തിരുവനന്തപുരം : പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ എ.എൻ.ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന വർഗീയതയ്ക്കു വളം വയ്ക്കുന്നതാണെന്നു സിപിഎം.
ഷംസീറിനു ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു സാമൂഹ്യ മാറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിഭജിച്ചു കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന് എസ്എൻഡിപി വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദർശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് എസ്എൻഡിപി പ്രവർത്തിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് രൂപപ്പെടുന്നതിന് ഈ നിലപാടു നൽകിയ സംഭാവന വളരെ വലുതാണ്.
ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളിയിൽ നിന്നും ഉണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.