെ എഴുതിയ ഒരു ബുക്കായിരുന്നു മടിയിൽ. ഇതുതന്നെ അവസരമെന്നു കരുതി വർക്കിച്ചനും മേരിക്കുട്ടിയും പൂച്ചകളെപ്പോലെ പതുങ്ങി മുറിയിലേക്ക് പ്രവേശിച്ചു. “എന്താണ് രണ്ടു പേരും പതുങ്ങി, പരുങ്ങി നിൽക്കുന്നത്? എന്നോട് പ്രത്യേകിച്ചെന്തെങ്കിലും പറയാനുണ്ടോ?” - മകൾ പുഞ്ചിരി തൂകിക്കൊണ്ട് ആരാഞ്ഞു. മേരിക്കുട്ടി ധൈര്യം സംഭരിച്ച് നേരേ വിഷയത്തിലേക്കു പ്രവേശിച്ച്, പുത്രിയുടെ സവിധത്തിൽ കല്യാണക്കാര്യം ബോധിപ്പിച്ചു. ഏലിക്കുട്ടി പെട്ടെന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ട്, പുസ്തകം മാറ്റിവച്ച് മാതാപിതാക്കളുമായി ഇപ്രകാരം സംഭാഷണം തുടങ്ങി:
ഏലിപ്പെണ്ണ് ഹൃദയം തുറക്കുന്നു
“ഞാനിപ്പോൾ കല്യാണം കഴിക്കണമെന്നോ? നിങ്ങളൊന്നും ഈ ലോകത്തല്ലേ ജീവിക്കുന്നത്? കല്യാണം, പ്രസവം, വാർധക്യം, മരണം! - ഇതാണോ, ലൈഫ്? പണ്ടേ കല്യാണം കഴിച്ച നിങ്ങളിതുവരെ സന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ടോ?” - ഏലിക്കുട്ടി ഒരു പെൺപുലിയെപ്പോലെ ഈ വിധം ചീറിയപ്പോൾ ഏഴു കടലുകളിലും ന്യൂനമർദം രൂപം കൊണ്ടു, പശ്ചിമഘട്ടത്തിൽ ഇടിയോടുകൂടിയ മഴ പൊടിഞ്ഞു. “ഒരു നല്ല ചെറുക്കനെ കെട്ടുമ്പോൾ നിന്റെ ഇത്തരം സംശയങ്ങളൊക്കെ മാറിക്കൊള്ളും!” - മാതാവായ മേരിക്കുട്ടി മകളെ സമാധാനിപ്പിച്ചു. അതു കേട്ടാൽ ഏലി വിടുമോ?
“നല്ല ചെറുക്കൻ എന്നതുകൊണ്ട് അമ്മമഹാറാണി എന്താണ് ഉദ്ദേശിക്കുന്നത്?” - അവൾ ചോദിച്ചു.
ഇതിനുത്തരമായി ഒരു നല്ല ഭർത്താവിനു വേണ്ട ഗുണഗണങ്ങൾ മേരിക്കുട്ടി വിസ്തരിച്ചു. നല്ല കുടുംബത്തിൽപ്പിറന്ന, വരുമാനവും കാര്യശേഷിയുമുള്ള ആളായിരിക്കണം അയാൾ.
“എന്റെ അപ്പന് ഈ ഗുണങ്ങളെല്ലാം ഉണ്ടോ?” - വർക്കിച്ചനെ നോക്കി ഏലിപ്പെണ്ണ് ഒരു ചോദ്യം!
ഇതു കേട്ട് വർക്കിച്ചൻ ഞെട്ടി, മേരിക്കുട്ടി നടുങ്ങി.
“അതു പോകട്ടെ, ഒരു നല്ല പെണ്ണിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?”- മകൾ വിടുന്നില്ല.
“വിശ്വസ്തയും അധ്വാനശീലയും അടുക്കളയിൽ നന്നായി വച്ചുണ്ടാക്കുകയും വീട്ടുകാര്യം നോക്കുകയും പിള്ളേരെ മാതൃകാപരമായി വളർത്തുകയും ചെയ്യുക എന്നതാണ് പെണ്ണിന്റെ ഡ്യൂട്ടി” - വർക്കിച്ചനാണ് ഇതിന് മറുപടി പറഞ്ഞത്.
