ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിജയോത്സവം 2026 എന്ന പേരിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. റോയ് കെ. പൗലോസ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.
എസ്എസ്എൽസി പരീക്ഷ യിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 17 കുട്ടികൾക്കും പ്ലസ് ടുവിന് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ 27 കുട്ടികൾക്കും ഡിഗ്രിക്ക് മൂന്നും ഒമ്പതും റാങ്ക് ലഭിച്ച രണ്ട് വിദ്യാർഥികൾക്കുമാണ് സർട്ടിഫിക്കറ്റും മെമന്റോയും നൽകിയത്. യോഗത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പഞ്ചായത്തിലെ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ്, പോസ്റ്റർ രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും നടന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിത്സൺ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബിജു നിള, വിജി കണ്ണൻ, പ്രഭ തങ്കച്ചൻ, സിബി തകരപ്പിള്ളിൽ, ഷോബി ജെയ്സൺ, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, ടി.ഇ. നൗഷാദ്, അമ്മിണി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. സലിം തുടങ്ങിയവർ പ്രസംഗിച്ചു.