ഉളിക്കൽ: കുടിയേറ്റ ജനതയുടെ കരുത്തിന്റെയും കൂട്ടായ്മയുടെയും അടയാളമായി വട്ട്യാംതോട് പുഴയ്ക്ക് കുറുകെ നിർമിച്ച ജനകിയ പാലത്തിനു പകരം പുതിയപാലം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമാകുന്നു. ബജറ്റിൽ സർക്കാർ പാലത്തിനായി 9.5 കോടി രൂപ വകയിരുത്തിയതോടെയാണ് കുടിയേറ്റ ജനതയുടെ പാലം സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.
പതിറ്റാണ്ടുകൾക്കു മുന്പ് ജനകീയ കൂട്ടായ്മയിൽ നിർമിച്ച പാലം കാലപ്പഴക്കം കാരണം അപകടാവസ്ഥ നേരിടുകയാണ്. ജില്ലയിലെ പ്രധാന ടുറിസ്റ്റ് കേന്ദ്രമായ പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലെക്കും ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ഉൾപ്പടെയുള്ള മലയോരമേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാലം കൂടിയാണ് വട്ട്യാംതോട് പാലം.
ജനകീയ പാലം വരുന്നതിന് മുന്പ് കടത്തുതോണി ആയിരുന്നു പ്രദേശവാസികളുടെ ഏക ആശ്രയം. മഴക്കാലം ആകുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണാനായിരുന്നു ഇവിടെ പാലം പണിതത്. മണിക്കടവ്-മാട്ടറ പള്ളിയിലെ വൈദികരുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി രൂപികരിച്ചു പണം കണ്ടെത്തി നാട്ടുകാരുടെ ശ്രമദാനത്തിലൂടെയായിരുന്നു പാലം നിർമിച്ചത്.
നാട്ടുകാരുടെ ശ്രമദാനവും പിരിച്ചെടുത്തതുകയും അന്നത്തെ എംഎൽഎ കെ.സി. ജോസഫിന്റെ പരിശ്രമ ഫലമായി തദേശസ്വയം ഭരണ വകുപ്പിൽ നിന്ന് അനുവദിച്ച ഒരുലക്ഷം രൂപയും ആയിരുന്നു ആദ്യ മൂലധനം. തുടർന്ന് തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയും, ആർച്ച്ബിഷപ് എമരറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെയും പരിശ്രത്തിൽ ജർമനിയിലെ കൊളോൺ രൂപതയിൽ നിന്ന് ലഭിച്ച ഏതാണ്ട് മുന്നേമുക്കാൽ ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയായിരുന്നു പാലം നിർമാണം പൂർത്തീകരിച്ചത്. 1993 മേയ് ഒന്പതിന് അന്നത്തെ ധനകാര്യ മന്ത്രിയും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു പാലം തുറന്നു കൊടുത്തത്.
പാലം യാഥാർഥ്യമായെങ്കിലും മഴക്കാലത്തെ വെള്ളപാച്ചിലിൽ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്നത് പതിവാണ്. മലവെള്ളപ്പാച്ചിലിൽ മരങ്ങളും മറ്റും ഇടിച്ച് പാലത്തിന്റെ കൈവരികൾ തകരുകയും പാലത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.
ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയേ പാലത്തിനുള്ളൂ എന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇതോടെയാണ് പുതിയ പാലം വേണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾക്ക് നിരന്തരമായി പരാതികൾ നൽകുന്നത്. സജീവ് ജോസഫ് എംഎൽഎയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വട്ട്യാംതോട് പാലത്തിന് 9.5 കോടി രൂപ ബജറ്റിൽ അനുവദിച്ചത്.