“അങ്ങനെ വരട്ടെ! പുരുഷവീക്ഷണം എന്തെന്ന് ഇപ്പോൾ മനസിലായില്ലേ? വീടും കുടുംബവും പിള്ളേരും പെണ്ണിന്റെ തലയിലാണ്! പിന്നെ, ആണുങ്ങൾക്കെന്താണ് പണി?” - ഏലിപ്പെണ്ണ് ചിരിച്ചു.
“ആണുങ്ങൾ അടുക്കളപ്പണി ചെയ്താൽ നിന്റെ പ്രശ്നങ്ങൾ തീരുമോ? നീയപ്പോൾ കല്യാണത്തിന് സമ്മതിക്കുമോ?” - വർക്കിച്ചൻ ഒരു മന്തനെപ്പോലെ ദയനീയമായി ചോദിച്ചു.
ഇതോടെ ഏലിപ്പെണ്ണിന് കോപം വന്നു:
“മൈ ഡിയർ അപ്പാ! ഇങ്ങനെ പ്രശ്നങ്ങളെ ചെറുതാക്കി കാണുന്നതാണ് നിങ്ങളുടെയൊക്കെ കുഴപ്പം. അടുക്കളപ്പണി ഒരു മോശം കാര്യമാണോ? അതല്ലാതെ പെണ്ണുങ്ങൾക്ക് വേറെ എന്തെല്ലാം ശാരീരിക, മാനസിക, സാമ്പത്തിക പ്രശ്നങ്ങളുണ്ട്? അതൊക്കെ പരിഹരിച്ച് അവരുടെ കൂടെ നിൽക്കാൻ ആണുങ്ങൾ തയാറാകുന്നുണ്ടോ? ഇതൊന്നും മനസിലാക്കാതെ അടുക്കളപ്പണിയിൽ മാത്രമായി കാര്യങ്ങൾ കൊണ്ടുപോയി അവസാനിപ്പിക്കരുത്. അത് കണ്ണടച്ച് ഇരുട്ടാക്കലാണ്.”
ഏലിക്ക് ഫ്രീഡം വേണം
കാര്യങ്ങൾ ഒരു നടയ്ക്കു പോകില്ലെന്ന് വർക്കിച്ചനും മേരിക്കുട്ടിക്കും മനസിലായി. പെണ്ണുകാണാൻ ഈ ഔസേപ്പുകുട്ടി ഇങ്ങോട്ടു വരാതിരിക്കുകയാണു നല്ലത്. പയ്യൻ വന്നാൽ ഇവൾ അയാളുടെ എല്ലും മുടിയും ബാക്കിവച്ചാൽ ഭാഗ്യം! തെല്ലുസമയത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. “ഏതു ഹരിച്ഛന്ദ്രനായാലും എനിക്കിപ്പോൾ കല്യാണം വേണ്ട. അനേകം കാര്യങ്ങൾ എനിക്ക് ചെയ്തുതീർക്കാനുണ്ട്. ഇനിയും പഠിക്കണം, ജോലി കിട്ടണം.” - ഏലിപ്പെണ്ണ് ശാന്തതയോടെ നയം വീണ്ടും വ്യക്തമാക്കി.
“നിനക്കെന്തിനാണ് ജോലി? ഔസേപ്പുകുട്ടിക്ക് ശമ്പളം എത്രയുണ്ടെന്നാ നിന്റെ വിചാരം?” - മേരിക്കുട്ടി അറിയാതെ ചോദിച്ചുപോയി.
“അയാൾക്ക് ശമ്പളമുണ്ടെങ്കിൽ എനിക്കെന്തു കാര്യം? ഞാൻ എന്റെ ചെലവിനായി ആരുടെയും മുമ്പിൽ കൈനീട്ടാൻ തയാറല്ല. ഞാൻ അധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് ഞാൻ ഫ്രീഡത്തോടെ ഇഷ്ടമുള്ളതു ചെയ്യും”- ഏലി ക്ലിയറായി ഹൃദയം തുറന്നുകാട്ടി.
“ഇഷ്ടമുള്ളതെന്നു പറഞ്ഞാൽ എന്തൊക്കെയാണ്?” - മേരിക്കുട്ടി നെറ്റി ചുളിച്ചു.
“ഫ്രീഡത്തോടെ മുദ്രാവാക്യം വിളിക്കും, വേടന്റെ പാട്ടു പാടും, ബിയർ കുടിക്കും, ചിക്കനും ബീഫും കഴിക്കും, സിഗരറ്റു വലിക്കും, സിനിമകൾ കാണും, യാത്ര ചെയ്യും” - പെണ്ണ് പിന്നെയും ഫോമിലായി.
