മാന്ദാമംഗലം : വെള്ളക്കാരിത്തടത്ത് പട്ടാപകൽ ജനവാസമേഖലയോട് ചേർന്ന് ഒറ്റയാനിറങ്ങി. വീടുകൾക്ക് അടുത്തുവരെ കാട്ടാന എത്തിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. കാട്ടാന വീടിനുസമീപത്തേക്ക് എത്തിയതോടെ കുട്ടികളെയും പ്രായമായവരെയും പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയാണ്. മേഖലയിൽ മാസങ്ങളായി തുടരുന്ന കാട്ടാനശല്യം പരിഹരിക്കാൻ അധികൃതർക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ജൂൺ 27ന് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. വെള്ളക്കാരിത്തടം, മാന്ദാമംഗലം, മരോട്ടിച്ചാൽ, താമര വെളളച്ചാൽ, ചെന്നായ്പാറ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായി തുടരുന്നത്. നേരത്തെ വനാതിർത്തിയിലെ കൃഷിയിടങ്ങളിൽ മാത്രം ഒതുങ്ങിനിന്ന കാട്ടാനകൾ ഇപ്പോൾ വീടുകളുടെ പരിസരത്തുവരെ എത്തുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. സോളാർ ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും ആർആർടി സംവിധാനം ശക്തിപ്പെടുത്തണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.