തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു സിപിഎം കേന്ദ്ര കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ അവലോകന റിപ്പോർട്ടിലെ പരമർശങ്ങളിൽ പലതും അതേപടി സംസ്ഥാനത്തെ റിപ്പോർട്ടിലും ഇടംപിടിച്ചു.
അടുത്ത ദിവസങ്ങളിൽ കോഴിക്കോട്ട് ചേരുന്ന പ്രത്യേക സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന റിപ്പോർട്ടിൽ ന്യൂനപക്ഷങ്ങൾ അകന്നതും വെള്ളാപ്പള്ളി നടേശനോടു പുലർത്തിയ മൃദുസമീപനവും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തു കഴിഞ്ഞ പത്തുവർഷം ബിജെപിക്കു രാഷ്ട്രീയമായി വലിയ വളർച്ച ഉണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ശബരിമല നിലപാട് ഭൂരിപക്ഷ വോട്ടുകൾ അകറ്റി
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ഭൂരിപക്ഷ സമുദായത്തെ പാർട്ടിയുമായി അകറ്റി. അതുവരെ എൻഎസ്എസുമായി നല്ല ബന്ധത്തിലായിരുന്നു. പ്രാദേശികമായി കരയോഗങ്ങൾ സർക്കാരിനും പാർട്ടിക്കും എതിരായി. ഇതും തെരഞ്ഞെടുപ്പിൽ ദോഷമായി ബാധിച്ചുവെന്നും, മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു വിശദമായി പരിശോധിച്ചാൽ ഇതിന്റെ ഗുണം യുഡിഎഫിനു മാത്രമല്ല ബിജെപിക്കും ലഭിച്ചുവെന്നു മനസിലാക്കാൻ സാധിക്കുമെന്നും പ്രത്യേക അവലോകന രേഖയിൽ പറയുന്നു.
ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ അനവസരത്തിലുള്ളതായിരുന്നു. വെള്ളാപ്പള്ളി ഇത്തരം പരാമർശങ്ങൾ നടത്തിയപ്പോഴെല്ലാം തള്ളിപ്പറയാൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ തയാറായില്ല. ഇത് വെള്ളാപ്പള്ളിക്കു ള്ള പിന്തുണയായി ജനങ്ങൾ വ്യാഖ്യാനിച്ചു. ഇതും ന്യൂനപക്ഷങ്ങൾ അകലാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ വെള്ളാപ്പള്ളിയെയും സമുദായ നേതാക്കളെയും ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതി ദോഷമല്ലാതെ ഗുണകരമായില്ലെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.
അയ്യപ്പ സംഗമവും നേതൃനിലപാടും
തെരഞ്ഞെടുപ്പുതോൽവിക്കു ശേഷം പാർട്ടി കീഴ്ഘടകങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണു വെള്ളാപ്പള്ളി നടേശനെതിരേ ഉണ്ടായത്. കൂടാതെ അയ്യപ്പ സംഗമം നടത്തിയതും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കാറിൽ കയറ്റി കൊണ്ടുപോയതുമൊക്കെ പ്രത്യേക സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന പുതിയ റിപ്പോർട്ടിലും ഇടംപിടിച്ചിട്ടുണ്ട്.
ബിജെപിയുടെ വളർച്ച ഗൗരവമായി കാണണം
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മൂന്നു സീറ്റ് ലഭിച്ചതു ഗൗരവമായി കാണണം. ബിജെപി വിജയിച്ച മൂന്നു സീറ്റും നേരത്തേ ഇടതുപക്ഷത്തിനൊപ്പമായിരുന്നു.
തിരുവനന്തപുരം കോർപ റേഷൻ ഭരണം നാൽപതു വർഷത്തിനു ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണത്തിലേക്കു പോയതു വലിയ തിരിച്ചടിയാണ്. ഇതു ജില്ലയിലെ മുതിർന്ന നേതാക്കൾക്കുൾപ്പടെ മുൻകൂട്ടി അറിയാമായിരുന്നുവെന്നത് തെരഞ്ഞെ ടുപ്പ് തോൽവിക്കു ശേഷമുള്ള ചർച്ചകളിലാണ് മനസിലായത്.
സൂചനകൾ ഉണ്ടായിരുന്നിട്ടും ബിജെപിയുടെ വിജയം തടയാനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തിയില്ല.
വാർഡുകളിൽ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിലും ഗുരുതരമായ പാളിച്ചകൾ ഉണ്ടായെന്നും നേതാക്കൾ വീതംവച്ചു സ്ഥാനാർഥികളെ കണ്ടെത്തിയെന്നുമുള്ള ഗുരുതരആക്ഷേപവും റിപ്പോർട്ടിലുണ്ട്.
അയ്യപ്പസംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗം വായിച്ചത് ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം നൽകാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.സ്വർണക്കടത്ത് കേസ് ഹിന്ദു വോട്ടുകളെ ബാധിച്ചു
ശബരിമലയിലെ സ്വർണത്തട്ടിപ്പു കേസിൽ പാർട്ടി നേതാക്കളായ ബോർഡ് പ്രസിഡന്റുമാർ ജയിലിലായത് ഹിന്ദുവോട്ടുകൾ ഗണ്യമായി കുറയാൻ കാരണമായി. കാലാകാലങ്ങളിൽ ഇടതുപക്ഷത്തിനു ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളാണു ഇതുമൂലം നഷ്ടപ്പെട്ടതെന്നും പുതിയ റിപ്പോർട്ടിലുണ്ട്.