“ഇതൊക്കെ കല്യാണം കഴിഞ്ഞാലും ചെയ്യാമല്ലോ! ‘ഫ്രീഡം അറ്റ് മിഡ് നൈറ്റ്’ എന്നൊരു പുസ്തകം പോലുമുണ്ട്” - വർക്കിച്ചൻ പുത്രിയെ ആശ്വസിപ്പിക്കാൻ നോക്കി.
“അതെ! ഔസേപ്പുകുട്ടി നല്ല പയ്യനാണ്. നല്ല സിഗരറ്റും ബിയറും ചിക്കനും ബീഫും നിനക്കു വേണമെങ്കിൽ ഏതു മിഡ് നൈറ്റിലും അവൻ വാങ്ങിത്തരും.” - മേരിക്കുട്ടിയും ഭർത്താവിനോട് യോജിച്ചു.
“ആരുടെയും ദാനം വാങ്ങിക്കഴിയാനും കഴിക്കാനുമല്ല ഞാൻ ജനിച്ചിരിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധവും പുരോഗമനപരവുമായ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെ കാലമാണിത്” - ഏലി ചൊല്ലി.
വർക്കിച്ചനും ശരിക്കു ദേഷ്യം വന്നു: “നീ ഇങ്ങനെയൊക്കെപ്പറഞ്ഞാൽ ലോകത്തിന്റെ സ്ഥിതിയെന്താകും? ലോകം നിലനിൽക്കണമെങ്കിൽ ഭാര്യയും ഭർത്താവും പിള്ളേരുമടങ്ങിയ കുടുംബം വേണ്ടേ?”
“അങ്ങനെ പെണ്ണിന്റെ ചെലവിൽ ആരും കുടുംബം ഉണ്ടാക്കിയെടുക്കേണ്ട. ഈ ലോകത്ത് കുറച്ചു പേർ കല്യാണം കഴിക്കാതെ, കുടുംബമുണ്ടാക്കാതെ മാറിനിൽക്കുന്നതുകൊണ്ട് ഈ ലോകത്തിന് ഒരു ചുക്കും സംഭവിക്കില്ല” - ഏലിക്കുട്ടി മാരകമായി തിരിച്ചടിച്ചു.
“ലോകത്തെ അത്ര നിസാരമായി കാണരുത്. ലോകം നിലനിർത്താൻ മനുഷ്യന് ബാധ്യതയുണ്ട്” - മാതാവായ മേരിക്കുട്ടി ഒരു തത്വം കാച്ചി.
“പുകമഞ്ഞും ബോംബും യുദ്ധവും നിറഞ്ഞ ഈ ലോകം അല്ലെങ്കിലും അധികം കാലം നിലനിൽക്കില്ല, മമ്മി! ഈ കുഴഞ്ഞുമറിഞ്ഞ ഉലകത്തേക്ക് ഒരു കുടുംബംകൂടി വന്നിട്ട് എന്തു കാര്യം?” - മകൾ മറ്റൊരു ശരമെയ്തു.
“എന്തായാലും പെണ്ണുങ്ങളാണ് കുടുംബത്തിന്റെ വിളക്ക്. അതു മറക്കരുത്” - മേരിക്കുട്ടി അവസാനമായി ഒന്നുകൂടി സന്താനത്തെ ഉപദേശിക്കാൻ നോക്കി.
ഏലിക്കുട്ടി മറ്റൊരു തിരിച്ചടിക്ക് തയാറായി: “അതെന്താ, ആണുങ്ങൾക്ക് കുടുംബത്തിന്റെ വിളക്കാകാൻ പാടില്ലേ? പുരുഷൻ സ്ത്രീയുടെ ദേവനാകണമെങ്കിൽ സ്ത്രീ അയാളുടെ ദേവിയുമാകണം. എന്റെ അപ്പന്റെ കാര്യംതന്നെ നോക്കിയാൽ മതി. അപ്പനെ ചെറുപ്പത്തിൽ മാതാപിതാക്കൾ വളർത്തി. കല്യാണം കഴിഞ്ഞപ്പോൾ എല്ലാം ഭാര്യയുടെ തലയിലായി. അപ്പനെപ്പോലുള്ള ആണുങ്ങൾ എപ്പോഴും ജീവിതം അടിച്ചുപൊളിച്ചു. ഭാര്യക്ക് അപ്പൻ എന്തു കൊടുത്തു? പെണ്ണുങ്ങൾക്കും അപ്പനെപ്പോലെ സ്വതന്ത്രരായി നടന്നുകൂടേ? ആണുങ്ങൾക്കു മാത്രമെന്താ, കൊമ്പുണ്ടോ?”
