റോം: "വസുധൈവ കുടുംബകം' എന്ന ആഗോള കാഴ്ചപ്പാടും മാനവികതയുടെയും സുസ്ഥിരതയുടെയും സന്ദേശവും ഉയർത്തിപ്പിടിച്ച് റോമിൽ സുപ്രധാന കൂടിക്കാഴ്ച. ഡോ. സഞ്ജന ജോണും മൂന്ന് തവണ നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഡോ. ബാർട്ട് എസ്. ഫിഷറും റോമിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
മാനുഷിക സേവനം, സാംസ്കാരിക നയതന്ത്രം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂടെ വിവിധ രാജ്യങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കാനുള്ള കാഴ്ചപ്പാടുകൾ കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. ആഗോള ഐക്യം, മാനവികത, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ സന്ദേശത്തിന് കൂടിക്കാഴ്ച കൂടുതൽ പ്രാധാന്യം നൽകി.
"വി ആർ ദ ന്യൂ വേൾഡ്' എന്ന ആഗോള സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്ന "ഗിവ് ലൈഫ് ഫൗണ്ടേഷൻ' (ബോൺ മാരോ രജിസ്ട്രി), "പാക്റ്റ്' (പാർ ആനന്ദ് ചാരിറ്റബിൾ ട്രസ്റ്റ്), "ബിസ്ലേരി H2O മൂവ്മെന്റ്' എന്നിവയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങളും കൂട്ടായ ലക്ഷ്യങ്ങളും ചർച്ചയായി.
"വസുധൈവ കുടുംബകം - ലോകം ഒരു കുടുംബമാണ്' എന്ന ഇന്ത്യൻ ദർശനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. ജലസംരക്ഷണം, സുസ്ഥിരത, മതസൗഹാർദം, മാനവസേവനം തുടങ്ങിയ മേഖലകളിൽ യുവാക്കളെയും സ്ഥാപനങ്ങളെയും കലാകാരന്മാരെയും സാമൂഹിക പ്രവർത്തകരെയും ഒരുമിപ്പിക്കുകയാണ് ലക്ഷ്യം.
"ജലത്തിനായി നടക്കൂ, ജീവനുവേണ്ടി നടക്കൂ' എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന ബിസ്ലേരി H2O മൂവ്മെന്റ്, ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പ്രായോഗിക പ്രവർത്തനങ്ങളിലേക്ക് എത്തിക്കാനും സുസ്ഥിരമായ ഭാവിക്കായി യുവതലമുറയെ പ്രാപ്തരാക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ മാനവികതയുടെയും ആഗോള ഐക്യത്തിന്റെയും സന്ദേശം രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് എത്തിക്കുന്നതിൽ റോമിലെ ഈ കൂടിക്കാഴ്ച സുപ്രധാന ചുവടുവയ്പ്പാണെന്ന് സംഘാടകർ അറിയിച്ചു.
അന്താരാഷ്ട്ര സഹകരണവും സാംസ്കാരിക വിനിമയവും ശക്തിപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ പാലങ്ങൾ പണിയുന്നതിനും കൂടിക്കാഴ്ച വഴിയൊരുക്കുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.