വർക്കിച്ചൻ അറിയാതെ തലയിൽ തപ്പിനോക്കി കൊമ്പു മുളച്ചിട്ടില്ലെന്ന് ഉറപ്പിച്ചു.
ഏലിക്കുട്ടിയുടെ പ്രഖ്യാപനം
ഇതെല്ലാം കേട്ടുകൊണ്ടുള്ള മാതാപിതാക്കളുടെ നിൽപ്പു കണ്ടപ്പോൾ ഏലിക്കുട്ടിക്ക് തെല്ലു കരുണ തോന്നി. ഒരു സമന്വയത്തിന്റെ ഭാഗമായി അവൾ തന്റെ ജീവിതവീക്ഷണം ഇപ്രകാരം പ്രഖ്യാപിച്ചു: “എനിക്ക് നിങ്ങളുടെ പണവും പൊന്നും വേണ്ട! പൊന്നു നോക്കി വരുന്ന പുരുഷനെയും വേണ്ട. ഇപ്പോൾ കല്യാണം കഴിക്കാനും അടുക്കളപ്പണി ചെയ്തും പ്രസവിച്ചും ജീവിതം പാഴാക്കിക്കളയാനും എനിക്ക് സൗകര്യമില്ല. ഇനി, ഒരുകാലത്ത് കല്യാണം വേണമെങ്കിൽ അപ്പോൾ ആലാചിക്കാം. എന്തായാലും പത്തുമുപ്പതു വയസു കഴിയട്ടെ.”
“നിനക്ക് മാനസാന്തരം വരുന്ന കാലംവരെ ഞങ്ങൾ ജീവിച്ചിരിക്കുമോ? ഔസേപ്പുകുട്ടി കാത്തിരിക്കുമോ?” - വർക്കിച്ചൻ സംശയിച്ചു.
അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഏലിപ്പെണ്ണിന് വീണ്ടും ചിരി വന്നു. അവൾ പിതാവിന്റെ തോളിൽ തട്ടി മൂപ്പരെ ആശ്വസിപ്പിച്ചു: “ഞാനിപ്പോൾ പഠിച്ച് ഒരു ജോലി ഒപ്പിക്കും. നിങ്ങൾ നിങ്ങളുണ്ടാക്കിയ പൈസ അന്തസോടെ ചെലവാക്കി ജീവിതം ആഘോഷിക്കുക. ആഗ്രഹങ്ങൾ സഫലമാക്കുക. നിങ്ങൾ അങ്ങനെ ജീവിച്ചാൽ ഉടനെയെങ്ങും മരിച്ചുപോകില്ലെന്ന് ഞാൻ ഉറപ്പുതരുന്നു. പിന്നെ, എന്റെ കാര്യമോർത്ത് പേടിക്കേണ്ടന്ന് ഞാൻ പറഞ്ഞില്ലേ? മുപ്പതു വയസാകുമ്പോൾ എനിക്ക് മാനസാന്തരം വന്നുകൂടെന്നില്ലല്ലോ!”
ജീവിതദാഹം
ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ വർക്കിച്ചന് നല്ല ദാഹം തോന്നി. നാടോടുമ്പോൾ നടുവേ ഓടണമെങ്കിൽ വെള്ളം കുറെ കുടിക്കണം! ഒരു ചെറുപുഞ്ചിരി കഷ്ടപ്പെട്ട് മുഖത്തു വരുത്തിയ ശേഷം മകളെ നോക്കി അപ്പൻ പറഞ്ഞു: “നിന്റെ ബാഗിൽ ബിയർ ഇരിപ്പുണ്ടെങ്കിൽ ഇങ്ങോട്ടെടുത്തേ! ഇതെല്ലാം കേട്ടു ബോധിച്ചപ്പോൾ വല്ലാത്ത ദാഹം!”
“എനിക്കും ദാഹിക്കുന്നു!” - മേരിക്കുട്ടി പറഞ്ഞു.
[email protected]